ലോക്ഡൗണില്‍ വെറുതേയിരിക്കേണ്ട;പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കാന്‍ മത്സരങ്ങളുമായി ഹരിതകേരളം

-
-

ലോക് ഡൗണ്‍ കാലത്തെ ഗാര്‍ഹിക പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മികച്ച കര്‍ഷകരെ കണ്ടെത്താന്‍ മത്സരങ്ങളുമായി സംസ്ഥാന ഹരിതകേരളം മിഷന്‍.

കൃഷിവകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന മത്സരത്തില്‍ കൃഷി ഓഫീസര്‍മാരുടെ മേല്‍നോട്ടത്തിലുള്ള വാട്സാപ്പ് ഗ്രൂപ്പ് അംഗങ്ങളായ കര്‍ഷകര്‍, ക്ലസ്റ്റര്‍ ഗ്രൂപ്പ് അംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങി പച്ചക്കൃഷിയില്‍ താത്പര്യമുള്ളവര്‍ക്ക് പങ്കാളികളാകാം. കൃഷിയുടെ പുരോഗതി വിലയിരുത്തുന്നതും നിര്‍ദേശങ്ങള്‍ നല്‍കുന്നതും വാട്സാപ്പ് മുഖേനയാകും. മികച്ച കര്‍ഷകര്‍ക്ക് തദ്ദേശ ഭരണസ്ഥാപന തലത്തില്‍ സമ്മാനങ്ങള്‍ നല്‍കും.

ഉത്പാദനക്ഷമത, പരിസ്ഥിതി സൗഹൃദ കൃഷിരീതികള്‍, വിള വൈവിധ്യം, ലഭ്യമായ ഇടത്തിന്റെ കാര്യക്ഷമമവും ഫലപ്രദവുമായ വിനിയോഗം, കുടുംബാംഗങ്ങളുടെ പങ്കാളിത്തം എന്നിവയൊക്കെ മത്സരത്തിന്റെ പൊതു മാനദണ്ഡങ്ങളായിരിക്കുമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ബാബു ടി. ജോര്‍ജും ഹരിതകേരളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ജി.എസ്.മധുവും പറഞ്ഞു.

വിത്തുകളും ഒരുങ്ങി

  • മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് നല്‍കുന്നതിനായി വി.എഫ്.പി.സി.കെ, ജില്ലയിലെ കൃഷിവകുപ്പ് ഫാമുകള്‍ എന്നിവയില്‍നിന്നുമായി ജില്ലയില്‍ രണ്ടരലക്ഷം വിത്ത് പായ്ക്കറ്റുകള്‍ കൃഷിഭവനില്‍ എത്തിക്കഴിഞ്ഞു. അവയുടെ വിതരണം പൂര്‍ത്തിയായിവരികയാണ്.
  • നിലമൊരുക്കല്‍വിത്ത് /തൈ നടീല്‍, ചെടിവളരുന്നത്, പുഷ്പിക്കുന്നത്, വിളവെടുപ്പ് എന്നിങ്ങനെ നാലു ഘട്ടങ്ങളാണ് മത്സരകൃഷിക്ക് ഉണ്ടാവുക. ഈ ഘട്ടങ്ങളുടെ ഫോട്ടോ അല്ലെങ്കില്‍ വീഡിയോ കൃഷിയുടെ വിശദാംശങ്ങള്‍ ചിത്രങ്ങളായോ വീഡിയോ ആയോ വാട്ട്സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യണം.
  • സ്വന്തമായി സമാഹരിച്ചതോ കൃഷിഭവന്‍ അല്ലെങ്കില്‍ മറ്റ് ഏജന്‍സികള്‍ എന്നിവിടങ്ങളില്‍നിന്നു ലഭിക്കുന്നവയോ ആയ നടീല്‍വസ്തുക്കള്‍ കൃഷിക്ക് ഉപയോഗിക്കാം. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ മൂന്നിനം പച്ചക്കറികളെങ്കിലും കൃഷിചെയ്യണം. ഓരോ ഇനത്തിലും പെട്ട ചെടികളുടെ കൂടിയ എണ്ണം അധിക മാര്‍ക്കിന് പരിഗണിക്കും. കര്‍ഷകരുടെ സംശയങ്ങള്‍ക്ക് കാര്‍ഷിക മേഖലയിലെ വിദഗ്ധരും കൃഷി ഉദ്യോഗസ്ഥരും മറുപടി നല്‍കും.

Content Highlights: Haritha Keralam Mission will conduct competitions to promote vegetable cultivation

Content Highlights: