പൻ‌റുട്ടി ചക്കയ്ക്കും പുളിയങ്കുടി നാരങ്ങയ്ക്കും ഭൗമസൂചികാപദവി

പുളിയങ്കുടി നാരങ്ങ, പാന്റുട്ടി ചക്ക
പുളിയങ്കുടി നാരങ്ങ, പാന്റുട്ടി ചക്ക

ചെന്നൈ: പൻ‌റുട്ടി ചക്കയും പുളിയങ്കുടി നാരങ്ങയും ഉൾപ്പെടെ തമിഴ്‌നാടിന്റെ ആറ് ഉത്പന്നങ്ങൾക്കുകൂടി ഭൗമസൂചികാപദവി. ഇതോടെ സംസ്ഥാനത്ത് ഈ അംഗീകാരം ലഭിച്ച ഉത്പന്നങ്ങൾ 69 ആയി.

79 ഉത്പന്നങ്ങളുമായി രാജ്യത്ത് ഒന്നാമതുള്ള ഉത്തർപ്രദേശിനുപിന്നിൽ രണ്ടാംസ്ഥാനത്തെത്തി തമിഴ്‌നാട്. കഴിഞ്ഞ ദിവസം കുംഭകോണം വെറ്റില, തോവാള പുഷ്പമാല എന്നിവയ്ക്ക് ഭൗമസൂചികാപദവി ലഭിച്ചിരുന്നു. ഇപ്പോൾ പൻ‌റുട്ടി ചക്ക, പൻ‌റുട്ടി കശുവണ്ടി, പുളിയങ്കുടി ആസിഡ് നാരങ്ങ, വിരുദുനഗർ ചുവന്ന മുളക്, ചെട്ടികുളം ചെറിയ ഉള്ളി, രാംനാട് (രാമനാഥപുരം) ചിത്തിരൈക്കർ അരി എന്നിവയ്ക്കാണ് ഭൗമസൂചികാപദവി ലഭിച്ചത്.

കടലൂർ ജില്ലയിലെ ഇടത്തരം പട്ടണമായ പൻ‌റുട്ടി രാജ്യത്ത് ഏറ്റവും കൂടുതൽ ചക്ക ഉത്പാദിപ്പിക്കുകയും കയറ്റുമതിചെയ്യുകയും ചെയ്യുന്ന ഇടങ്ങളിലൊന്നാണ്. രുചിയിലും ഗന്ധത്തിലും വലുപ്പത്തിലും മുന്നിലുള്ള പൻ‌റുട്ടി ചക്കയുടെ വിത്തുകൾ പരന്നതാണ്. ധാരാളം അന്നജവും പ്രോട്ടീനും ചക്കയിൽ അടങ്ങിയിട്ടുണ്ട്.

പൻ‌റുട്ടിയിൽ കൃഷിചെയ്യുന്ന കശുവണ്ടിയും രുചിയിലും ഗുണത്തിലും ആകൃതിയിലും വ്യത്യസ്തവും ആഭ്യന്തര വിപണിയിലും കയറ്റുമതിയിലും പേരുകേട്ടതുമാണ്. പുളിയങ്കുടി ആസിഡ് നാരങ്ങ രുചിയിലും ഗന്ധത്തിലും വേറിട്ടു നിൽക്കുന്നു. ഉയർന്ന അസിഡിറ്റിയുള്ള നാരങ്ങയിൽ ധാരാളം നീരും വിറ്റമിൻ സിയും അടങ്ങിയിട്ടുണ്ട്. അച്ചാറുകൾ, സോസുകൾ എന്നിവയ്ക്കുപുറമേ പാനീയങ്ങളുണ്ടാക്കാൻ ഉപയോഗിക്കുന്നു.

വിരുദുനഗർ സാംബ വത്തൽ എന്ന വിളിപ്പേരുള്ള ചുവന്ന ഉണക്കമുളക് രുചിയിലും നിറത്തിലും മുന്നിലാണ്. വിരുദുനഗർ, രാമനാഥപുരം, ശിവഗംഗ, തൂത്തുക്കുടി ജില്ലകളിലാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. ദക്ഷിണേന്ത്യൻ പാചകത്തിൽ ഈ മുളകിന് പ്രത്യേക സ്ഥാനമുണ്ട്. മൂർച്ചയുള്ള അഗ്രങ്ങളും വീർത്ത മുകളറ്റവുമാണ് മുളകിന്റെ രൂപം.

ചെട്ടികുളം ചെറിയ ഉള്ളിക്ക് പ്രാദേശിക, അന്തർദേശീയ വിപണികളിൽ വളരെയധികം ആവശ്യക്കാരുണ്ട്. ബൾബ് രൂപമാണിതിന്. ചെട്ടികുളം പ്രദേശത്തെ മണ്ണിൽ ഉയർന്ന സൾഫർ സാന്നിധ്യമുള്ളതിനാൽ എരിവ് കൂടുതലാണ്. ഉയർന്ന പോഷകമൂല്യം, ബാക്ടീരിയകളെ പ്രതിരോധിക്കാനുള്ള ശേഷി തുടങ്ങിയവയുണ്ട്.

രാംനാട് ചിത്തിരൈക്കർ നെല്ല് രാമനാഥപുരം ജില്ലയിലാണ് ഉത്പാദിപ്പിക്കുന്നത്. ഉയർന്ന പോഷകമൂല്യമുള്ള അരി രുചിയുള്ള കഞ്ഞിക്ക്‌ പ്രസിദ്ധമാണ്. ദോശ, ഇഡ്ഡലി തുടങ്ങിയവ ഉണ്ടാക്കാനും ഉപയോഗിക്കുന്നു.

Content Highlights: food geographical indication status india