700 കടന്ന് കുരുമുളക് വില; ആഗോള വിപണിയിലും കുതിപ്പ്

മട്ടാഞ്ചേരി: നീണ്ട ഇടവേളയ്ക്കുശേഷം കുരുമുളക് വില കിലോയ്ക്ക് 700 രൂപ കടന്നു. ഗാർബിൾഡ് കുരുമുളകിന് 705 രൂപയാണ് വ്യാഴാഴ്ചത്തെ വില. അൺഗാർബിൾഡിന്റെ വില 685 രൂപയാണ്. മൂന്നു ദിവസത്തിനകം കിലോയ്ക്ക് 45 രൂപയാണ് വർധിച്ചത്. അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ കുതിപ്പാണിത്.
2014-ൽ കുരുമുളക് വില കിലോയ്ക്ക് 750 രൂപ വരെയായി ഉയർന്നിരുന്നു. അതിനുശേഷം തുടർച്ചയായി വില ഇടിയുകയായിരുന്നു. അന്താരാഷ്ട്ര വിപണിയിലും കുരുമുളക് വില ഉയരുകയാണ്. അതിന്റെ പ്രതിഫലമാണിതെന്ന് കച്ചവട സമൂഹം പറയുന്നു. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ മുളകിന്റെ വില ടണ്ണിന് 9,200 ഡോളറായി ഉയർന്നിരിക്കുകയാണ്. വിയറ്റ്‌നാം മുളകിന്റെ വില 8,200 ഡോളറാണ്.
ശ്രീലങ്കയിൽ വിളവെടുപ്പ് കാലമാണെങ്കിലും അവിടെ നിന്നുള്ള കുരുമുളകിൽ ജലാംശവും പൂപ്പലും കാണുന്നതിനാൽ ഇറക്കുമതി കുറഞ്ഞിട്ടുണ്ട്. എന്നിട്ടും ശ്രീലങ്കൻ മുളകിന്റെ വില 7,800 ഡോളറാണ്.
ഇൻഡൊനീഷ്യൻ കുരുമുളകിന് 8,500 ഡോളറും ബ്രസീലിയൻ മുളകിന് 8,000 ഡോളറുമാണ് വില. വില ഉയർന്നതിനാൽ മറ്റ് രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി കുറഞ്ഞിരിക്കുകയാണ്.
Content Highlights: Pepper price crossed 700