സബ്‌സിഡി കുറച്ചു; ഫോസ്‌ഫേറ്റ്, പൊട്ടാഷ് വളങ്ങളുടെ വില കൂടും

#പി. സുരേഷ് ബാബു
Photo-Gettyimage
Photo-Gettyimage

കോയമ്പത്തൂർ: കേന്ദ്രബജറ്റിൽ സബ്‌സിഡി കുറച്ചതുമൂലം ഫോസ്‌ഫേറ്റും പൊട്ടാഷും കലർന്ന രാസവളങ്ങളുടെവില കൂടിയേക്കും. പൂർണമായും ഇറക്കുമതിചെയ്യുന്ന വളങ്ങളായതിനാൽ വില പിടിച്ചുനിർത്താൻ സബ്‌സിഡി ഉയർത്തുകയായിരുന്നു വേണ്ടത്.

യൂറിയയ്ക്കുള്ള സബ്‌സിഡി മുൻവർഷങ്ങളിലേതുപോലെ നിലനിർത്തിയെങ്കിലും ഫോസ്‌ഫേറ്റും പൊട്ടാഷും ഉൾപ്പെടുന്ന വളങ്ങൾക്കുള്ള സബ്‌സിഡിയിൽ 3,310 കോടിയുടെ കുറവുണ്ട്.

മൂന്നുവർഷമായി സബ്സിഡി കുറയുന്നു

ഇത്തവണ രാസവളത്തിന് ആകെ അനുവദിച്ച സബ്‌സിഡി 1,67,887 കോടി രൂപയാണ്. മുൻവർഷം 1,71,298 കോടിയായിരുന്നു. ആകെ സബ്‌സിഡിയിലും 4,411 കോടി രൂപയുടെ കുറവുണ്ട്.

കഴിഞ്ഞദിവസം അവതരിപ്പിച്ച ബജറ്റിൽ ഫോസ്‌ഫേറ്റും പൊട്ടാഷും ചേർന്ന വളങ്ങൾക്കുള്ള സബ്‌സിഡിയായി 49,000 കോടിയാണ് അനുവദിച്ചിരിക്കുന്നത്. മുൻ വർഷം ഇത് 52,310 കോടിയായിരുന്നു. 2023-24 ബജറ്റിൽ 65,199 കോടിയായിരുന്നു. 2024-ൽ 45,000 കോടിയാണ് സബ്‌സിഡിയായി നൽകിയത്. കഴിഞ്ഞ മൂന്നുവർഷമായി സബ്‌സിഡി കുറയുകയാണ്.

പൊട്ടാഷ്, ഡൈ അമോണിയം ഫോസ്‌ഫേറ്റ് (ഡി.എ.പി), 16-16-16 എന്ന പേരിലുള്ള കോംപ്ലക്‌സ് വളങ്ങൾ, 20-20 എന്നറിയപ്പെടുന്ന ഫാക്ടംഫോസിന് സമാനമായ വളം എന്നിങ്ങനെ കർഷകർ വ്യാപകമായി ഉപയോഗിക്കുന്ന രാസവളങ്ങളിൽ പ്രധാന മിശ്രിതം ഫോസ്‌ഫേറ്റും പൊട്ടാഷുമാണ്.

Content Highlights: cost of phosphate and potash fertilizers will increase