മലയോരം ജാതിക്കൃഷി കൈവിടുമോ...?; തിരിച്ചടിയായി വിലയിടിവ്

തൃശ്ശൂർ: മലയോരമേഖലയുടെ പ്രധാന കാർഷിക വിളയായ ജാതിയുടെ ഉത്പാദനം കുറഞ്ഞതിനൊപ്പം വില കുത്തനെ ഇടിഞ്ഞതും കർഷകരുടെ പ്രതീക്ഷയ്ക്ക് തിരിച്ചടിയായി. ജാതിക്ക, ജാതിപത്രി സീസൺ ആരംഭിച്ചതോടെ കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടയിൽ വില കിലോഗ്രാമിന് 75 രൂപ വരെയാണ് കുറഞ്ഞത്. കനത്ത ചൂടും പിന്നാലെയെത്തിയ തോരാമഴയുമാണ് തിരിച്ചടിയായത്. മുൻവർഷത്തെ അപേക്ഷിച്ച് ജാതിക്കയ്ക്ക് കിലോയ്ക്ക് 100 രൂപയും ജാതിപത്രിക്ക് 300-350 രൂപയും വില ഇടിഞ്ഞിട്ടുണ്ട്. നിലവിൽ 230 - 250 രൂപയ്ക്കാണ് ചെറുകിട കച്ചവടക്കാർ ജാതിക്ക വാങ്ങുന്നത്. ജാതിപത്രിയുടെ വില 1200 രൂപ വരെയായി.
കാലാവസ്ഥാ വ്യതിയാനത്തിൽ ഉത്പാദനം കുറഞ്ഞതോടെ നഷ്ടക്കണക്കാണ് കർഷകർ നിരത്തുന്നത്. പതിവില്ലാതെ പെയ്ത തോരാമഴ കായപൊഴിച്ചിൽ ഇരട്ടിയാക്കി. ജാതിപത്രിയും കായയും മൂപ്പെത്തും മുമ്പേ പൊഴിഞ്ഞുവീഴുന്നു.
ഇലപൊഴിച്ചിൽ, ചീക്ക് രോഗങ്ങളും വ്യാപകമായിട്ടുണ്ട്. വേനലിൽ ജാതിമരങ്ങൾക്ക് ഉണക്ക് ബാധിച്ചത് വരുംവർഷങ്ങളിലെ ഉത്പാദനത്തെ ബാധിക്കുമെന്ന ആശങ്കയുമുണ്ട്. മഴ മാറാതെ നിൽക്കുന്നതിനാൽ ജാതിക്കയും ജാതിപത്രിയും ഉണക്കിയെടുക്കുന്നതും വെല്ലുവിളിയാണ്. ഫംഗസ് ബാധിക്കുമെന്നതിനാൽ സൂക്ഷിച്ചു വയ്ക്കാനുമാവില്ല.
മേയ് -ജൂലായ് മാസങ്ങളാണ് സംസ്ഥാനത്തെ ജാതിക്ക ഉത്പാദന സീസൺ. ഇക്കുറി സീസൺ തുടങ്ങിയപ്പോൾത്തന്നെ വില താഴേക്കുപോയി. വിദേശവിപണിയിൽനിന്ന് ജാതിക്ക എത്തിയതും ആവശ്യം കുറഞ്ഞതും വിലയിടിവിന് കാരണമായതായി വ്യാപാരികൾ പറയുന്നു. വില വീണ്ടും കുറയാനാണ് സാധ്യതയെന്നാണ് വിപണിയിൽനിന്നുള്ള സൂചന.
അപ്രതീക്ഷിതമായി എത്തിയ കനത്ത മഴയാണ് കർഷകരെ ബാധിച്ചത്. ഇതിനൊപ്പം വിലയിടിഞ്ഞതും തിരിച്ചടിയായി. വെള്ളക്കെട്ടിൽ ജാതിമരങ്ങൾ വ്യാപകമായി നശിച്ചിട്ടുണ്ട്. വേണ്ടത്ര വെയിൽ കിട്ടാത്തതിനാൽ അടുത്ത വർഷത്തേക്ക് കർഷകർക്ക് കായ്‌ക്കളും പത്രിയും ശേഖരിച്ചുവയ്ക്കാനാകില്ല. -പി. പത്രോസ് പീറ്റർ ജാതി കർഷകൻ
ഇന്ത്യ, ശ്രീലങ്ക, പപ്പുവ ന്യൂഗിനിയ തുടങ്ങിയ രാജ്യങ്ങളിലാണ് ജാതിക്കൃഷി വ്യാപകമായുള്ളത്. എറണാകുളം, തൃശ്ശൂർ, കോട്ടയം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് സംസ്ഥാനത്ത് പ്രധാനമായും ജാതിക്കൃഷി ചെയ്യുന്നത്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ജാതിക്കയുടെ പ്രിയം കുറഞ്ഞതിനൊപ്പം കയറ്റുമതിയും ഇടിഞ്ഞിട്ടുണ്ട്. ഡൽഹി, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിലേക്കാണ് ജാതിക്ക കയറ്റി അയയ്ക്കുന്നത്. ഗൾഫ് രാജ്യങ്ങളിലേക്കും കയറ്റുമതിയുണ്ട്.
Content Highlights: nutmeg farmers in crisis