കൃഷിയെ സ്നേഹിച്ചു, വേനൽമഴ ചതിച്ചു; കന്നിക്കൊയ്ത്തിൽ ഭീമമായ നഷ്ടം

പന്തളം: കന്നിക്കൊയ്ത്തിൽ അവർ നൂറുമേനി പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും ഇത്രയും ഭീമമായ നഷ്ടമുണ്ടാകുമെന്ന് കരുതിയില്ല. കതിരുമാത്രം വെള്ളത്തിന് മുകളിലായി നിൽക്കുന്ന പാടം അവർക്ക് ആദ്യകൃഷിയിൽ കണ്ണുനീർ മാത്രം. തരിശുനിലത്തിൽ കൃഷിയിറക്കിയ യുവാക്കളാണ് വേനൽമഴയിൽ പെട്ടുപോയത്. നാലേക്കറിലെ കൊയ്യാൻപാകമായ നെൽകൃഷിയാണ് ഒരുതരത്തിലും കൊയ്‌തെടുക്കാനാകാതെ വെള്ളത്തിൽ വീണ് അളിഞ്ഞും കിളിർത്തും നശിക്കുന്നത്.
ബിടെക് കഴിഞ്ഞ അഖിൽ വി. നായർ, ഡിഗ്രി കഴിഞ്ഞ് നിൽക്കുന്ന അഖിൽ എസ്. പിള്ള, ഐടിഐ പഠനം പൂർത്തിയാക്കിയശേഷം കംപ്യൂട്ടർ പഠനം നടത്തുന്ന ഉമേഷ് കൃഷ്ണൻ, പോളിടെക്‌നിക്കിൽ ഡിപ്ലോമ കഴിഞ്ഞ് നിൽക്കുന്ന വിഷ്ണു വിജയൻ എന്നിവർ ചേർന്നാണ് തോട്ടക്കോണം മഞ്ഞനംകുളം പാടത്ത് കൃഷിയിറക്കിയത്. പഠനം കഴിഞ്ഞ് ജോലിതേടുന്നതിനിടയിൽ കിട്ടിയ ഇടവേളയിൽ കൃഷിയോടുതോന്നിയ താത്പര്യമാണ് സുഹൃത്തുക്കളെ പാട്ടകൃഷി ചെയ്യാൻ പ്രേരിപ്പിച്ചത്. വളരെ പ്രതീക്ഷയോടെ പാട്ടത്തിനെടുത്ത നാലേക്കർ പാടം പൂട്ടിയടിച്ച് പാകപ്പെടുത്തി വിത്തിറക്കുമ്പോൾമുതൽ ഇവരുടെ കഷ്ടത തുടങ്ങി. ആദ്യമായി കൃഷിയിലേക്കിറങ്ങിയതിനാൽ പരിചയവും കുറവായിരുന്നു.
പാടം ഒരുക്കാനായി കെട്ടിനിന്ന വെള്ളം വറ്റിക്കുന്നതുമുതൽ കഷ്ടപ്പാടായിരുന്നു. പെട്ടിയുംപറയുംവെച്ച് വെള്ളം ആറ്റിലേക്കടിച്ചുവറ്റിച്ചാണ് നിലം ഒരുക്കാൻ ആരംഭിച്ചത്. നടാനായി ഉമ ഇനത്തിൽപ്പെട്ട വിത്ത് കിലോയ്ക്ക് 40 രൂപ കൊടുത്ത് വാങ്ങി. നിലമൊരുക്കി വിത്തുപാകിയപ്പോഴുണ്ടായ ശക്തമായ മഴയിൽ വിത്തിൽ നല്ലൊരുഭാഗവും ഒലിച്ചുപോയി.
അടുത്ത പാടത്തെ കർഷകരിൽനിന്ന് ഞാറ് വാങ്ങിയാണ് പാടത്ത് മുഴുവനായി കൃഷിയിറക്കിയത്. സ്വന്തം ചെലവിലായിരുന്നു തുടക്കം മുതൽ കൃഷി. നേല്ല് വിളയുംവരെ വലിയ കുഴപ്പമില്ലാതെ പോയി. എന്നാൽ, വേനൽമഴ തുടങ്ങിയപ്പോൾത്തന്നെ പാടത്ത് വെള്ളക്കെട്ട് തുടങ്ങി. പുറത്തേക്കടിക്കാൻ മാർഗമില്ലാതെയുമായി. ചാലുനിറഞ്ഞ് പാടത്തേക്ക് വെള്ളം കയറിക്കിടക്കുകയാണ് ഇപ്പോൾ. കൃഷിവകുപ്പ് മോട്ടോർ വെച്ച് തരുമെന്നറിയിച്ചതിനാൽ പെട്ടിയുംപറയും നേരത്തേ മാറ്റിയിരുന്നു. മോട്ടോർ കൊണ്ടുവെച്ചതല്ലാതെ സ്ഥാപിക്കാനോ കൃഷി എങ്ങനെ നടക്കുന്നുവെന്ന് നോക്കാനോ ആരും എത്തിയില്ല.
Content Highlights: young Kerala farmers suffered devastating losses in their first rice harvest