സർക്കാർ നെല്ലുസംഭരണ നയം പ്രഖ്യാപിച്ചില്ല; കർഷകർ ആശങ്കയിൽ

#സ്വന്തം ലേഖകൻ
പ്രതീകാത്മക ചിത്രം | Photo: ANI
പ്രതീകാത്മക ചിത്രം | Photo: ANI

ആലപ്പുഴ: ഒന്നാംവിള നെല്ലുസംഭരണത്തിന്റെ രജിസ്ട്രേഷനും അപേക്ഷാ നടപടികളും തുടങ്ങിയെങ്കിലും സംഭരണനയവും താങ്ങുവിലയും സംബന്ധിച്ച സർക്കാർ പ്രഖ്യാപനമുണ്ടാകാത്തത് നെൽക്കർഷകരെ ആശങ്കയിലാക്കുന്നു. ഓൺലൈനായി അപേക്ഷ നൽകാൻ ഓഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 30 വരെയാണ് സമയമനുവദിച്ചിരിക്കുന്നത്. കൃഷിച്ചെലവ് ക്രമാതീതമായി കൂടിയതും സംഭരണവില സംബന്ധിച്ച് കൃത്യമായ നയം രൂപവത്കരിക്കാത്തതും പ്രശ്നമാണ്.

നെല്ലിന്റെ കുറഞ്ഞ താങ്ങുവില കേന്ദ്രസർക്കാർ അടുത്തിടെ ക്വിന്റലിന് 72 രൂപ കൂട്ടി 2,441 രൂപയാക്കി. ഈ ആനുകൂല്യം സംസ്ഥാനത്തെ സംഭരണവിലയിൽ പ്രതിഫലിച്ചാൽപ്പോലും നെൽവില ക്വിന്റലിന് 3,000-ത്തിൽനിന്ന് 3,072 രൂപയേ ആകൂ. കാലാവസ്ഥാവ്യതിയാനം കൊണ്ടുള്ള നഷ്ടവും ഉത്പാദനച്ചെലവിന്റെ വർധനയും കണക്കാക്കുമ്പോൾ തുക മതിയാകില്ലെന്ന് കർഷകർ പറയുന്നു. സംഭരണവില കുറഞ്ഞത് കിലോയ്ക്ക് 35 രൂപയായി (ക്വിന്റലിന് 3,500 രൂപ) ഉയർത്തണമെന്നാണ് പ്രധാന ആവശ്യം. കൈകാര്യച്ചെലവു തുക യാഥാർഥ്യങ്ങൾക്കു നിരക്കാത്തതാണെന്ന പരാതിയുമുണ്ട്.

പുഞ്ച സീസണിൽ സംഭരിച്ച നെല്ലിന്റെ വിലയിൽ 390 കോടിയോളം രൂപ ഓണമടുത്തിട്ടും കർഷകർക്കു കിട്ടിയിട്ടില്ല. സംഭരണത്തുക ബാങ്ക്‌ വായ്പയായി നൽകുന്നരീതിയും കുടിശ്ശിക വൈകുന്നതും തുടരുകയാണ്.

കർഷകരുടെ ആവശ്യം

• സംഭരണനയം വ്യക്തമാക്കി നെൽവില കിലോയ്ക്ക് 35 രൂപയാക്കുക.

• കേന്ദ്രം പ്രഖ്യാപിച്ച താങ്ങുവില ആനുകൂല്യം പൂർണമായും കർഷകരിലെത്തിക്കുക.

• നെല്ലുസംഭരണത്തിന് റിവോൾവിങ് ഫണ്ട് രൂപവത്കരിക്കുക.

• പുഞ്ച സീസണിലെ കുടിശ്ശിക ഓണത്തിനുമുൻപ് വിതരണം ചെയ്യുക.

• താഴ്‌ന്ന പ്രദേശങ്ങളിലെ കൃഷിയിടങ്ങൾ സംരക്ഷിക്കാൻ പ്രത്യേക പദ്ധതി നടപ്പാക്കുക.

• നെല്ലുസംഭരണത്തിനും തുക വിതരണത്തിനും സ്ഥിരസംവിധാനം ഏർപ്പെടുത്തുക.

Content Highlights: Kerala paddy farmers face distress as the government delays the procurement policy and MSP details.