പൈനാപ്പിൾ ഇല കാലിത്തീറ്റയാക്കാം; സാധ്യത തുറന്ന് കൃഷിവകുപ്പ്

കൊല്ലം: വിളവെടുപ്പുകാലത്ത് വൻതോതിൽ പാഴാകുന്ന പൈനാപ്പിൾ ഇലകൾ കാലിത്തീറ്റയാക്കി മാസങ്ങളോളം സൂക്ഷിക്കുന്ന സംരംഭങ്ങൾക്ക് കൃഷിവകുപ്പ് വഴിതുറക്കുന്നു. കർഷകർക്കും കർഷക കൂട്ടായ്മകൾക്കും പൈനാപ്പിൾ ഇല സംസ്കരണത്തിനുള്ള പരിശീലനവും പ്രാഥമികസൗകര്യങ്ങളും കൃഷിവകുപ്പ് ഒരുക്കിനൽകും. മൃഗസംരക്ഷണവകുപ്പും പദ്ധതിയോട് സഹകരിക്കുന്നുണ്ട്.
നിലവിൽ ചെറിയ അളവിൽ പൈനാപ്പിൾ ഇലകൾ നുറുക്കി പുല്ലിനും വൈക്കോലിനുമൊപ്പം ചേർത്ത് ക്ഷീരകർഷകർ കന്നുകാലികൾക്ക് നൽകുന്നുണ്ട്. ഇലകൾ ചെറിയ മധുരമുള്ളതായതിനാൽ കന്നുകാലികൾക്ക് ഏറെ പ്രിയമുള്ളതുമാണ്. കർഷകർ തങ്ങളുടേതായ രീതിയിൽ ഇല സംസ്കരിച്ച് ചെറിയ കാലയളവിലേക്ക് സൂക്ഷിക്കുന്നത് പതിവാണ്.
കാലിത്തീറ്റവില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ തീറ്റച്ചെലവ് കുറയ്ക്കാനുള്ള വഴികൾ വെറ്ററിനറി സർവകലാശാല കർഷകരെ പരിചയപ്പെടുത്തുന്നുണ്ട്. പൈനാപ്പിൾ ഇല, ശീമക്കൊന്ന തുടങ്ങിയവ ഉപയോഗപ്പെടുത്താനാണ് സർവകലാശാല ശുപാർശചെയ്യുന്നത്. തുടർച്ചയായി പൈനാപ്പിൾ ഇല കൊടുക്കുന്ന കാലികളിൽ പാലുത്പാദനം ക്രമേണ കൂടുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടർനടപടികൾ പുരോഗമിക്കുന്നത്.
എറണാകുളം ജില്ലാ കൃഷിവിജ്ഞാനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ പൈനാപ്പിൾ ഇല, വായുകടക്കാത്ത പ്ലാസ്റ്റിക് ഡ്രമ്മുകളിലാക്കി സംസ്കരിച്ച് നാലുമാസംമുതൽ എട്ടുമാസംവരെ സൂക്ഷിക്കാനുള്ള പരിശീലനം കർഷകർക്ക് നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായി മുളന്തുരുത്തി, മൂവാറ്റുപുഴ, വാഴക്കുളം, ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങൾ തുടങ്ങി പൈനാപ്പിൾ ഉത്പാദനം കൂടുതലുള്ള മേഖലകളിൽ ആദ്യഘട്ടത്തിൽ യന്ത്രസഹായത്താൽ സൈലേജ് കാലിത്തീറ്റ നിർമാണത്തിനുള്ള സംരംഭകസാധ്യതയാണ് കൃഷിവിജ്ഞാനകേന്ദ്രം പരിശോധിക്കുന്നത്. ഇതിനായി കൃഷിയിടപ്രദർശനകേന്ദ്രങ്ങൾ ഒരുക്കും. കർഷകർ, കർഷകസംഘങ്ങൾ, സ്വയംസഹായസംഘങ്ങൾ, സഹകരണസ്ഥാപനങ്ങൾ എന്നിവയ്ക്ക് സംരംഭം തുടങ്ങാനാകും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലനവും താത്കാലികാടിസ്ഥാനത്തിൽ യന്ത്രങ്ങളും കൃഷിവിജ്ഞാനകേന്ദ്രം നൽകും. പൈനാപ്പിൾ കൂടുതലായി കൃഷിചെയ്യുന്ന മേഖലകളിൽ പുതുസംരംഭങ്ങൾ തുടങ്ങാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്.
നിലവിൽ ചോളത്തിന്റെ ഇല സംസ്കരിച്ച് ക്ഷീരകർഷകർ ഉപയോഗപ്പെടുത്തുന്നുണ്ട്. സംസ്ഥാനത്ത് ഈ ഇലയുടെ ലഭ്യത കുറവാണ്. ഇതരസംസ്ഥാനങ്ങളിൽനിന്ന് എത്തിക്കുന്നത് പണച്ചെലവ് കൂട്ടുകയാണ്.
Content Highlights: Kerala`s Agriculture Dept. promotes pineapple leaf silage as cattle feed