പഴങ്ങളും പച്ചക്കറികളും ഇനി വിഷമില്ലാതെ കഴിക്കാം; കേരളത്തിലെ ആദ്യ ഓസോൺ വാഷ് പ്ലാന്റ് കാക്കനാട്ട്

മാർക്കറ്റിൽനിന്ന് വാങ്ങുന്ന പഴങ്ങളും പച്ചക്കറികളുമെല്ലാം മണിക്കൂറുകളോളം മഞ്ഞൾപ്പൊടിയിലോ ഉപ്പിലോവെച്ചാണ് നമ്മൾ ഉപയോഗിക്കാറുള്ളത്. എന്നാൽ, അണുവിമുക്തമാക്കിയ വിഷമില്ലാത്ത പഴങ്ങളും പച്ചക്കറിയും വീട്ടിലെത്തിയാലോ? ഓസോണിൽ കുളിപ്പിച്ച് വിഷരഹിതമായ പച്ചക്കറി നമ്മുടെ വീട്ടിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് സർക്കാരും ഹോർട്ടികോർപ്പും. സംസ്ഥാന കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ കാക്കനാട് ഹോർട്ടികോർപ്പ് വളപ്പിൽ കേരളത്തിലെ ആദ്യത്തെ സർക്കാർ ഓസോൺ വാഷ് പ്ലാന്റ് പ്രവർത്തനം ആരംഭിച്ചതോടെ വിഷരഹിത പച്ചക്കറികൾ ജനങ്ങളിലേക്കെത്തിക്കാമെന്ന പ്രതീക്ഷയിലാണ് സർക്കാർ.
എന്താണ് ഓസോൺ വാഷ്?
ഓസോൺ വാതകം കലർത്തിയ വെള്ളം ഉപയോഗിച്ച് പച്ചക്കറികൾ, പഴങ്ങൾ ശാസ്ത്രീയമായി കഴുകി വൃത്തിയാക്കുന്ന നൂതന സാങ്കേതികവിദ്യയാണ് ഓസോൺ വാഷ്. പ്രകൃതിദത്ത ഓക്സിജന്റെ മൂന്ന് ആറ്റങ്ങൾ അടങ്ങിയ ഓസോൺ ശക്തമായ അണുനാശിനിയായി പ്രവർത്തിക്കുന്നതോടെ പച്ചക്കറികളിലെയും പഴങ്ങളിലെയും കീടനാശിനികളുടെ അവശിഷ്ടങ്ങൾ, ബാക്ടീരിയകൾ, വൈറസുകൾ, പൂപ്പൽ എന്നിവയും കീടനാശിനികളുടെ സാന്നിധ്യവും ബാക്ടീരിയ അടക്കമുള്ള മാരകരോഗാണുക്കളും പൂർണ്ണമായി നീക്കം ചെയ്യാൻ സാധിക്കുന്നു.
ഓസോൺ വാതകം വെള്ളത്തിൽ ലയിപ്പിച്ചു ചേർക്കുമ്പോൾ വളരെ വേഗത്തിൽ രോഗാണുക്കളെയും വിഷാംശങ്ങളെയും നശിപ്പിക്കുന്ന ഒരു സൂപ്പർ-ക്ലീനർ ആയി മാറുന്നു. ഓസോൺ വാതകം വെള്ളത്തിലേക്ക് വളരെ ചെറിയ കുമിളകളായി കടത്തിവിടുന്നു. ഓസോൺ വെള്ളത്തിൽ ലയിക്കുന്നതോടെ ആ വെള്ളം ശക്തമായ അണുനാശിനിയായി പ്രവർത്തിക്കുന്നു. ശുദ്ധീകരണ പ്രക്രിയയ്ക്കുശേഷം, അവശേഷിക്കുന്ന ഓസോൺ മിനിറ്റുകൾക്കകം ദോഷകരമായ അവശിഷ്ടങ്ങൾ ബാക്കിവെക്കാതെ പ്രകൃതിദത്ത ഓക്സിജനായി മാറി അന്തരീക്ഷത്തിൽ ലയിക്കുന്നതിനാൽ പരിസ്ഥിതി സൗഹൃദവുമാവുകയാണ്.
കാക്കനാട്ടെ ഓസോൺവാഷ് കേന്ദ്രം
കേരളത്തിലെ ആദ്യ സർക്കാർ ഓസോൺ വാഷ് പ്ലാൻ്റാണ് കാക്കനാട് ഹോർട്ടികോർപ്പിലുള്ളത്. സംസ്ഥാന കൃഷിവകുപ്പിൻ്റെ 100 ദിന കർമ പരിപാടികളുടെ ഭാഗമായാണ് ഇവിടെ പ്രവർത്തനം ആരംഭിച്ചത്. മണിക്കൂറിൽ 400 മുതൽ 500 കിലോ വരെയുള്ള പഴങ്ങളും പച്ചക്കറികളും ഓസോൺവാഷിലൂടെ അണുവിമുക്തമാക്കി മാറ്റിയെടുക്കാൻ സാധിക്കുന്ന നാല് മെഷീനുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്. നബാർഡിന്റെ സഹായത്തോടെ കെൽഡിസിയാണ് പാക്ക്ഹൗസ് നിർമിച്ചിരിക്കുന്നത്.
ഓസോൺ വാതകം തണുത്ത വെള്ളത്തിലേക്ക് വളരെ ചെറിയ കുമിളകളായി കടത്തിവിടുന്നു. ബബിൾ വാഷ് എന്നാണ് ഇതിനു പറയുക. ബബിൾ വാഷ് കഴിഞ്ഞു കൺവെയറിങ് ബെൽറ്റ് വഴി സാധനങ്ങൾ നോർമലായിട്ടുള്ള ശുദ്ധജലം ഉപയോഗിച്ച് കഴുകും. അതിനുശേഷം കൺവയറിങ് ഡ്രയർ യൂണിറ്റ് വഴി പാക്കിംഗിനുവേണ്ടി തയാറെടുക്കുകയാണ് ചെയ്യുന്നത്. ഉരുളക്കിഴങ്ങ്, ചേന പോലെ മണ്ണ് കലർന്ന പച്ചക്കറികളും ക്യാരറ്റ് പോലുള്ള പച്ചക്കറികളും പ്രത്യേകം മെഷീനുകളിൽ കഴുകിയെടുക്കാൻ സാധിക്കും.
ഓസോൺ വാഷ് ചെയ്ത പച്ചക്കറിയും ചെയ്യാത്ത പച്ചക്കറിയും കാർഷിക സർവകലാശാലയിൽ അയച്ച് പരീക്ഷണം നടത്തിയിരുന്നു. ഓസോൺ വാഷ് ചെയ്ത പച്ചക്കറിയിൽ 99.9 ശതമാനം വിഷാംശം ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു. ചിലതിൽ മുഴുവനായും അണുവിമുക്തമാക്കാൻ സാധിച്ചു. ഓസോൺവാഷ് ചെയ്ത പച്ചക്കറികളുടെ ഷെൽഫ് ലൈഫ് കൂട്ടുന്നതായും കാണാൻ കഴിഞ്ഞു. അണുനാശിനികൾ കൂടുതൽ ചേർത്ത് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്ന പഴങ്ങളും പച്ചക്കറികളും ഓസോൺ വാഷ് ചെയ്ത് ഇനി ധൈര്യമായി കഴിക്കാം-
മുഹമ്മദ് അനസ്,
സി. മാനേജർ ഹോർട്ടി കോർപ്പ്
നിലവിൽ വലിയ അളവിൽ പച്ചക്കറികൾ ഓസോൺ വാഷ് ചെയ്യുന്നതിനുള്ള സംവിധാനമാണ് ഇപ്പോഴുള്ളത്. കർഷകരിൽനിന്നു വലിയ അളവിൽ പഴങ്ങളും പച്ചക്കറികളും ശേഖരിച്ചാൽ മാത്രമേ നല്ല രീതിയിൽ പ്രവർത്തിക്കാൻ സാധിക്കുകയുള്ളൂ. കർഷകരിൽനിന്നു പച്ചക്കറി ശേഖരണം വിപുലപ്പെടുത്തുന്നതോടെ പ്രവർത്തനം കർഷകർക്കും വലിയ സഹായമാകും.
വില അല്പം കൂടും പക്ഷേ വിഷമില്ലാത്തത് കഴിക്കാം
ഓസോൺ വാഷ് ചെയ്ത പച്ചക്കറികൾ വിഷരഹിത പച്ചക്കറി എന്ന നിലയിൽ ഹോർട്ടികോർപ്പിന്റെ ലേബലിൽ വിപണിയിലേക്കെത്തിക്കാനാണ് ശ്രമം. സാധാരണ മാർക്കറ്റിൽ ലഭിക്കുന്ന പച്ചക്കറികളെ അപേക്ഷിച്ച് വിഷരഹിതമായവയ്ക്ക് അല്പം വില കൂടിയാലും ആളുകൾ മടി കൂടാതെ വാങ്ങി ഉപയോഗിക്കും. ഹോർട്ടി കോർപ്പിന്റെ പ്രീമിയം പ്രൊഡക്ട് ആയിട്ടായിരിക്കും ഓസോൺ വാഷ് ചെയ്ത പഴങ്ങളും പച്ചക്കറികളും മാർക്കറ്റിലേക്കെത്തുക.
Content Highlights: Kerala's first government-run ozone wash plant launched in Kakkanad by Horticorp., Removes 99.9% of pesticide residues, bacteria, viruses, and chemicals from fruits and vegetables., Eco-friendly process leaves zero harmful residues, converting back to natural oxygen., Capacity to process 400 to 500 kg of produce per hour., Premium pesticide-free products to be sold under the Horticorp label.