വ്യോമസേനയിൽ 20വർഷം ജോലി, വിരമിച്ച ശേഷം കൃഷിയിലേക്ക്; കൃഷ്ണപിള്ളയ്ക്ക് കൃഷി തുടരണമെന്നുണ്ട്, എന്നാൽ..

പന്തളം: പ്രായം എഴുപത്തിയഞ്ച് പിന്നിടുമ്പോഴും എം.പി. കൃഷ്ണപിള്ളയുടെ മനസ്സിൽ കൃഷിയോടുള്ള ആഗ്രഹം അടങ്ങിയിട്ടില്ല. എന്നാൽ കൃഷിചെയ്യുന്നതിനുള്ള സാഹചര്യങ്ങളുടെ ബുദ്ധിമുട്ടുകാരണം കൃഷി നിർത്തേണ്ടിവന്നു. വ്യോമസേനയിൽ 20 വർഷത്തെ സേവനത്തിനുശേഷം നാട്ടിലെത്തി കാർഷികഗ്രാമമായ കുരമ്പാല തെക്ക് മലയുടെ തടത്തിൽ താമസമാക്കിയപ്പോൾ തുടങ്ങിയതാണ് കൃഷിയോടുള്ള വലിയ താത്പര്യം.
എസ്ബിഐയിൽ ജോലിയിൽ പ്രവേശിച്ചപ്പോഴും കൃഷി വലിയ തരക്കേടില്ലാതെ തുടർന്നു. ഇവിടെയും 20 വർഷം ജോലിനോക്കിയശേഷം വിരമിച്ചപ്പോൾ പൂർണസമയം കൃഷിയിൽ വ്യാപൃതനായി.
വീടിനടുത്തുള്ള പറമ്പിൽ വിവിധതരം പച്ചക്കറികളും പുതുവാക്കൽ പാടത്ത് ഒരേക്കറോളം സ്ഥലത്ത് നെല്ലും കൃഷിചെയ്തു. ഞവര, രക്തശാലി തുടങ്ങിയ ഔഷധഗുണമുള്ള നെല്ലും തവളക്കണ്ണൻപോലുള്ള പഴയ വിത്തിനങ്ങളും പരീക്ഷിച്ച് വിജയിച്ചു. പാടം മുഴുവൻ കൃഷിയുണ്ടായിരുന്ന കാലത്ത് ഒന്നിച്ച് കൃഷിയിറക്കാനും ഒന്നിച്ച് കൊയ്‌തെടുക്കാനും സൗകര്യമുണ്ടായിരുന്നു. പിന്നീട് ഒരോരുത്തരായി കൃഷി ഉപേക്ഷിച്ചു.
2021 വരെ വലിയ ലാഭമൊന്നും നോക്കാതെ എം.പി. കൃഷ്ണപിള്ളയും കൃഷിചെയ്തു. എന്നാൽ, കൈയിൽനിന്ന് പണം കൂടുതലായി നഷ്ടമാകാൻ തുടങ്ങിയതോടെ പാടം തരിശിട്ട് പിൻവാങ്ങി. അടിസ്ഥാനസൗകര്യം ഒരുക്കുന്നതിലുള്ള ബുദ്ധിമുട്ടും കർഷകരെ വേണ്ടവിധം സഹായിക്കാൻ കൃഷിവകുപ്പ് മുന്നോട്ടുവരാത്തതും കൃഷിനാശമുണ്ടായാൽ നഷ്ടപരിഹാരം ലഭിക്കാത്തതും തൊഴിലാളികളുടെ കുറവുമെല്ലാം പിൻവാങ്ങുന്നതിനുള്ള പ്രധാന കാരണങ്ങളാണ്. പന്നിയുടെ ശല്യമാണ് പിന്നീടുണ്ടാക്കിയ വലിയ പ്രശ്‌നം.
ഒരു പാടം പൂട്ടുന്നതിനും നിലം ഒരുക്കുന്നതിനും കൊയ്ത്തിനുമൊക്കെയായി യന്ത്രങ്ങൾ എത്തിക്കുന്നതിലെ ബുദ്ധിമുട്ടും ചെലവും താങ്ങാവുന്നതിലധികമായിരുന്നു. ബുദ്ധിമുട്ടി കൃഷിയിറക്കിയാൽത്തന്നെ കൃഷിനാശമുണ്ടായാൽ സഹായിക്കുന്നതിനോ, കൃഷിയിൽ വേണ്ട നിർദേശം നൽകുന്നതിനോ കൃഷിവകുപ്പ് ശ്രമിക്കുന്നുമില്ല.
Content Highlights: farmer faces farming challenges due to infrastructure issues and lack of government support