9 മാസത്തിനുള്ളിൽ മികച്ച വരുമാനം; മുറ്റത്തും ടെറസിലും താമര വിരിയിച്ച് ഇൻഫോപാർക്ക് ജീവനക്കാരി

മെലാനി താമരക്കൃഷിയിടത്തില്‍ | Photo: Mathrubhumi
മെലാനി താമരക്കൃഷിയിടത്തില്‍ | Photo: Mathrubhumi

ഇടുക്കി രാജമുടി സ്വദേശിനി മെലാനി ഷിബു(24)വിന്റെ വീട്ടുമുറ്റം നിറയെ താമരപ്പൂക്കളാണ്. വീട്ടുമുറ്റത്തും ടെറസ്സിലും താമരപ്പൂക്കൾ ഇതൾ വിടർന്ന് നിൽക്കുന്നു. അതിനൊപ്പം വിവിധയിനം ആമ്പൽപൂക്കളുമുണ്ട്. ഇത് ചേലാട്ടെന്ന ഈ വീടിനെ സുന്ദരമാക്കുക മാത്രമല്ല, ചെറുതല്ലാത്തൊരു വരുമാനംകൂടി നേടിക്കൊടുക്കുന്നുണ്ട്.

പൂക്കളാണ് കാരണക്കാരെന്ന് കരുതിയാൽ തെറ്റി. ആരും കാണാതെ വെള്ളത്തിനടിയിൽ കിടക്കുന്ന താമരയുടെ കിഴങ്ങുകളാണ് അതിന് പിന്നിൽ. വ്യത്യസ്തയിനം താമര വീടുകളിൽ വെച്ചുപിടിപ്പിക്കാൻ ആവശ്യക്കാർ ഏറെയുണ്ട്. ഇവരിലൂടെയാണ് വിപണി കണ്ടെത്തുന്നത്. സാധാരണയായി താമരച്ചെടികൾ ഇടുക്കിയുടെ ഹൈറേഞ്ചിൽ വേരുപിടിക്കാൻ അൽപ്പം പാടാണ്. ആ പ്രതിസന്ധിയെ എല്ലാം മറികടന്നാണ് വീട്ടുമുറ്റത്തും ജീവിതത്തിലും താമര വിരിയിച്ചത്.

ആദ്യം ഹോബി,പിന്നെ വരുമാനം

ഇൻഫോപാർക്ക് ന്യുയോർക്ക് ടെക്നോളജീസിലെ ജീവനക്കാരികൂടിയായ മെലാനിക്ക് താമരപ്പൂ വളർത്തുന്നത് ആദ്യമൊരു ഹോബിയായിരുന്നു. പിന്നെയാണ് താമരയ്ക്ക് വ്യത്യസ്ത ഇനങ്ങളുണ്ടെന്നും അതിന് കേരളത്തിൽത്തന്നെ ആവശ്യക്കാരുണ്ടെന്നും മനസ്സിലാക്കുന്നത്. കർണ, കാവേരി, ജൂലിയറ്റ്, സുഭദ്ര, ലക്ഷ്മി തുടങ്ങി നിറവുംഗുണവും അനുസരിച്ച് അഞ്ഞൂറോളം താമരയിനങ്ങളുണ്ട്. ഇതോടെ ഹോബിക്കപ്പുറം വരുമാനമാക്കി മാറ്റിയാലോ എന്ന ആലോചന വന്നു. പലയിടത്തുനിന്ന് താമരവിത്തുകൾ ശേഖരിച്ചു. അധികം മുതൽമുടക്കാതെ വലിയ ചട്ടികൾ ശേഖരിച്ച് താമരക്കുളങ്ങളാക്കി. താമരവിത്തുകൾ വളരാനുള്ള സാഹചര്യമൊരുക്കി. ഓരോ വെറൈറ്റി അനുസരിച്ച് മൂന്നോ, നാലോ മാസമെടുക്കും കിഴങ്ങുകൾ പൂർണ വളർച്ചയെത്താൻ.

ചട്ടികൾ പൊട്ടിച്ച് വേണം കിഴങ്ങെടുക്കാൻ. ഇൻസ്റ്റഗ്രാമിൽ മിസ്റ്റിക് ബ്ലൂംസ് എന്നൊരു പേജ് വഴിയാണ് വിൽപ്പന. കേരളത്തിന് പുറത്തുനിന്ന് വരെ ആളുകൾ 'വെറൈറ്റി' ചോദിച്ചെത്തും. ഒരു കിഴങ്ങിന് 350 രൂപ വരെ ലഭിക്കും. പാഴ്സലായാണ് അയച്ചുനൽകുന്നത്. ഇതോടെ ആമ്പലും കൃഷിചെയ്തുതുടങ്ങി. ഒൻപത് മാസത്തിനുള്ളിൽ മികച്ച വരുമാനം ലഭിച്ചെന്ന് മെലാനി പറയുന്നു. ചൂട് കാലാവസ്ഥയാണ് സാധാരണ ആമ്പൽ വളരുന്നതിന് അനുയോജ്യമായത്. പൊതുവേ തണുപ്പുള്ള ഇടുക്കിയിൽ ഇത് വളർന്നത് ഭാഗ്യമായാണ് കാണുന്നത്.

കർഷകനും ഫോട്ടോഗ്രാഫറുമായ അച്ഛൻ ഷിബു പോൾ, അമ്മ ഷിജി, സഹോദരങ്ങളായ ബേസിൽ, നിക്കോൾ എന്നിവരും താമരക്കൃഷിക്ക് പിന്തുണ നൽകുന്നുണ്ട്.

Content Highlights: Melanie Shibu, an Infopark employee, successfully cultivates over 500 varieties of lotus and lilies., Utilized terrace and home garden space for commercial flower cultivation., Established a profitable business model selling lotus tubers via Instagram page 'Mystic Blooms'., Overcoming geographical challenges of high-range Idukki climate for tropical plant growth., Achieved significant financial returns within nine m