റബ്ബർ വെട്ടിമാറ്റി ഡ്രാഗൺ ഫ്രൂട്ട് കൃഷി, റബ്ബറിനേക്കാൾ ആദായം, പ്രവാസിയുടെ കൃഷി വിജയം

ഡ്രാഗൺ ഫ്രൂട്ട് കൃഷിയിൽ പൊന്നുവിളയിച്ച് നാട്ടിലെ താരങ്ങളാകുകയാണ് പ്രവാസിയായ രവീന്ദ്രൻപിള്ളയും എഴുത്തുകാരിയായ ഭാര്യ രമാദേവിയും. തിരുവനന്തപുരം കല്ലറ കുന്നിൽക്കടയിലാണ് ഒന്നരയേക്കറോളം സ്ഥലത്ത് ഡ്രാഗൺഫ്രൂട്ട് തോട്ടമൊരുക്കിയത്. 35 വർഷം വിദേശത്തായിരുന്ന രവീന്ദ്രൻപിള്ള ഗൾഫിൽ ജോലി ചെയ്യുമ്പോൾത്തന്നെ നാട്ടിൽ ഇത്തരം ഒരു തോട്ടമൊരുക്കണമെന്ന് ആഗ്രഹിച്ചിരുന്നു. രണ്ടുവർഷം മുൻപ് നാട്ടിലെത്തിയശേഷം വീടിനു മുന്നിലുണ്ടായിരുന്ന ഒന്നരയേക്കറോളം സ്ഥലത്തുണ്ടായിരുന്ന റബ്ബർ മരങ്ങൾ വെട്ടിമാറ്റി ഡ്രാഗൺ ഫ്രൂട്ട് കൃഷിക്കുവേണ്ടി തയ്യാറാക്കി. ഇതിനൊപ്പം വരിക്കപ്ലാവ്, പേര, തുടങ്ങിയവയും വിവിധ പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. വെച്ചൂർ, കാസർകോട് കുള്ളൻ തുടങ്ങിയ പശുക്കളുമുണ്ട്.
റബ്ബറിനേക്കാൾ വളരെ ആദായമുള്ള കൃഷിയാണ് ഡ്രാഗൺ ഫ്രൂട്ട് എന്നാണ് രവീന്ദ്രൻപിള്ളയുടെ അഭിപ്രായം. വിളവെടുപ്പ് കഴിഞ്ഞശേഷം ഇതുവരെയും ഇദ്ദേഹത്തിനു വിപണി അന്വേഷിച്ചുപോകേണ്ടി വന്നിട്ടില്ല. കല്ലറ തൊളിക്കുഴിയിൽ പ്രധാന റോഡരികിൽ തോട്ടമുള്ളതുകൊണ്ടുതന്നെ വഴിയാത്രക്കാർ കൂടുതലും വാങ്ങിപ്പോവുകയാണ് പതിവ്. ചുവപ്പും വെളുപ്പും ഡ്രാഗൺ ഫ്രൂട്ട് ഉണ്ടെങ്കിലും ചുവപ്പ് ഡ്രാഗൺ ഫ്രൂട്ടാണ് ഇവിടെ കൃഷി ചെയ്തിട്ടുള്ളത്. വിറ്റാമിൻ സി, പൊട്ടാഷ്യം, മെഗ്നീഷ്യം, ഇരുമ്പ് എന്നിവയുടെ കലവറയാണ് ഈ വിദേശഫലം. സീസൺ സമയത്ത് ഒരു ചെടിയിൽനിന്ന് പതിനഞ്ച് കിലോ വരെ ഫലം ലഭിക്കാറുണ്ട്. ചാണകവും എല്ലുപൊടിയുമാണ് വളമായുപയോഗിക്കുന്നതെന്നും രവീന്ദ്രൻപിള്ള പറഞ്ഞു.
Content Highlights: dragon fruit cultivation