കുതിച്ചൊഴുകി കോമ്പൗണ്ട് റബ്ബർ; മുൻ വർഷത്തേക്കാൾ 49.3 ശതമാനം വർധന, 25 ശതമാനം ഇറക്കുമതി ചുങ്കം ചുമത്താൻ ആവശ്യം

#കെ.ആർ. പ്രഹ്ലാദൻ
പ്രതീകാത്മക ചിത്രം | Photo: Mathrubhumi
പ്രതീകാത്മക ചിത്രം | Photo: Mathrubhumi

കോട്ടയം: ആസിയാൻ രാജ്യങ്ങളിൽനിന്നുള്ള കോമ്പൗണ്ട് റബ്ബർ ഇറക്കുമതിയിലെ വലിയ കുതിച്ചുചാട്ടത്തിൽ ആശങ്ക അറിയിച്ച് കർഷകർ. റബ്ബർബോർഡ് സ്ഥിതിവിവര കമ്മിറ്റിയോഗത്തിലാണ് ഇറക്കുമതി കൂടിയത് സംബന്ധിച്ച കണക്കുകൾ വെച്ചത്. വിലയിടിവിന്റെ കടുത്ത സമ്മർദ്ദത്തിൽ തുടരുന്ന മേഖലയ്ക്ക്‌ ആശ്വാസമേകാൻ അസിയാൻ രാജ്യങ്ങളിൽനിന്നുള്ള കോമ്പൗണ്ട് റബ്ബറിനും 25 ശതമാനം ഇറക്കുമതി ചുങ്കം വേണമെന്ന് കർഷകപ്രതിനിധികൾ ആവശ്യപ്പെട്ടു.

2024-25 സാമ്പത്തികവർഷത്തെ അപേക്ഷിച്ച് 25-26 സാമ്പത്തിക വർഷം (ഏപ്രിൽ മുതൽ ജൂൺവരെ) കോമ്പൗണ്ട് റബ്ബർ ഇറക്കുമതിയിൽ 49.3 ശതമാനം വർധനയാണുണ്ടായത്. 2023-24-ൽ 1.69 ലക്ഷം ടണ്ണായിരുന്നു ഇറക്കുമതി. 24-25-ൽ ഇത് 2.45 ലക്ഷം ടണ്ണായി കുതിച്ചു. 44.5 ശതമാനം വർധന.

അസിയാൻ രാജ്യങ്ങളിൽനിന്നുള്ള കോമ്പൗണ്ട് റബ്ബറിന്റെ ഇറക്കുമതി രാജ്യത്തിന് വലിയ സാമ്പത്തികനഷ്ടം കൂടി ഉണ്ടാക്കുന്നതായി ധനമന്ത്രാലയത്തെ ബോധ്യപ്പെടുത്തണമെന്ന് ഉത്പാദകസംഘങ്ങളുടെ കൂട്ടായ്മ ജനറൽസെക്രട്ടറി ബാബു ജോസഫ് പറഞ്ഞു.

നിലവിൽ അവരുടെ ഇറക്കുമതിച്ചുങ്കം അഞ്ചുശതമാനംവരെ മാത്രമാണ്. കർഷക ആശങ്കകൾ ശരിവെക്കുന്ന പ്രകടനമാണ് തദ്ദേശീയ വിലയിൽ ആർഎസ്എസ് നാലിനുള്ളത്. 177 രൂപയാണ് വ്യാപാരികൾ പ്രസിദ്ധീകരിച്ചത്.

അന്താരാഷ്ട്ര വിലയിലും കാര്യമായ മുന്നേറ്റമില്ല. ബാങ്കോക്ക് വില 189 രൂപയാണ്. ഇടവേളയിലെ തകർച്ചയ്ക്കുശേഷം, പ്രമുഖ ഉത്പാദക രാജ്യമായ ഇന്തോനേഷ്യ കയറ്റുമതി വർധിപ്പിച്ചത് വിലയിൽ ചലനം ഉണ്ടാക്കുമെന്ന് കരുതുന്നു.

ഈവർഷം ഇതുവരെ 1.35 ദശലക്ഷം ടൺ ചരക്കാണ് അവർ കയറ്റുമതി ചെയ്തത്. ഇതിൽ കൂടുതൽപങ്കും സെപ്റ്റംബറിന് ശേഷമാണ്. മഴയും രോഗബാധയും കാരണം ഉത്പാദനം ഇടിഞ്ഞ തെക്കുകിഴക്കൻ ഏഷ്യയിലെ രാജ്യങ്ങൾ ഉത്പാദനം വർധിപ്പിച്ചാൽ വില വീണ്ടും ഇടിയുമെന്ന ആശങ്കയുമുണ്ട്.

Content Highlights: Fears rise as compound rubber imports from ASEAN nations jump 49.3%. Farmers urge a 25% import duty to protect domestic prices and the sector. Learn more.