രാത്രി പകലാക്കി ഹൈമാസ്റ്റ് വിളക്കുകൾ; കതിരണിയാതെ നെൽച്ചെടികൾ

ആലത്തൂർ: രാത്രിപകലാക്കി വെളിച്ചംവിതറുന്ന ഹൈമാസ്റ്റ് വിളക്കുകൾ നെൽച്ചെടികൾ കതിരണിയുന്നത് വൈകിപ്പിക്കുന്നു. വൈകീട്ട് ആറുമുതൽ രാവിലെ ആറുവരെ പ്രകാശിക്കുന്ന രീതിയിലാണ് ഇവയുടെ സമയക്രമീകരണം. പകൽ സൂര്യപ്രകാശവും രാത്രി വിളക്കിന്റെ വെളിച്ചവുംമൂലം നെൽച്ചെടികൾക്ക് രാത്രിയില്ലാതാകുന്നു. ഇതുമൂലം ചെടികളുടെ സ്വാഭാവികവളർച്ചാ ഘട്ടങ്ങൾ തടസ്സപ്പെടുന്നതാണ് കതിരുവരാതിരിക്കാൻ കാരണം.
രാത്രിയിലും വെളിച്ചംകിട്ടുമ്പോൾ ചെടികൾ പ്രകാശസംശ്ലേഷണ പ്രക്രിയ നിർത്താതെ തുടരുന്നതിനാൽ വളർച്ച പാകമാകുന്നതും കതിരുവരുന്നതും താളംതെറ്റുമെന്ന് പട്ടാമ്പി നെല്ലുഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. വെളിച്ചംതട്ടാത്ത ഭാഗത്തെ നെൽച്ചെടികളിൽ കൃത്യസമയത്ത് കതിരാകും. പട്ടാമ്പി നെല്ലുത്‌പാദന കേന്ദ്രത്തിൽത്തന്നെ ഇതിന് ഉദാഹരണമുണ്ട്. രാത്രി വെളിച്ചത്തിൽ കീടങ്ങൾ കൂടുതലായി ആകർഷിക്കപ്പെടുന്നത് നെല്ലുത്പാദനം കുറയാനും പതിര് കൂടാനുമിടയാക്കുമെന്നും ഇവർ പറയുന്നു.
കുഴൽമന്ദം കളപ്പെട്ടി-തോണിക്കാട്-മൂകാംബിക ക്ഷേത്രം പാതയോരത്ത് ഒരു വർഷത്തിലേറെയായി എംപിയും എംഎൽഎയും അനുവദിച്ച രണ്ട് ഹൈമാസ്റ്റ് വിളക്കുകളുണ്ട്. പുതുതായി ഒന്നുകൂടി അടുത്തിടെ സ്ഥാപിച്ചു. മേനോട് പാടശേഖരത്തിലെ കർഷകരായ കെ. ഗോപി, ആർ. സൂര്യപ്രകാശ് എന്നിവർക്ക് ഒന്നരയേക്കർ വീതം കൃഷിയുണ്ട്. വിളക്കിന്റെ പ്രകാശം പാതയിലേക്കും ഇവരുടെ കൃഷിയിടത്തിലേക്കുമാണ് എത്തുന്നത്.
30-35 ചാക്ക് നെല്ലുകിട്ടിയിരുന്ന സ്ഥാനത്ത് കതിരുവരാതിരിക്കുക, വന്ന കതിര് ഉറയ്‌ക്കാതിരിക്കുക, പതിരായിമാറുക തുടങ്ങിയ പ്രശ്‌നങ്ങൾമൂലം 15 ചാക്ക് നെല്ലു വീതമേ കിട്ടിയുള്ളൂയെന്ന് ഇവർ പറയുന്നു. ഇത്തവണ ഒന്നാംവിളയ്ക്ക് നട്ട ഭൂരിഭാഗം നെൽച്ചെടികളിലും കതിരുവന്നിട്ടില്ല.
പുഷ്പിക്കൽ വൈകുന്നു
നെൽച്ചെടിയുടെ വളർച്ചയ്ക്ക് 12 മണിക്കൂർവീതം പകലും രാത്രിയും കൃത്യമായി ആവശ്യമാണ്. രാത്രിയിൽ വെളിച്ചംമൂലം നെൽച്ചെടിക്ക് സമ്മർദവും ഹോർമോൺ വ്യതിയാനവും സംഭവിക്കാം. പുഷ്പിക്കൽ, പരാഗണം, നെല്ലുറയ്ക്കൽ പ്രക്രിയകൾ താളം തെറ്റും. ആലത്തൂർ സ്റ്റേറ്റ് സീഡ് ഫാം സീനിയർ കൃഷി ഓഫീസർ എം.വി. രശ്മി പറയുന്നു.
Content Highlights: Excessive night light from high mast lamps disrupts rice plant growth and reduces yields in Kerala