വിളനഷ്ടം കുറയ്ക്കാം, വരുമാനം കൂട്ടാം; 150 സ്റ്റാർട്ടപ്പുകളെ കർഷകരുമായി ബന്ധിപ്പിക്കാൻ കേര

തിരുവനന്തപുരം: കേരളത്തിലെ കാർഷിക മേഖലയെ സാങ്കേതികവിദ്യയുടെ കരുത്തിലൂടെ കൂടുതൽ ഉൽപ്പാദനക്ഷമവും കാലാവസ്ഥാ പ്രതിരോധശേഷിയുള്ളതുമാക്കാൻ ലക്ഷ്യമിട്ട് കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM) നടപ്പാക്കുന്ന അഗ്രി-നെക്സ്റ്റ് പദ്ധതിക്ക് അപേക്ഷകൾ ക്ഷണിച്ചു. ലോകബാങ്കിന്റെ സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പാക്കുന്ന കേര പദ്ധതിയിലുൾപ്പെടുത്തിയാണ് 150 അഗ്രിടെക് സ്റ്റാർട്ടപ്പുകളെ തിരഞ്ഞെടുത്ത് സാങ്കേതികവിദ്യകൾ കർഷകരിലേക്ക് എത്തിക്കാനുള്ള പദ്ധതി ലക്ഷ്യമിടുന്നത്.
കാർഷിക ഉൽപ്പാദനക്ഷമത വർധിപ്പിക്കൽ, കൃഷിച്ചെലവ് കുറയ്ക്കൽ, കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കുന്ന കൃഷിരീതികൾ, മെച്ചപ്പെട്ട വിപണി ബന്ധങ്ങൾ, വരുമാന വർധന എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സ്റ്റാർട്ടപ്പുകൾ വികസിപ്പിക്കുന്ന നൂതന കാർഷിക പരിഹാരങ്ങൾ നേരിട്ട് കൃഷിയിടങ്ങളിൽ പരീക്ഷിക്കാനും വിപുലമായ തലത്തിൽ വിന്യസിക്കാനും അവസരം നൽകുന്ന പദ്ധതിയാണിത്. തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാർട്ടപ്പുകൾക്ക് ₹25 ലക്ഷം വരെ ധനസഹായം, മെന്ററിങ്, ഇൻകുബേഷൻ പിന്തുണ, കർഷക ശൃംഖലകളിലേക്കുള്ള പ്രവേശനം, ഫീൽഡ് പൈലറ്റ് അവസരങ്ങൾ എന്നിവ ലഭ്യമാക്കും. കേരളത്തിലെ കാർഷിക മേഖലയെ കൂടുതൽ സുസ്ഥിരവും സാങ്കേതികവിദ്യാധിഷ്ഠിതവും ആഗോള മത്സരശേഷിയുള്ളതുമാക്കി മാറ്റുക എന്നതാണ് പദ്ധതിയുടെ ദീർഘകാല ലക്ഷ്യം.
പദ്ധതി നടപ്പിലാക്കുമ്പോൾ രാജ്യത്തെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ്–കർഷക സാങ്കേതിക സഹകരണ പദ്ധതികളിലൊന്നായി അഗ്രി-നെക്സ്റ്റ് മാറും. പ്രിസിഷൻ ഫാമിങ്, ഡ്രോൺ സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സ്മാർട്ട് ഇറിഗേഷൻ, ഫാം മെക്കനൈസേഷൻ, വിള സംരക്ഷണം, വിളവെടുപ്പിന് ശേഷമുള്ള സംസ്കരണവും സംഭരണവും, മൂല്യവർധിത ഉൽപ്പന്നങ്ങൾ, അഗ്രി-ഫിൻടെക്, കാലാവസ്ഥാ സൗഹൃദ കൃഷി തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് പദ്ധതിയിൽ പങ്കാളികളാകാം.
ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ (FPO), കാർഷിക സ്ഥാപനങ്ങൾ, ഫീൽഡ് തല ഏജൻസികൾ എന്നിവയുടെ സഹകരണത്തോടെയായിരിക്കും സ്റ്റാർട്ടപ്പുകളുടെ സാങ്കേതികവിദ്യകൾ കർഷകരിലേക്ക് എത്തിക്കുക. കൃഷിയിടങ്ങളിൽ സാങ്കേതികവിദ്യകൾ പരീക്ഷിക്കാനും വിപണനസാധ്യത തെളിയിക്കാനും ഇത് സ്റ്റാർട്ടപ്പുകൾക്ക് അവസരമൊരുക്കും.
കാർഷിക മേഖലയിലെ സാങ്കേതിക നവീകരണത്തിനും ഗ്രാമീണ സാമ്പത്തിക വളർച്ചയ്ക്കും വഴിത്തിരിവാകുന്ന പദ്ധതി കർഷകരുടെ ആവശ്യങ്ങൾ നേരിട്ട് മനസ്സിലാക്കിയുള്ള നവീകരണങ്ങൾ ആസൂത്രണം ചെയ്തു വികസിപ്പിക്കുകയെന്ന പുതിയ സമീപനമാണ് അഗ്രി-നെക്സ്റ്റിലൂടെ മുന്നോട്ടുവയ്ക്കുന്നതെന്ന് കേരള സ്റ്റാർട്ടപ്പ് മിഷൻ അറിയിച്ചു.
രാജ്യത്താകമാനമുള്ള അഗ്രിടെക് മേഖലയിലെ സ്റ്റാർട്ടപ്പുകളിൽ നിന്ന് ലഭിക്കുന്ന അപേക്ഷകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന സംരംഭങ്ങളെ ഘട്ടംഘട്ടമായി കർഷക ശൃംഖലകളുമായി ബന്ധിപ്പിച്ച് സാങ്കേതികവിദ്യകൾ പ്രായോഗിക തലത്തിൽ നടപ്പാക്കുന്നതാണ് പദ്ധതി. താല്പര്യമുള്ള സ്റ്റാർട്ടപ്പുകൾ https://agrinext.startupmission.in/ എന്ന ലിങ്കിൽ ജൂലൈ 31 നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9447713627 എന്ന നമ്പറിൽ ബന്ധപ്പെടണം
Content Highlights: KSUM invites applications for Agri-Next to connect 150 startups with farmers. Get up to ₹25 lakh funding & tech integration. Apply by July 31, 2026!