കർഷകകുടുംബങ്ങൾക്ക് കൃഷിയിൽനിന്ന് കിട്ടുന്നത് വെറും 8469 രൂപ; കാർഷികേതരമായി ഗ്രാമീണ സമ്പദ്‌വ്യവസ്ഥ

തിരുവനന്തപുരം: കേരളത്തിലെ ഗ്രാമീണമേഖലയിലെ 19.47 ലക്ഷം കർഷകകുടുംബങ്ങൾക്ക് കൃഷിയിലൂടെ മാസം ശരാശരി കിട്ടുന്നത് വെറും 8469 രൂപയെന്ന് സംസ്ഥാന സാമ്പത്തികസ്ഥിതിവിവരവകുപ്പിന്റെ സർവേ. കാർഷികവിളകളിൽനിന്ന് കിട്ടുന്നത് 6658 രൂപ. പക്ഷിമൃഗാദികളെ വളർത്തി കിട്ടുന്നത് 1811 രൂപയും.
കർഷകകുടുംബങ്ങളുടെ സ്ഥിതിയെപ്പറ്റി 2023-24-ലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സർവേ നടത്തിയത്. കൃഷികൊണ്ട് ജീവിക്കാനാവാത്തവിധം ഗ്രാമീണ സമ്പദ്‌വ്യവസ്ഥ അതിവേഗം കാർഷികേതരമായി മാറിക്കൊണ്ടിരിക്കുന്നു. മറ്റു തൊഴിലുകളിൽനിന്നുള്ള വരുമാനംകൊണ്ടാണ് കർഷകകുടുംബങ്ങൾ ജീവിക്കുന്നത്.
കേരളത്തിലെ കർഷകകുടുംബങ്ങൾക്ക് എല്ലാ സ്രോതസ്സുകളിൽനിന്നുമുള്ള മാസവരുമാനം ശരാശരി 28,984 രൂപമാത്രമാണ്. ഇതിൽ 17,597 രൂപയും (60.71 ശതമാനം) കിട്ടുന്നത് കൃഷിയിൽനിന്നല്ല. കാർഷികേതരമായ മറ്റു തൊഴിലുകളിൽനിന്നുള്ള ശമ്പളവും കൂലിയുമായിട്ടാണ്. 8.12 ലക്ഷം കർഷകകുടുംബങ്ങളുടെ പ്രധാന വരുമാനമാർഗം ഇതാണ്.
28.30 ശതമാനം കുടുംബങ്ങളാണ് കൃഷിയിൽനിന്ന് സ്വയംതൊഴിലെന്നനിലയിൽ വരുമാനം കണ്ടെത്തുന്നത്. ഭൂമി പാട്ടത്തിന് നൽകുന്നതും കാർഷികേതര വ്യാപാരവുമാണ് മറ്റു വരുമാനമാർഗങ്ങൾ.
എന്നാൽ, 2019-ൽനിന്ന് കർഷകകുടുംബങ്ങളുടെ വരുമാനത്തിൽ 61.79 ശതമാനം വർധനയുണ്ടായെന്ന് സർവേ പറയുന്നു. 2019-ലെ വരുമാനം 17,915 രൂപയായിരുന്നു. ഈ കുടുംബങ്ങളുടെ വരുമാനത്തിന്റെ ഭാഗമായ മറ്റു മേഖലകളിലെ വേതനം കൂടിയതും ഉത്പന്നങ്ങളുടെ വില ഉയർന്നതുമൊക്കെ ഇതിന് കാരണമായിട്ടുണ്ട്.
വിലക്കയറ്റം ഒഴിവാക്കി 2012-ലെ സ്ഥിരവിലയിൽ കണക്കാക്കുമ്പോൾ 2019-ൽ കർഷകകുടുംബങ്ങളുടെ ശരാശരി വരുമാനം 12,028 രൂപയും 2024-ൽ 15,029 രൂപയുമാണ്. 152 ഗ്രാമപ്പഞ്ചായത്തുകളിൽ 2024 നവംബർ ഒന്നുമുതൽ ഡിസംബർ 31 വരെയാണ് സർവേ നടത്തിയത്.
Content Highlights: Kerala`s rural economy shifts as farmers` average monthly income from agriculture drops