കർഷകരിൽനിന്ന് കേന്ദ്രം ഏറ്റെടുത്തത് 2.97 കോടി ടൺ ഗോതമ്പ്; 13.5 ശതമാനം വർധന

മുംബൈ: കർഷകരിൽനിന്ന് 2025-26 റാബി വിളവെടുപ്പുകാലത്ത് കേന്ദ്രസർക്കാർ വാങ്ങിയത് 2.97 കോടി ടൺ ഗോതമ്പ്. 2021-22-നുശേഷം റാബി സീസണിലെ ഏറ്റവും കൂടിയ ഏറ്റെടുക്കലാണിത്. മുൻവർഷത്തെ അപേക്ഷിച്ച് 13.5 ശതമാനമാണ് വർധന.
ഏപ്രിൽമുതൽ ജൂൺവരെയുള്ള കാലയളവാണ് റാബി വിളവെടുപ്പുകാലമായി കണക്കാക്കുന്നത്. ഗോതമ്പുകൃഷിയുള്ള സംസ്ഥാനങ്ങളിൽ ഏറ്റെടുക്കൽ നടപടികൾ അവസാനഘട്ടത്തിലാണെന്നും ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പറയുന്നു. എഫ്സിഐ കണക്കുപ്രകാരം ഇതുവരെ 22.7 ലക്ഷം കർഷകർക്കായി 62,346.23 കോടി രൂപ ഗോതമ്പുവിലയായി സർക്കാർ നൽകിയിട്ടുണ്ട്.
ഈ വർഷം 3.2 കോടി ടൺമുതൽ 3.25 കോടി ടൺവരെ ഗോതമ്പ് ശേഖരിക്കാനാകുമെന്നാണ് സർക്കാർ പ്രതീക്ഷ. ഇത്തവണ റെക്കോഡ് വിളവാണെന്ന് കേന്ദ്ര ഭക്ഷ്യവിതരണമന്ത്രി പ്രഹ്ളാദ് ജോഷി സൂചിപ്പിച്ചു. 2024-25-ൽ 2.66 കോടി ടൺ ഗോതമ്പാണ് സർക്കാരിനു ശേഖരിക്കാനായത്. ഈ വർഷം 3.12 കോടി ടൺവരെ ശേഖരിക്കാനാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നത്.
പഞ്ചാബ്, ഹരിയാണ, മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലാണ് രാജ്യത്ത് പ്രധാനമായും ഗോതമ്പ് ഉത്പാദിപ്പിക്കുന്നത്.
Content Highlights: India`s government procured a record 2.97 crore tonnes of wheat in 2025-26, a 13.5% increase