ആധുനിക ശാസ്ത്രീയ കൃഷിരീതിയിൽ മികവ് തെളിയിച്ച് ആദിത്യൻ; കോളേജ് തലത്തിലെ മികച്ച വിദ്യാർഥി കർഷകൻ

വിത്തിറക്കി, വളർച്ചയുടെ ഓരോ ഘട്ടവും ഒപ്പംനിന്ന് പരിപാലിച്ച് ഒടുവിൽ വിളവെടുക്കുമ്പോൾ കിട്ടുന്ന സന്തോഷം മറ്റൊന്നിനും പകരം നൽകാൻ കഴിയുന്നതല്ലെന്ന് തിരിച്ചറിയുന്ന പുതുതലമുറ കർഷകനാണ് കൊല്ലം ഈസ്റ്റ് കല്ലട പഴയാർ അനിൽ ഭവനത്തിൽ ആദിത്യൻ എ. കോളേജ് തലത്തിൽ മികച്ച വിദ്യാർഥി കർഷകനുള്ള സംസ്ഥാന കാർഷിക വികസന വകുപ്പിന്റെ പുരസ്‌കാരം ലഭിച്ച ആദിത്യൻ ഓണത്തോടനുബന്ധിച്ച പച്ചക്കറിയുടെയും പൂക്കളുടെയും കൃഷിയുടെ തിരക്കിലാണ്. കൃഷിയോടുള്ള തന്റെ അഭിനിവേശത്തിന് ലഭിച്ച അംഗീകാരമായാണ് പുരസ്കാരത്തെ ആദിത്യൻ നോക്കികാണുന്നത്.
ആധുനിക കൃഷിരീതികളും ശാസ്ത്രീയ കൃഷിരീതികളും അവംലംബിച്ച് കൃഷിചെയ്യുന്ന കർഷകൻ എന്നാണ് പുരസ്കാര പ്രഖ്യാപനത്തിൽ ആദിത്യനെ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് വിശേഷിപ്പിച്ചത്. പുതിയ തലമുറ കൃഷിയിൽനിന്ന് ഏറെ പിന്നോട്ടുപോകുമ്പോൾ കൃഷിയെ നെഞ്ചോട് ചേർത്ത് കാർഷികമേഖലയെ ലാഭകരമാക്കി ഒപ്പംകൊണ്ടുപോകാൻ ശ്രമങ്ങൾ നടത്തുന്ന ആദിത്യനേപ്പോലുള്ള യുവകർഷകർ വലിയൊരു പ്രതീക്ഷയാണ്.
വെണ്ട, തക്കാളി, വഴുതന, പടവലം; സമ്പന്നമാണ് ആദിത്യന്റെ കൃഷിയിടം
വെണ്ട, തക്കാളി, വഴുതന, പടവലം, പച്ചമുളക് എന്നിങ്ങനെ നീളുന്നു ആദിത്യന്റെ കൃഷിയിടത്തിലെ അരുമകളുടെ പട്ടിക. അച്ഛൻ അനിൽ കുമാറിന് കൃഷി അത്രമേൽ പ്രിയപ്പെട്ടതായതാണ് ആദിത്യനെയും കൃഷിയിലേക്ക് തിരിച്ചുവിട്ടത്. സ്വന്തം സ്ഥലത്തിന് പുറമേ പാട്ടത്തിന് സ്ഥലമെടുത്ത് ജൈവ രീതിയിൽ പച്ചക്കറി കൃഷി ചെയ്യുന്ന രീതിയാണ് അനിൽ കുമാർ സ്വീകരിച്ചുവരുന്നത്. ചെറുപ്പം മുതലേ അച്ഛന്റെ കൈപിടിച്ച് കൃഷിയിടത്തിലെത്തിയ ആദിത്യന് ആ മണ്ണും കൃഷിയും ജീവിതത്തിൽനിന്ന് മാറ്റിനിർത്താൻ സാധിക്കാത്ത ഒന്നായിമാറിയിരുന്നു. 15 വയസുവരെ സഹായിയായി അച്ഛനൊപ്പംനിന്ന ആദിത്യൻ, പിന്നീട് പ്രായത്തെ തോൽപ്പിച്ച് ഒരു മുതിർന്ന കർഷകനിലേക്കുള്ള ചുവടുവെപ്പ് നടത്തി.
അച്ഛന് സുഹൃത്തായി, കൃഷിയിൽ പരസ്പരം താങ്ങായാണ് ആദിത്യന്‍റെ തുടക്കമെങ്കിലും വൈകാതെ കൃഷിയിടത്തിൽ എല്ലാ പണികളും ചെയ്യാൻ ആദിത്യൻ പ്രാപ്തനായി മാറി. കൂടുതൽ സ്ഥലം പാട്ടത്തിനെടുത്ത് കൃഷിയിറക്കാനും മകനെ ഉത്തരവാദിത്വം ഏൽപ്പിക്കാനും അനിൽകുമാറിന് ഭയം തെല്ലുമില്ലായിരുന്നു. കൂടുതൽ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി കൂടുതൽ വ്യാപിപ്പിക്കാനായി എന്നത് വളരെ അഭിമാനത്തോടെയാണ് ആദിത്യൻ പറയുന്നത്.
ഒരു ക്ഷീര കർഷകൻ കൂടിയാണ് ആദിത്യൻ. രണ്ടു വെച്ചൂർ പശുക്കളും ആദിത്യനുണ്ട്. ഇവയുടെ പരിപാലനവും ഈ യുവകർഷകൻ തന്നെയാണ് ചെയ്യുന്നത്. രണ്ടര സെന്റിൽ പടുതാക്കുളത്തിൽ മീൻ കൃഷിയുമുണ്ട്.
വെല്ലുവിളികൾ ഏറെ, കൃഷി ലാഭകരമാക്കാൻ ആധുനിക മാർഗങ്ങളും തേടണം
കൊട്ടിയം ശ്രീനാരയണ പോളിടെക്നിക് കോളേജ് മൂന്നാം വർഷ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനിയറിങ് വിദ്യാർഥിയാണ് ആദിത്യൻ. കാലാവസ്ഥ ദിനംപ്രതി മാറിമറിയുന്ന സാഹചര്യത്തിൽ കൃഷി ലാഭകരമാക്കാൻ ആധുനിക മാർഗങ്ങൾ കൂടി തേടണമെന്ന് ആദിത്യൻ പറയുന്നു. കോളേജിൽ എസ്എൻ പോളി അഗ്രിടെക് ഇന്നോവേഷൻ എന്നൊരു കൃഷികൂട്ടം കൂടി പ്രവർത്തിക്കുന്നുണ്ട്. കൃഷിയോട് താത്പര്യമുള്ള വിദ്യാർഥികളും അധ്യാപകരും ഒന്നുചേർന്നതോടെ കൃഷിയുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തുന്നതിനും പുതിയ രീതികൾ സ്വീകരിക്കുന്നതിനും പരീക്ഷിക്കുന്നതിനും അവസരമൊരുങ്ങി. മഴമറ തീർത്ത് കോളേജിൽ കൃഷി ചെയ്തുവരുന്നുണ്ട്. ഇതിന് മുൻനിരയിൽനിന്ന് പ്രവർത്തിക്കാൻ ആദിത്യനുമുണ്ട്. കൃഷിക്കൂട്ടം ആദിച്ചനല്ലൂർ പഞ്ചായത്തിലെ കൃഷിഭവൻറെ കീഴിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തു.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചർ റിസർച്ചിൻ്റെ അർക്ക വെർട്ടിക്കൽ ഗാർഡൻ കഴിഞ്ഞ വർഷം കോളേജിൽ കൊണ്ടുവരികയും അത് സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷന്റെ സബ്സിഡിയോടുകൂടി നടപ്പിലാക്കുകയും ചെയ്തു. മഴയത്ത് അർക്ക വെർട്ടിക്കൽ ഗാർഡനിൽ കൃഷി ചെയ്യുക എന്നതിന് പ്രയോഗികമായ ബുദ്ധിമുട്ടുണ്ട്. കാരണം മഴപെയ്ത് വെള്ളം കെട്ടിനിൽക്കുന്നതുകാരണം ചെടികൾക്കാവശ്യമായ വളം നഷ്ടപ്പെട്ടുപോകും. ആ പോരായ്മ മനസ്സിലാക്കി വിദ്യാർഥികൾ ചേർന്ന് ഒരു മോഡിഫൈഡ് വേർഷൻ "റൂഫ്‌ഡ് വെർട്ടിക്കൽ ഗാർഡൻ" തയ്യാറാക്കുകയും അത് വളരെ വിജയകരമായി നടത്തിവരികയും ചെയ്യുന്നതായി ആദിത്യൻ പറയുന്നു. അതോടൊപ്പം കോളേജിൽ വിവിധങ്ങളായിട്ടുള്ള കൃഷി, ജലസംരക്ഷണം, മാലിന്യ നിർമ്മാർജ്ജനം എന്നീ പദ്ധതികളെല്ലാം ഏറ്റെടുത്ത് നടത്തിവരുന്നു. അതിന്റെയൊക്കെ കോർഡിനേറ്റർ എന്ന രീതിയിൽ നേതൃത്വപരമായ പങ്കും ആദിത്യൻ വഹിക്കുന്നു.
ഓപ്പൺ പ്രിസിഷൻ ഫാം
ടെക്നിക്കൽ വിദ്യാർത്ഥികൾ എന്ന നിലയിൽ സാങ്കേതികമായ കൃഷിരീതികളാണ് പിൻതുടർന്ന് വരുന്നതെന്ന് ആദിത്യൻ പറയുന്നു. ഓപ്പൺ പ്രിസിഷൻ ഫാം ചെയ്യുന്നുണ്ട്. ആദ്യം തുറസ്സായ സ്ഥലത്താണ് ചെയ്തത്. ബഡ്ഡ് ഒരുക്കി ട്രിപ്പ് ലൈൻ വലിച്ച് മൾച്ചിങ് ഷീറ്റ് ഇട്ടാണ് ചെയ്തത്. പിന്നീട് അതിൽ തക്കാളി (NS-526), മുളക് (സിറ), വഴുതന (സൺ ഗ്രോ - 183), വെണ്ട (ഗ്രീൻ ഗോൾഡ്), പാവൽ (പ്രിയങ്ക) ഇത്തരം വിളകൾ കൃഷിചെയ്തു തുടങ്ങി. പിന്നീട് സംസ്ഥാന ഗവൺമെന്റിന്റെ വെജിറ്റബിൾ ഡവലപ്പ്മെൻ്റ് പ്രോഗ്രാം പദ്ധതിയിൽ ഉൾപ്പെടുത്തി കോളേജിൽ മഴമറ ലഭിച്ചു. മഴമറയിൽ വിവിധങ്ങളായ മുളകുകളാണ് ചെയ്യുന്നത്. പച്ചമുളക് (സെറ, കാപ്സിക്കം, ബജിമുളക് (ESSA-Chandini) തുടങ്ങിയവയാണ് കൃഷിചെയ്യുന്നത്. അതോടൊപ്പം പന്തലിട്ട് പടവലം ഓപ്പൺ പ്രിസിഷൻ ഫാമിങ് ചെയ്യുന്നുണ്ട്. പ്രിസിഷൻ ഫാമിങ്ങിന് ആവശ്യമായ ഡ്രിപ് ഇറിഗേഷൻ, ഫെർട്ടിഗേഷൻ യൂണിറ്റ് എന്നിവ ചെയ്യുന്നത് വിദ്യാർഥികൾ തന്നെയാണെന്നും ആദിത്യൻ പറയുന്നു.
പ്രിസിഷൻ ഫാമിങ് വർക്കുകൾ ഏറ്റെടുത്ത് നടത്തുന്നു
കോളേജിലെ വിദ്യാർഥികൾ ചേർന്ന് അധ്യാപകരുടെ സഹായത്തോടെ വിവധ കാർഷിക മേഖലയിലെ കാര്യങ്ങൾ മനസ്സിലാക്കാനായാണ് എസ്എൻ പോളി അഗ്രിടെക് ഇന്നോവേഷൻ കൃഷിക്കൂട്ടം രൂപവത്കരിച്ചത്. ഇപ്പോൾ പ്രിസിഷൻ ഫാമിങ് വർക്കുകൾ വെളിയിൽനിന്ന് ഏറ്റെടുത്ത് നടത്താൻ സാധിക്കുന്നുണ്ട്. എഴുകോണിൽ പാലരുവി ഫാർമർ പ്രൊഡ്യൂസർ കമ്പനി നടത്തുന്ന പ്രിസിഷൻ ഫാമിങ് ഏറ്റെടുക്കുകയും അവിടെ ഡ്രിപ് ഇറിഗേഷൻ, ഫെർട്ടിഗേഷൻ യൂണിറ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്തു. പഠനത്തോടൊപ്പംതന്നെ ഇത്തരം കാര്യങ്ങൾ ചെയ്യുന്നതുകൊണ്ട് അധിക വരുമാനം കൂടി ലഭിക്കുന്നുണ്ടെന്നും ആദിത്യൻ പറയുന്നു.
മാലിന്യ നിർമ്മാർജ്ജനത്തിനായി തുമ്പൂര്‍മൊഴി എയറോബിക് കമ്പോസ്റ്റ്
കോളേജിൽ മാലിന്യ നിർമ്മാർജ്ജനത്തിനായി തുമ്പൂര്‍മൊഴി എയറോബിക് കമ്പോസ്റ്റ് ഉപയോഗിക്കുന്നുണ്ട്. കോളേജിലെ കുട്ടികൾ കഴിച്ച ആഹാര അവശിഷ്ടങ്ങളാണ് ഇതിൽ കൂടുതലായും ഇടുന്നത്. ഏകദേശം 90 മുതൽ 120 ദിവസത്തിനുള്ളിൽ ഇത് പൊടിഞ്ഞ് വളമാകും. ക്യാമ്പസിനുള്ളിൽ റബൂട്ടാൻ, മാങ്കോസ്റ്റിൻ, സാന്തോൾ ഉൾപ്പെടെയുള്ള ഫലവൃക്ഷങ്ങളും ചെയ്യുന്നുണ്ട്. കൃഷിയേയും മാലിന്യ നിർമ്മാർജ്ജനത്തേയും ജല സംരക്ഷണത്തേയും പ്രോത്സഹിപ്പിക്കുന്ന ഒരു ക്യാമ്പസ് ആണുള്ളത്. ഈ ക്യാമ്പസിലെ പ്രവർത്തനങ്ങളിൽ നേതൃപരമായ പങ്കുവഹിക്കുവാൻ കോർഡിനേറ്റർ എന്ന നിലയിൽ സാധിച്ചു എന്നത് സന്തോഷകരമായ കാര്യമാണെന്നും ആദിത്യൻ പറയുന്നു.
തുടർപഠനത്തൊടൊപ്പംതന്നെ കൃഷി ഉപജീവനമാർഗ്ഗമായി തുടർന്നുപോകണമെന്നാണ് ആദിത്യന്റെ ആഗ്രഹം. ഇതിൽനിന്ന് ലഭിക്കുന്ന മാനസികവും ശാരീരികവുമായ സന്തോഷം മറ്റൊന്നിൽനിന്നും ലഭിക്കില്ലെന്നും ആദിത്യൻ പറയുന്നു.
Content Highlights: college student farmer award winner adhithyan a