പശുക്കൾ ഓടിക്കളിക്കുന്ന ഗോശാല അഥവാ വീട്, നാനോ നാഡിപതിയുടെ ഉയരം ഒരടി; ഇത് കൃഷ്ണന്റെ കുഞ്ഞന്മാർ

കാകിനാഡ: ആന്ധ്രാപ്രദേശിലെ കാകിനാഡ ഏലേശ്വരം സ്വദേശിയും നാഡിവിദഗ്ധനുമായ ഡോ. കൃഷ്ണംരാജുവിന്റെ വീടൊരു ഗോശാലയാണ്. നിറയെ പശുക്കൾ.
ഈ പശുക്കൾക്കൊരു പ്രത്യേകതയുണ്ട്. ലോകത്തേറ്റവും ഉയരം കുറഞ്ഞ കുഞ്ഞൻ പശുക്കളാണ് ഇവിടെ ഓടിക്കളിക്കുന്നത്. നമ്മുടെ വെച്ചൂർ പശുവിനെക്കാൾ കുഞ്ഞൻമാരാണ് ഇവിടത്തെ നാഡിപതി പശുക്കൾ.
നാനോ നാഡിപതി പശുവിന്റെ ഉയരം ഒരടി മാത്രം. അതിനുമുകളിലുള്ള മൈക്രോ നാഡിപതിക്ക് രണ്ടടിയിൽ താഴെ. കൃഷ്ണംരാജുവിന്റെ ഗോശാലയിലെ ഏറ്റവും ഉയരംകൂടിയ മിനിയേച്ചർ നാഡിപതിയുടെ ഉയരം രണ്ടരയടിയും.
കൃഷ്ണംരാജുവിന്റെ മകൾ നിഖിലയ്ക്കൊപ്പം ഓടിക്കളിക്കുന്ന പശുക്കൾ, കുടുംബാംഗങ്ങൾക്കൊപ്പമാണ് ഉറങ്ങുന്നതും ഉണ്ണുന്നതും. ദിവസേന രണ്ടുലിറ്റർ പാൽ തരും. വളരെക്കുറച്ച് തീറ്റമാത്രംമതി. 20 വർഷം വരെയാണ് ആയുസ്സ്.
ഇവയുടെ പെരുമ കേട്ടറിഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ജനുവരിയിൽ കൃഷ്ണംരാജുവിന്റെ ഏഴ് കുഞ്ഞൻമാരെ സ്വന്തമാക്കി. 18 വർഷത്തെ ഗവേഷണത്തിലൂടെയാണ് ഈ മൂന്ന് ഇനങ്ങളെയും ഡോ. കൃഷ്ണംരാജു വികസിപ്പിച്ചെടുത്തത്. ആന്ധ്രയിലെ പ്രശസ്തമായ പുങ്കന്നൂർ പശുക്കളിൽനിന്നാണ് ഇവയെ വികസിപ്പിച്ചത്. ഏലേശ്വരത്തെ 160 ഏക്കറുള്ള ഗോശാലയിൽ മൂവായിരത്തോളം പശുക്കളുണ്ട്.
Content Highlights: Dr Krishnamrajus worlds shortest baby cows