കർഷകർക്ക് നൽകാനുള്ളത് കോടികൾ; ഇൻഷുറൻസ് തുക മുതൽ കടാശ്വാസം വരെ കുടിശ്ശിക

തിരുവനന്തപുരം: സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയിൽ ഇൻഷ്വർ ചെയ്ത കർഷകരിൽ 2025 മുതൽ നാളിതുവരെയായി 10026 കർഷകർക്ക് 32.73 കോടി രൂപ കുടിശ്ശികയായി നൽകാനുണ്ടെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്. കലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിൽ 45.9 കോടി രൂപ സർക്കാരിന് കുടിശ്ശികയുണ്ട്. പ്രകൃതിക്ഷോഭ ദുരിതാശ്വാസ പദ്ധതിയുമായി ബന്ധപ്പെട്ട് ഇൻഷ്വർ എടുക്കാതിരുന്ന വിവിധ കർഷകർക്ക് പ്രകൃതിക്ഷോഭം മുഖേനയുള്ള നാശനഷ്ടം നൽകാനുള്ള വിഹിതത്തിൽ 2021 മുതലുള്ള തുക മുഴുവൻ കുടിശ്ശികയാണ്. 90 കോടി രൂപ ഈയിനത്തിൽ കൊടുത്തുതീർക്കാനുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കർഷക കടാശ്വാസ കമ്മീഷൻ ഏറ്റവും പ്രധാനപ്പെട്ട ഒരു നിയമനിർമ്മാണമായിരുന്നു. കർഷകർക്ക് കടാശ്വാസ കമ്മീഷൻ അവാർഡ് അനുവദിച്ച തുകയിൽ സർക്കാരിന്റെ വിഹിതം കൊടുക്കാത്തതിന്റെ പേരിൽ പ്രമാണം കിട്ടാത്തതായ പ്രശ്‌നം ഉൾപ്പെടെ വിവിധ കാര്യങ്ങൾ നിലനിൽക്കുകയാണ്. 277 കോടി രൂപ ഈ കാര്യത്തിൽ കുടിശ്ശികയുണ്ട്. വിവിധങ്ങളായ പർച്ചേസുകളിലുമുള്ള തുകയും കുടിശ്ശികയാണെന്നും മന്ത്രി വ്യക്തമാക്കി.
കർഷക കടാശ്വാസ ക്ഷേമനിധിയുമായി ബന്ധപ്പെട്ട് 2019-ൽ സംസ്ഥാന സർക്കാർ ആക്റ്റ് പാസ്സാക്കുകയും അതിനുശേഷം 2020-ൽ ക്ഷേമനിധി ബോർഡ് നിലവിൽ വരികയും ചെയ്തു. 12000 കർഷകർ ഇതിൽ രജിസ്റ്റർ ചെയ്തു. പക്ഷേ കർഷകരിൽനിന്ന് അവരുടെ അംശാദായം വാങ്ങി സംസ്ഥാന സർക്കാർ അടക്കേണ്ട പണം ഒരു നയാപൈസപോലും ഇതുവരെ അടച്ചിട്ടില്ല. 2026 ഡിസംബർ മാസം ആകുമ്പോൾ അതും കുടിശ്ശികയാകും. ഇതുവരെ 3 വർഷത്തിലേറെയാണ് ഇതുമായി ബന്ധപ്പെട്ട് ഫയൽ കഴിഞ്ഞ സർക്കാരിന്റെ മുമ്പിൽ കാത്തുകിടന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Content Highlights: Kerala government owes 447 crore in pending farmer dues, including insurance and debt relief.