ഏലത്തിന്റെ എല്ലാ ഗുണങ്ങളും ലഭിക്കും, ഏലക്കായുടെ അത്ര വിലയില്ല; താരമായി ഏലക്കാ അരിയും

കട്ടപ്പന: ഒരുമാസമായി ഏലത്തിന് മികച്ച വില ലഭിക്കുമ്പോൾ വില ഉയർന്ന് ഏലക്കാ അരിയും. ഏലത്തിന്റെ എല്ലാ ഗുണങ്ങളും അരിക്കും ലഭിക്കും എന്നതും ഏലക്കായുടെ അത്ര വിലയില്ല എന്നതുമാണ് അരിയുടെ വില ഉയരാൻ കാരണം.
ബുധനാഴ്ച സ്പൈസ് മോർ ട്രേഡിങ് കമ്പനി നടത്തിയ ഇ-ലേലത്തിൽ ഏലക്കായയ്ക്ക് 2440 രൂപ ശരാശരി വില ലഭിച്ചു. ഹൈറേഞ്ചിലെ കമ്പോളങ്ങളിലും 2400 രൂപ ലഭിക്കുന്നുണ്ട്. ഇതേസമയം 2200 രൂപയ്ക്ക് ഏലക്കാഅരി വിപണിയിൽ ലഭിക്കും. ഹോട്ടൽ ഉടമകളും ഏലക്കാ സത്ത് ഉത്പാദിപ്പിക്കുന്നവരുമാണ് നിലവിൽ അരിയുടെ പ്രധാന ഉപഭോക്താക്കൾ. കാറ്ററിങ് ഗ്രൂപ്പുകളും അപൂർവമായി വാങ്ങുന്നുണ്ട്.
ഏലക്കാഅരിക്ക് വില വർധിച്ചപ്പോൾ കർഷകരേക്കാൾ അധികം പ്രയോജനം ലഭിച്ചത് ഏലം സംസ്‌കരണ കേന്ദ്രം (സ്റ്റോർ) ഉടമകൾക്കാണ്. പച്ച ഏലക്കാ സംസ്‌കരിക്കുന്നതിനിടെ ലഭിച്ച അരി ശേഖരിച്ച സ്റ്റോർ ഉടമകൾ മികച്ച വിലയ്ക്കാണ് ഇവ വിൽക്കുന്നത്.
വൻകിട കച്ചവടക്കാരുടെ കൈയിലും അരി സ്റ്റോക്കുണ്ട്. ഏലംവില ഓണനാളിൽവരെ ഉയർന്നുനിന്നാൽ വിപണിക്ക് ഗുണം ചെയ്യുമെന്നാണ് കർഷകരുടെയും പ്രാദേശിക വ്യാപാരികളുടെയും വിലയിരുത്തൽ. തുടർച്ചയായ മഴയത്ത് ഉത്പാദനം കുറഞ്ഞത് കർഷകരെ അലട്ടുന്നുണ്ട്.
2019 ഓഗസ്റ്റ് മൂന്നിനാണ് ഏലത്തിന് റെക്കോഡ് വില ലഭിക്കുന്നത്. അന്ന് പുറ്റടി സ്പൈസസ് പാർക്കിൽ നടന്ന ഇ-ലേലത്തിൽ കിലോയ്ക്ക് 7000 രൂപ ലഭിച്ചു. കട്ടപ്പന, അണക്കര കമ്പോളങ്ങളിൽ 6000 രൂപയോളം കിട്ടി. പിന്നീട് വില താഴ്ന്ന് കിലോയ്ക്ക് 900 രൂപയിലേക്ക് കൂപ്പുകുത്തി.
Content Highlights: Cardamom seed prices have increased