ഓണക്കാല പച്ചക്കറിവില നിയന്ത്രണം: കാർഷിക വിവരശൃംഖലയിൽ 216 വിപണികൾ

#സ്വന്തം ലേഖകൻ
പ്രതീകാത്മക ചിത്രം| ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം| ഫോട്ടോ: മാതൃഭൂമി

പാലക്കാട്: സംസ്ഥാനത്തെ പച്ചക്കറിവ്യാപാര കേന്ദ്രങ്ങളെ കോർത്തിണക്കി വിപുലമായ കാർഷികവിവര ശൃംഖലയൊരുങ്ങുന്നു. വിലക്കയറ്റമുണ്ടാകുന്ന ഓണക്കാലത്തടക്കം വിപണിയിടപെടൽ കാര്യക്ഷമമാക്കുന്നതിനാണ് നടപടി. കൃഷി ഡയറക്ടറേറ്റ് മുൻകൈയെടുത്ത് തയ്യാറാക്കുന്ന സംവിധാനത്തിൽ സംസ്ഥാനത്തെ 216 വിപണികളിലെ വിവരങ്ങൾ നേരിട്ട് ലഭ്യമാവും.

കൃഷി ഡയറക്ടറേറ്റിലെ വിലനിയന്ത്രണ സെല്ലിലെ വിവരങ്ങൾക്കുപുറമേ ആനയറ, നെടുമങ്ങാട്, മരട്, മൂവാറ്റുപുഴ, വെങ്ങേരി, സുൽത്താൻ ബത്തേരി എന്നീ ആറ്‌ മൊത്തവ്യാപാര കേന്ദ്രങ്ങളിൽനിന്നുള്ള വിവരങ്ങൾ ഇതിന്റെ ഭാഗമാവും.

വിവിധ ജില്ലകളിൽ വിലനിലവാരത്തെ സ്വാധീനിക്കുന്ന 92 പച്ചക്കറി വിപണികളുണ്ട്. ഇവിടെനിന്നുള്ള വിവരങ്ങൾക്ക് പുറമേ വി.എഫ്.പി.സി.കെ.യുടെ 117 മുൻനിര വ്യാപാര കേന്ദ്രങ്ങളിലെ വിവരങ്ങളും ഉൾപ്പെടുത്തിയാണ് നെറ്റ്‌വർക്ക് സംവിധാനം തയ്യാറാക്കുക.

300 ഇനം കാർഷികോത്പന്നങ്ങളുടെ വിലവിവരങ്ങൾ തരംതിരിച്ച് ലഭ്യമാക്കും. വിവിധ ഇനങ്ങളിലെ 2,000-ത്തിലേറെ തരം ഉത്പന്ന വിവരങ്ങൾ ശേഖരിക്കുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് കൃഷിവകുപ്പ് ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.

മാസംതോറും കുറഞ്ഞത് 21 ദിവസത്തെ വിലവിവരം വിശകലനത്തിനായി ശേഖരിക്കും. വിലക്കയറ്റമോ ക്ഷാമമോ ശ്രദ്ധയിൽപ്പെട്ടാൽ ഇടപെടലുണ്ടാവും. വിവരങ്ങളുടെ കൃത്യത ഉറപ്പുവരുത്തുന്നതിനായി ഓരോയിടത്തും പ്രത്യേക കളക്ഷൻ ഏജന്റുമാരെ പ്രതിഫലം നൽകി നിയോഗിക്കും.

നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിന്റെ (എൻ.ഐ.സി.) അഗ്രിമാർക്കറ്റ് നെറ്റ് വഴി വിവരങ്ങൾ കർഷകർക്കും ഗുണഭോക്താക്കൾക്കും മൊബൈൽ ഫോണിലൂടെ ലഭ്യമാക്കും. വിപണിയിടപെടൽ ആവശ്യമുള്ള ഇടങ്ങളിൽ കർഷകരിൽ നിന്ന് നേരിട്ട് ശേഖരിക്കും.

ബ്ലോക്ക്തല ഫെഡറേറ്റഡ് ക്ലസ്റ്ററുകൾ, ഇക്കോ ഷോപ്പുകൾ, ‘എ’ ഗ്രേഡ് ക്ലസ്റ്റർ വിപണികൾ, ആഴ്ചച്ചന്തകൾ, വഴിയോരച്ചന്തകൾ, ഗ്രാമച്ചന്തകൾ, പ്രീമിയം ഔട്ട് ലെറ്റുകൾ എന്നിവയടങ്ങുന്നതാണ് വിപണിശൃംഖല. കൂടാതെ വി.എഫ്.പി.സി.കെ.യുടെ 295 സ്വാശ്രയ കർഷകസമിതികളുടെ സേവനവും ആവശ്യമുള്ള ഇടങ്ങളിൽ വിന്യസിക്കുമെന്ന് അധികൃതർ പറഞ്ഞു.

Content Highlights: Onam Vegetable Price Control