ഇളനീരുമായി വരൂ ഐസ്‌ക്രീമാക്കാം; കൊക്കോ ടീം കർഷകക്കൂട്ടായ്മയുടെ പദ്ധതി ഹിറ്റ്

പ്രതീകാത്മക ചിത്രം| ഫോട്ടോ: മധുരാജ് / മാതൃഭൂമി
പ്രതീകാത്മക ചിത്രം| ഫോട്ടോ: മധുരാജ് / മാതൃഭൂമി

പേരാമ്പ്ര(കോഴിക്കോട്): കരിക്കുപറിച്ച് വിൽക്കാൻ അല്പം മടിയാണ് നമ്മുടെ നാട്ടുകാർക്കെന്നതിന് മറുനാട്ടിൽനിന്ന് കരിക്കുമായെത്തുന്ന വാഹനങ്ങൾതന്നെ സാക്ഷ്യം. ഇതിൽനിന്ന് മാറിച്ചിന്തിക്കാനും നല്ലവിലയ്ക്ക് കരിക്കുവിൽക്കാൻ പ്രോത്സാഹനംനൽകാനും സഹായിക്കുകയാണ് പേരാമ്പ്രയിലെ കൊക്കോ ടീം കർഷകക്കൂട്ടായ്മ. ഇളനീരിൽനിന്ന് മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കി കർഷകർക്ക് കൂടുതൽ ആദായംനൽകാനാണ് ഇവരുടെ ലക്ഷ്യം.

ഇളനീർ ഐസ്‌ക്രീമാണ് ഇവർ വിപണിയിലിറക്കിയ പ്രധാന ഉത്പന്നം. ഇളനീർ ഐസ്‌ക്രീം, ഇളനീർ ജ്യൂസ്, ഷെയ്ക്ക് എന്നിവയെല്ലാം വിൽക്കാൻ പേരാമ്പ്ര എൽ.ഐ.സി.ക്കുസമീപം ഇളനീർ പാർലർ തുടങ്ങിയിട്ടുണ്ടിവർ. മാർച്ചിലായിരുന്നു തുടക്കം. ഇളനീർ പുഡ്ഡിങ്ങും ആലോചനയിലാണ്.

കൃഷിവകുപ്പിന്റെ സഹകരണത്തോടെയാണ് കേരകർഷകർ ചേർന്ന് കോക്കോ ടീം ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ രൂപവത്കരിച്ചത്. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിലെ ഏഴ്‌ പഞ്ചായത്തുകളിലെയും, തോടന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ നാല്‌ പഞ്ചായത്തുകളിലെയും കർഷകരെ ഉൾപ്പെടുത്തി 110 കർഷകരാണ് അംഗങ്ങൾ. ചക്കിട്ടപാറ നരിനടയിലെ മിറ്റത്താനിക്കൽ സുഭാഷ് തോമസ് പ്രസിഡന്റും പേരാമ്പ്ര എടവരാട്ടെ ആലിയോട്ട് ഹമീദ് സെക്രട്ടറിയുമാണ്.

കൃഷിവകുപ്പ് ഫാം പ്ലാൻ പദ്ധതിയുടെ ഭാഗമായി അഞ്ചുലക്ഷം രൂപ ഓർഗനൈസേഷന് ഇളനീർ പാർലർ തുടങ്ങാൻ അനുവദിച്ചു. പേരാമ്പ്രയിലെ സംസ്ഥാന സീഡ് ഫാമിന്റെ റോഡരികിലെ കെട്ടിടം വാടകയ്ക്കുനൽകി. രണ്ട്‌ ജീവനക്കാരാണിവിടെയുള്ളത്. കർഷകർ പാർലറിലെത്തിച്ചുനൽകിയാൽ വലുപ്പത്തിനനുസരിച്ച് 15 മുതൽ 25 വരെ രൂപ വിലനൽകും. കരിക്ക് കൂടുതലെണ്ണമുണ്ടെങ്കിൽ തോട്ടത്തിൽപ്പോയി 15 രൂപക്ക് പറിച്ചെടുക്കും. കരിക്ക് നൽകാനുള്ളവർക്ക് ബന്ധപ്പെടാം. ഫോൺ: 8943203698.

Content Highlights: Cocoa Team Farmers Cooperative project to make ice cream from coconut water