പേരിൽ സ്ട്രോബെറി പാർക്ക്; കണികാണാനില്ലാതെ സ്ട്രോബെറി, ലക്ഷങ്ങളുടെ നഷ്ടം

മൂന്നാർ: സ്ട്രോബെറി കൃഷി കാണുന്നതിനും പഴങ്ങൾ നേരിട്ട് വാങ്ങുന്നതിനുമായി ഒട്ടേറെ വിനോദസഞ്ചാരികളാണ് ഹോർട്ടികോർപ്പിന്റെ മൂന്നാറിലെ സ്ട്രോബെറി പാർക്കിൽ എത്തിയിരുന്നത്. സ്ട്രോബെറി ഉപയോഗിച്ച് നിർമിക്കുന്ന മൂല്യവർധിത ഉത്പന്നങ്ങൾക്കും ആവശ്യക്കാരേറെയായിരുന്നു. എന്നാൽ, പാർക്കിൽ സ്ട്രോബെറി കൃഷി അവസാനിപ്പിച്ചതോടെ എല്ലാം നിലച്ചു. ഇതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് ഹോർട്ടികോർപ്പിനുണ്ടായത്.
2020 ഫെബ്രുവരിയിലാണ് മൂന്നാർ ടൗണിൽനിന്ന് രണ്ടുകിലോമീറ്റർ അകലെ സൈലന്റ്വാലി റോഡിലെ ഹോർട്ടികോർപ്പിന്റെ സ്ഥലത്ത് സ്ട്രോബെറി പാർക്ക് പ്രവർത്തനമാരംഭിച്ചത്. പാർക്കിലെ സെയിൽസ് ഔട്ട്ലെറ്റിലൂടെ വിറ്റിരുന്ന പഴങ്ങൾക്ക് കിലോയ്ക്ക് 600 രൂപ വരെ ലഭിച്ചിരുന്നു. ഈ രീതിയിൽ വർഷം 10 ലക്ഷം രൂപയിലധികം വരുമാനം നേടാൻ കഴിഞ്ഞിരുന്നു. സ്ട്രോബറി മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റിയും വിൽപ്പന നടത്തിയിരുന്നു. കൂടാതെ, പാർക്കിൽ പ്രവേശന ഫീസും ഈടാക്കിയിരുന്നു. ഇതിലൂടെയും അധിക വരുമാനം നേടാൻ ഹോർട്ടികോർപ്പിന് കഴിഞ്ഞിരുന്നു.
2023 പകുതിയോടെയാണ് പാർക്കിൽ സ്ട്രോബെറി കൃഷി അവസാനിപ്പിച്ചത്. 20,000 തൈകളാണ് ഒരു സീസണിലെ കൃഷിക്ക് വേണ്ടിയിരുന്നത്. 2023 അവസാനം 5000 തൈകൾ വാങ്ങുന്നതിനുള്ള പണം മാത്രമാണ് ഹോർട്ടികോർപ്പിന് അനുവദിച്ചത്. ഇത് ലാഭകരമല്ലാതെ വന്നതോടെയാണ് കൃഷി അവസാനിപ്പിച്ചത്. ഇതിനുശേഷം കൃഷിക്കായി സർക്കാർ പണം അനുവദിച്ചിരുന്നില്ല. ഇതോടെ കൃഷിയും സ്ട്രോബറി ഉപയോഗിച്ച് മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കുന്ന യൂണിറ്റും നിർത്തലാക്കി. ഇതോടെയാണ് വിനോദസഞ്ചാരികൾ പൂർണമായും സ്ട്രോബെറി പാർക്കിനെ കൈയൊഴിഞ്ഞത്. നിലവിൽ സ്ട്രോബറി കൃഷി കാണുന്നതിനായി സഞ്ചാരികൾക്ക് മൂന്നാറിൽനിന്ന് 50 കിലോമീറ്ററിലേറെ സഞ്ചരിച്ച് കാന്തല്ലൂർ, വട്ടവട പ്രദേശങ്ങളിൽ എത്തേണ്ട സാഹചര്യമാണ്.
സ്ട്രോബെറി പാർക്ക് വിനോദസഞ്ചാരമേഖലയ്ക്കും വൻ നേട്ടമായിരുന്നു. പാർക്കിൽ ഇപ്പോൾ പച്ചക്കറിക്കൃഷി നടത്തുന്നുണ്ട്. കൂടാതെ, പച്ചക്കറികൾ വൃത്തിയാക്കി പായ്ക്ക്ചെയ്ത് വിപണിയിലെത്തിക്കുന്ന യൂണിറ്റും പ്രവർത്തിക്കുന്നുണ്ട്.
Content Highlights: Munnar`s popular Strawberry Park has shut down, resulting in significant losses for Horticorp