മാതക്കോട് പാടശേഖരസമിതിയിലെ വരമ്പുകൾക്കിനി വർണപ്പകിട്ട്

കൊല്ലങ്കോട് കൃഷിഭവൻപരിധിയിലുള്ള മാതക്കോട് പാടശേഖരസമിതിയിലെ വരമ്പുകളിൽ നടാനുള്ള സങ്കരയിനം ചെണ്ടുമല്ലിത്തൈകളുമായി കർഷകരും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും
കൊല്ലങ്കോട് കൃഷിഭവൻപരിധിയിലുള്ള മാതക്കോട് പാടശേഖരസമിതിയിലെ വരമ്പുകളിൽ നടാനുള്ള സങ്കരയിനം ചെണ്ടുമല്ലിത്തൈകളുമായി കർഷകരും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും

കൊല്ലങ്കോട്: പരിസ്ഥിതിസൗഹൃദ കൃഷിരീതികൾ നടപ്പിലാക്കുകവഴി ശ്രദ്ധേയമായ കൊല്ലങ്കോട് കൃഷിഭവൻപരിധിയിലെ മാതക്കോട് പാടശേഖരസമിതിയിലെ പാട വരമ്പുകൾ ഇനി കളർഫുൾ ആവും. കൃഷിഭവനുകീഴിലുള്ള പ്ലാന്റ് ഹെൽത്ത്‌ ക്ലിനിക്കിന്റെ മേൽനോട്ടത്തിൽ സമിതിയിലെ 100 ഏക്കർ നെൽപ്പാടത്തെ വരമ്പുകളിൽ സങ്കരയിനം ചെണ്ടുമല്ലിത്തൈകൾ വെച്ചുപിടിപ്പിക്കുന്ന പദ്ധതിക്ക് ചൊവ്വാഴ്ച തുടക്കമായി.

ട്രാപ്പ് ക്രോപ്പിങ് അഥവാ ഇക്കോളജിക്കൽ എൻജിനിയറിങ് രീതിയിൽ കീടനിയന്ത്രണം നടത്തുന്നതിന്റെ ഭാഗമായാണ് വരമ്പുകളിൽ ചെണ്ടുമല്ലി നട്ടുപിടിപ്പിക്കുന്നത്. ചെണ്ടുമല്ലിക്കുപുറമേ ജമന്തി, സീനിയ, ഡാലിയ, വാടാമുല്ല, കോഴിച്ചുണ്ടൻ, തുളസി, ബാൾസം, സൂര്യകാന്തി തുടങ്ങിയ പൂച്ചെടികളും മിത്രപ്രാണികളുടെ വർധനയ്‌ക്ക്‌ ഉപയോഗിക്കുന്നുണ്ടെന്ന് കൃഷിവകുപ്പുദ്യോഗസ്ഥരും കർഷകരും പറയുന്നു.

പാടവരുമ്പുകളിൽ ചെണ്ടുമല്ലികൾ വളർന്ന്‌ പുഷ്പിക്കുന്നതോടെ നെല്ലിനെ ആക്രമിക്കുന്ന പല കീടങ്ങളും പൂക്കളിലേക്ക് ആകർഷിക്കുകവഴി നെല്ലിനെ കീടാക്രമണത്തിൽനിന്നും സംരക്ഷിക്കുന്നു. കർഷകർക്ക് ഇത് അധിക വരുമാനം നേടിക്കൊടുക്കാനും സഹായിക്കും. പൂച്ചെടികളുടെ നടീൽ ഉദ്ഘാടനം കൊല്ലങ്കോട് കൃഷി അസിസ്റ്റന്റ് ഡയറക്ടർ സ്മിത സാമുവൽ നിർവഹിച്ചു. പാടശേഖരസമിതി സെക്രട്ടറി പി. ജയപ്രകാശ്, കൃഷി ഓഫീസർ രാഹുൽരാജ് തുടങ്ങിയവർ സംസാരിച്ചു.

Content Highlights: hybrid Marigold seedlings on ridges