ഇടനിലക്കാർ കുറഞ്ഞു, തേങ്ങവില കൂടിയത് കർഷകർക്കു നേട്ടമായി- കൃഷിവകുപ്പ്

ആലപ്പുഴ: ഇത്തവണ തേങ്ങയുടെ വില കൂടിയത് കർഷകർക്കു നേട്ടമായെന്ന് കൃഷിവകുപ്പ്. ഇടനിലക്കാരെ പരമാവധി ഒഴിവാക്കി കച്ചവടക്കാർ നേരിട്ടു സംഭരിച്ചതാണ് ഗുണമായതെന്ന് അധികൃതർ പറഞ്ഞു.
2024-ലെ സാമ്പത്തിക സ്ഥിതിവിവരക്കണക്കു പ്രകാരം വെളിച്ചെണ്ണയ്ക്ക് ക്വിന്റലിന് ശരാശരി 16,468 രൂപയായിരുന്നു. ഇപ്പോഴിത് 29,974 രൂപയായി. പൊതിച്ച തേങ്ങയുടെ വില ക്വിന്റലിന് 3,102-ൽനിന്ന് 6,484 രൂപയായി ഉയർന്നു. ഒരുകിലോ പച്ചത്തേങ്ങയ്ക്ക് 2024-ൽ 30-33 രൂപയായിരുന്നു വില. ഈ വർഷം 60-65 രൂപയായി.
മുൻകാലങ്ങളിൽ വിലക്കൂടുതലിന്റെ വലിയൊരു ഭാഗം ഇടനിലക്കാരുടെ കൈകളിലെത്തുമായിരുന്നു. നേരിട്ടു തേങ്ങ ശേഖരിക്കാൻ ചെറുകിട കച്ചവടക്കാരും സംസ്കരണ യൂണിറ്റുകളും ഇറങ്ങിയതാണ് കർഷകർക്ക് ആശ്വാസമായത്. കാർഷിക സഹകരണസംഘങ്ങളും കാർഷികോത്പാദന സംഘടനകളും സഹകരിച്ചതോടെയാണ് ഇടനിലക്കാരുടെ ചൂഷണം ഒരുപരിധിവരെ കുറയ്ക്കാനായത്. തേങ്ങവില ഉയർന്നതോടെ തെങ്ങുപരിപാലനത്തിനുള്ള താത്പര്യവും കൂടി. കേരള കാർഷിക സർവകലാശാല, നാളികേര വികസന ബോർഡ്, കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം, സർക്കാർ കൃഷിഫാമുകൾ എന്നിവയുടെ സഹകരണത്തോടെ അത്യുത്പാദനശേഷിയുള്ള തെങ്ങിൻതൈകൾ വിതരണംചെയ്യുന്നുണ്ട്. കേരകൃഷിവികസനത്തിനായി സർക്കാർ രൂപവത്കരിച്ച നാളികേര വികസന കൗൺസിലിന്റെ നിർദേശപ്രകാരമാണിത്.
അഞ്ചുവർഷത്തിനിടെ 70,42,615 തെങ്ങിൻതൈകളാണു വിതരണം ചെയ്തത്. ഇതിൽ കൂടുതലും ഉയരക്കൂടുതലുള്ള പശ്ചിമതീര നെടിയ ഇനങ്ങൾ (ഡബ്ല്യുസിടി), കുള്ളൻ ഇനം (ഡ്വാർഫ്), മറ്റു സങ്കരയിനങ്ങൾ എന്നിവയാണെന്ന് കൃഷിവകുപ്പ് അധികൃതർ പറഞ്ഞു.
Content Highlights: Kerala farmers see significant gains as direct sourcing by traders cuts out middlemen, boosting coconut prices. Government initiatives support increased yield.