കർഷകോത്തമ പുരസ്‌കാരം സി.ഡി രവീന്ദ്രൻനായർക്ക്, കർഷകതിലകം കെ. ബിന്ദുവിന്

പ്രതീകാത്മക ചിത്രം | Photo:gettyimages.in
പ്രതീകാത്മക ചിത്രം | Photo:gettyimages.in

തിരുവനന്തപുരം: കാര്‍ഷിക വികസന-കര്‍ഷകക്ഷേമ വകുപ്പിന്റെ 2023-ലെ കർഷക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച കർഷകനുള്ള സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ പുരസ്‌കാരത്തിന് ഇടുക്കി ജില്ലയിലെ വണ്ടൻമേടുള്ള സി.ഡി. രവീന്ദ്രൻനായർ അർഹനായി. രണ്ടുലക്ഷവും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. കർഷക തിലകം പുരസ്‌കാരം മംഗലശ്ശേരി കാക്കവാണി വീട്ടിലെ ബിന്ദു കെ.യ്ക്കാണ്. ഒരുലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 

ഏറ്റവും മികച്ച തെങ്ങുകർഷകനുള്ള കേരകേസരി പുരസ്‌കാരത്തിന് മലപ്പുറം താനാളൂരിലുള്ള സുഷമ പി.ടി. അർഹയായി. രണ്ടുലക്ഷവും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. പൈതൃക വിത്തുകൾ സംരക്ഷിക്കുകയും കൃഷി ചെയ്യുകയും ചെയ്യുന്ന ആദിവാസി വിഭാഗങ്ങളിലെ കർഷകന് നൽകുന്ന പുരസ്‌കാരം വയനാട് ജില്ലയിലെ അമ്പലവയൽ നെല്ലാറ പട്ടികവർഗ കർഷക സംഘത്തിനാണ്.  രണ്ടുലക്ഷവും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. 

മികച്ച കർഷക തൊഴിലാളിക്ക് നൽകുന്ന സമശക്തി പുരസ്‌കാരം പാലക്കാട് ജില്ലയിലെ പെരുമാട്ടിയിലെ ഇന്ദിരയ്ക്കാണ്. ഒരുലക്ഷം രൂപയും ഫലകവും പ്രശ്‌സതിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 

കാർഷിക മേഖലയിൽ മികച്ച പ്രവർത്തനം നടത്തിയ തദ്ദേശസ്ഥാപനത്തിനുള്ള സി. അച്യുതമേനോൻ സ്മാരക പുരസ്‌കാരം വൈക്കം ബ്ലോക്ക് പഞ്ചായത്തിനാണ്.  10 ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കാർഷിക ഗവേഷണത്തിന് ഏർപ്പെടുത്തിയ എം.എസ്. സ്വാമിനാഥൻ സ്മാരക പുരസ്‌കാരം മണ്ണൂത്തി കാർഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. എ. ലതയ്ക്കാണ്. ഫലകവും പ്രശസ്തി പത്രവുമാണ് പുരസ്‌കാരത്തിലുള്ളത്.

കൃഷിവകുപ്പിന്റെ വിവിധ പദ്ധതികൾ മികവോടെ നടപ്പിലാക്കിയ കൃഷിഭവന് നൽകുന്ന പുരസ്‌കാരം അഗളിയിലെ പുതുർ കൃഷിഭവനാണ് നൽകുക. ഒരുലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. കാർഷികവൃത്തിയിലേർപ്പെട്ടിരിക്കുന്ന മികച്ച ട്രാൻസ്‌ജെൻഡറിന് നൽകുന്ന പുരസ്‌കാരത്തിന് അർഹയായത് ചെങ്ങന്നൂരിൽ നിന്നുള്ള ശ്രാവന്തികയാണ്.  50,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 

മികച്ച കൃഷിഭവനുള്ള വി.വി രാഘവൻ സ്മാരക പുരസ്‌കാരം വയനാട് മീനങ്ങാടി കൃഷിഭവനാണ്. അഞ്ച് ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മികച്ച ഗ്രൂപ്പ് ഫാമിങ് സമിതിക്ക് നൽകുന്ന പദ്മശ്രീ കെ. വിശ്വനാഥൻ സ്മാരക നെൽകതിർ പുരസ്‌കാരത്തിന് ചിറ്റൂർ മാതങ്കോട് നെല്ലുത്പാദക പാടശേഖര സമിതി അർഹരായി. മൂന്ന് ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 

മികച്ച ജൈവകൃഷി നടത്തുന്ന ആദിവാസി ക്ലസ്റ്ററിന് നൽകുന്ന പുരസ്‌കാരത്തിൽ ഒന്നാം സ്ഥാനം പുൽപ്പള്ളിയിലെ ചേകാടി ക്ലസ്റ്ററിനാണ്. മൂന്ന് ലക്ഷവും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. രണ്ടാം സ്ഥാനം കട്ടപ്പനയിലെ ഉപ്പുതറപഞ്ചായത്തിലുള്ള മേമാരി ക്ലസ്റ്ററിനാണ്. രണ്ട് ലക്ഷവും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ കർഷകദിനാചരണം ആഘോഷങ്ങളില്ലാതെ ലളിതമായി നടത്തുമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. ചിങ്ങം ഒന്നിന് കൃഷിഭവനുകൾ കേന്ദ്രീകരിച്ച് ലളിതമായി കർഷകരെയും കർഷക തൊഴിലാളികളെയും ആദരിക്കുന്ന ചടങ്ങുകൾ നടത്തണമെന്നാണ് നിർദ്ദേശം. സംസ്ഥാനതല കർഷക ദിനാചരണവും ലളിതമായ പരിപാടികളിൽ ഒതുങ്ങും. പള്ളിച്ചൽ പഞ്ചായത്തിൽ വെച്ചാണ് ഇത്തവണത്തെ സംസ്താനതല കർഷകദിനാചരണം നിശ്ചയിച്ചിരുന്നത്. 

ഇത് ഒഴിവാക്കി നിയമസഭയിലെ ശങ്കരനാരായാണൻ തമ്പി ഹാളിൽ വെച്ച് നടത്തും. മുഖ്യമന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും പുരസ്‌കാരങ്ങൾ വിതരണം ചെയ്യുകയും ചെയ്യും. ചിങ്ങമാസം ഒന്നിന് നടക്കുന്ന കർഷക ദിനാചരണത്തിൽ കൃഷിഭവനുകളെ സ്മാർട്ടാക്കാൻ ഉദ്ദേശിച്ച് തയ്യാറാക്കിയ കതിർ സോഫ്റ്റ്‌വെർ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. അതിന്റെ മൊബൈൽ ആപ്പും അന്ന് പുറത്തിറക്കും. അന്നേദിവസം കേരള അഗ്രോ ബിസിനസ് കമ്പനി (കാപ്‌കോ)യുടെ എക്‌സ്‌പോ സെന്ററിന്റെ ശിലാസ്ഥാപനവും നടക്കും. ആനയറ വേൾഡ് മാർക്കറ്റിനോട് ചേർന്നാണ് പുതിയ എക്‌സ്‌പോ സെന്റർ വരുന്നത്. കർഷകരെയും കാർഷിക ഉത്പനന്നങ്ങളും ഉപകരണങ്ങളുമെല്ലാം ഒരേ കുടക്കീഴിൽ എത്തിക്കുക എന്നാണ് ഇതിന്റെ ഉദ്ദേശം.

Content Highlights: kerala agriculture award announced