പാടശേഖരങ്ങളിൽ കരിഞ്ചാഴി; ജാഗ്രത വേണമെന്നു കീടനിരീക്ഷണകേന്ദ്രം

കുട്ടനാട്: കുട്ടനാട്ടിൽ രണ്ടാംകൃഷിയിറക്കിയ പാടശേഖരങ്ങളിൽ കരിഞ്ചാഴിയുടെ സാന്നിധ്യം കാണപ്പെട്ടതായി മങ്കൊമ്പ് കീടനിരീക്ഷണകേന്ദ്രം. എടത്വാ, നെടുമുടി പഞ്ചായത്തുകളിൽ നടത്തിയ പരിശോധനയിലാണ് വിവരം ലഭിച്ചതെന്ന് അധികൃതർ പറഞ്ഞു. കൃഷിയിടത്തിലിറങ്ങിനോക്കി കീടസാന്നിധ്യം ഉറപ്പിച്ചതിനുശേഷം മാത്രം നിയന്ത്രണനടപടികൾ സ്വീകരിക്കണം. കർഷകർ കൃഷിയിടങ്ങളിൽ നിരന്തരം നിരീക്ഷണം നടത്തണം. കരിഞ്ചാഴിസാന്നിധ്യം കണ്ടാൽ മങ്കൊമ്പ് സംസ്ഥാന കീടനിരീക്ഷണകേന്ദ്രവുമായി ബന്ധപ്പെടണം. തണ്ടുതുരപ്പന്റെയും എലിവെട്ടിന്റെയും സമാനമായ ലക്ഷണങ്ങൾകണ്ടാൽ കരിഞ്ചാഴി ആക്രമണം സംശയിക്കാം.
ആദ്യംകണ്ടത് 15 വർഷംമുൻപ്
2009-ലെ രണ്ടാംകൃഷിക്കാലത്ത് കുട്ടനാട്ടിൽ നീലംപേരൂർ പഞ്ചായത്തിലെ കൈനടി കിഴക്കുംപുറം പാടശേഖരത്തിലാണ് ആദ്യമായി കരിഞ്ചാഴി ആക്രമണം റിപ്പോർട്ടുചെയ്യപ്പെട്ടത്. തുടർന്നിങ്ങോട്ട് പല സീസണിലും ആക്രമണമുണ്ടായിട്ടുണ്ട്. വെളുത്ത വാവിനും അതിനടുത്തുമുള്ള ദിവസങ്ങളിൽ കരിഞ്ചാഴികളെ കൂടുതലായി കാണാൻസാധിക്കും. സംയോജിത നിയന്ത്രണമാർഗങ്ങൾ അനുവർത്തിച്ച് കീടനിയന്ത്രണം സാധ്യമാക്കാമെന്ന് മങ്കൊമ്പ് കീടനിരീക്ഷണകേന്ദ്രം അറിയിച്ചു.
ആക്രമണം രാത്രിയിൽ
പകൽസമയങ്ങളിൽ മണ്ണിനടിയിൽ ഒളിച്ചിരിക്കുന്ന കീടങ്ങൾ രാത്രികാലങ്ങളിലാണ് നീരൂറ്റിക്കുടിക്കുന്നത്. അതിനാൽ ഇവയെ പെട്ടെന്നു കണ്ടുപിടിക്കാൻ പ്രയാസമാണ്. ഈർപ്പമുള്ള പ്രദേശങ്ങളിലാണ് കരിഞ്ചാഴിയുടെ സാന്നിധ്യം കൂടുതലായി കാണുന്നത്. നെൽച്ചെടിയുടെ ചുവട്ടിലിരുന്നു നീരൂറ്റിക്കുടിക്കുന്നതുമൂലം നെൽച്ചെടികൾ കരിഞ്ഞുപോകും.
വിള നശിക്കും
നെല്ലിനു കതിരുവന്നശേഷം ഒരു നെൽച്ചെടിയുടെ ചുവട്ടിൽ 10 കരിഞ്ചാഴികളുണ്ടെങ്കിൽ 35 ശതമാനംവരെ വിളനഷ്ടമാണ് ഫലം. വിളയുടെ ആരോഗ്യവും പ്രതിരോധശേഷിയുമനുസരിച്ച് നഷ്ടത്തിൽ വ്യത്യാസം സംഭവിക്കാം. വിളയുടെ ആദ്യഘട്ടങ്ങളിലെ കീടബാധ വിളനഷ്ടത്തിനു കാരണമാകില്ലെന്നാണു വിലയിരുത്തൽ.
താറാവുകളെ ഇറക്കി പ്രതിരോധിക്കാം
• കൃഷിയിടങ്ങളിൽ താറാവിനെ ഇറക്കിയാൽ കീടസംഖ്യ നല്ലതോതിൽ നിയന്ത്രിക്കാം.
• നെൽച്ചെടിയുടെ ചുവടു മുങ്ങുംവിധം പാടത്തിൽ വെള്ളം കയറ്റിയിട്ടാൽ കീടങ്ങൾ മുകളിലേക്കു കയറുകയും പക്ഷികൾക്ക് ആഹാരമാകുകയും ചെയ്യും.
• പരാദികളായ വിവിധയിനം വണ്ടുകളും ചിലന്തികളും കരിഞ്ചാഴിയെ അകത്താക്കും. അതിനാൽ രാസകീടനാശിനിപ്രയോഗം പാടില്ല.
• വിളക്കുകെണിയിൽ കുരുക്കാൻ സാധിക്കും.
• വിവിധയിനം മിത്രക്കുമിളുകൾ ഫലപ്രദമാണ്.
കീടബാധ കണ്ടാൽ ബന്ധപ്പെടേണ്ട നമ്പരുകൾ
ചമ്പക്കുളം, പുളിങ്കുന്ന്- 9567819958
നെടുമുടി- 8547865338
കൈനകരി- 9961392082
എടത്വാ- 9633815621
തകഴി- 9496764141
ആലപ്പുഴ- 7034342115
കരുവാറ്റ- 8281032167
പുന്നപ്ര- 9074306585
അമ്പലപ്പുഴ- 9747731783
പുറക്കാട്- 9747962127
Content Highlights: pest in paddy fields pest control center calls for caution