ഓണപ്പൂക്കളം ലക്ഷ്യമിട്ട് 50 ഹെക്ടറിൽ കൃഷിവകുപ്പിന്റെ ബന്ദിക്കൃഷി

കൊല്ലം: ഓണത്തിനു പൂക്കളമൊരുക്കാൻ ബന്ദിക്കൃഷിയുമായി കൃഷിവകുപ്പ്. ജില്ലയിൽ 50 ഹെക്ടറിലാണ് കൃഷിവകുപ്പിന്റെ ബന്ദിക്കൃഷി. ജില്ലയിലെ 11 ബ്ലോക്കുകളിലും കൃഷിയുണ്ട്. കൊട്ടാരക്കര ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ -ഒൻപത് ഹെക്ടർ. അഞ്ചൽ, പുനലൂർ ബ്ലോക്കുകളിൽ എട്ട് ഹെക്ടർ വീതമാണ് ബന്ദിക്കൃഷി. വെട്ടിക്കവല, ചിതറ ബ്ലോക്കുകളിൽ അഞ്ചുവീതവും ശാസ്താംകോട്ട ബ്ലോക്കിൽ 4.5 ഹെക്ടറിലും കൃഷിയുണ്ട്. ചവറ, ചാത്തന്നൂർ ബ്ലോക്കുകളിൽ മൂന്ന് ഹെക്ടറും കുണ്ടറ ബ്ലോക്കിൽ 2.5 ഹെക്ടറും ഇരവിപുരം, ചടയമംഗലം ബ്ലോക്കുകളിൽ ഒരു ഹെക്ടറിലുമാണ് കൃഷി. കൊട്ടാരക്കര ബ്ലോക്കിൽ എഴുകോൺ, വെട്ടിക്കവല പഞ്ചായത്തുകളുടെ നേതൃത്വത്തിലും കൃഷിയുണ്ട്.
ഓണപ്പൂക്കളങ്ങൾ മാത്രം ലക്ഷ്യംവെച്ചുള്ളതാണ് കൃഷി. കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ഒരു ഹെക്ടറിന് 20,000 രൂപ വരെയാണ് സബ്‌സിഡി നൽകുക. തൈ ഒന്നിന് മൂന്നുരൂപ വിലയിൽ കർഷകർക്കു നൽകും. വളർച്ച കൂടിയ തൈകൾക്ക് അഞ്ചുരൂപവരെ വിലയുണ്ട്. മഞ്ഞ, ഓറഞ്ച് നിറങ്ങളിൽ പൂക്കളുണ്ടാകുന്ന ചെടികളാണ് നട്ടിരിക്കുന്നത്. വെള്ള നിറത്തിലെ പൂവിന്റെ കൃഷി വളരെ കുറച്ചു മാത്രാണ്. ജൂൺ അവസാനത്തോടെയാണ് വ്യക്തികൾക്കും ഗ്രൂപ്പുകൾക്കുമെല്ലാം തൈകൾ നൽകിയത്.
കൃഷിവകുപ്പിനു പുറമേ പഞ്ചായത്ത് പദ്ധതികളുടെ അടിസ്ഥാനത്തിലും കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ നേതൃത്വത്തിലും ചിലയിടങ്ങളിൽ കൃഷിചെയ്യുന്നുണ്ട്. രണ്ടാഴ്ചയ്ക്കുള്ളിൽ പൂക്കൾ പറിക്കാൻ പാകമാകും. ബന്ദിപ്പൂവ് മാത്രമാണ് ഇത്രയേറെ അളവിൽ കൃഷിചെയ്യുന്നത്. വാടാമുല്ല, കുറ്റിമുല്ല തുടങ്ങിയവ കൃഷിചെയ്യുന്നത് കർഷകർക്ക് കൂടുതൽ അധ്വാനവും പണച്ചെലവുമാണ്. തൈകൾക്കും വില കൂടും.
വിപണി കണ്ടെത്തുക പ്രയാസം
ഓണവിപണി മാത്രം മുന്നിൽക്കണ്ടാണ് കൃഷിയെന്ന് കർഷകർ പറയുന്നു. വ്യാപാരസ്ഥാപനങ്ങളിൽ ദിവസവും കൊടുക്കാനുള്ളയത്ര പൂവ് ഉണ്ടാകില്ല. വിളവെടുക്കുമ്പോൾ കൃഷിയിടത്തിൽനിന്നുതന്നെയാകും വിൽപ്പന. തദ്ദേശസ്ഥാപനങ്ങൾ സംഘടിപ്പിക്കുന്ന ഓണച്ചന്തകൾ വഴിയും വിറ്റഴിക്കും.
ക്ഷേത്രങ്ങളിലേക്കും മറ്റ് ആവശ്യങ്ങൾക്കുമായി ജില്ലയിലെ വ്യാപാരസ്ഥാപനങ്ങളിൽ തമിഴ്‌നാട്ടിൽനിന്നുള്ള പൂക്കളാണ് എത്തുന്നത്. തമിഴ്നാട്ടിൽനിന്നുള്ള പൂക്കൾ സ്ഥിരമായി വരുന്നതുകൊണ്ടുതന്നെ ഇവിടത്തെ കർഷകരിൽനിന്ന് ചെറിയ കാലയളവിൽപ്പോലും വാങ്ങാൻ മിക്ക വ്യാപാരികളും തയ്യാറാകുന്നില്ല. വർഷം മുഴുവൻ ബന്ദിക്കൃഷി ചെയ്യാനും കഴിയില്ല.
Content Highlights: The Kerala Agriculture Department launches 50 hectares of marigold cultivation in Kollam for Onam 2026.