ബ്രസീൽ കാപ്പി നിലവാരം മെച്ചപ്പെട്ടു; രാജ്യത്തെ കാപ്പി വിലയിൽ ഇടിവ്

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

കൊച്ചി: മാസങ്ങളായി ഉയർച്ചയിലായിരുന്ന രാജ്യത്തെ കാപ്പി വിലയിൽ ഇടിവ്. കഴിഞ്ഞ മൂന്നു മാസത്തിനിടെ അറബിക്ക ഇനത്തിന്റെ വില 17 ശതമാനവും രാജ്യത്ത് പ്രധാനമായി കൃഷിചെയ്യുന്ന റോബസ്റ്റ ഇനത്തിന്റെ വില 30 ശതമാനവും കുറഞ്ഞതായാണ് കോഫി ബോർഡിന്റെ കണക്ക്.

ബ്രസീലിൽനിന്നുള്ള കാപ്പി വിളയുടെ നിലവാരം പ്രതീക്ഷിച്ചതിനെക്കാൾ മെച്ചപ്പെട്ടതാണ് വിലയിടിവിനു കാരണം. 2025 മാർച്ച് അവസാന ആഴ്ചയിൽ കിലോയ്ക്ക് 264 രൂപ ലഭിച്ചിരുന്ന റോബസ്റ്റ് ചെറിക്ക്‌ 206 രൂപ വരെയായി വില കുറഞ്ഞു. 458 രൂപയായിരുന്ന റോബസ്റ്റ പാർച്ച്‌മെന്റിന്റെ (തൊലി കളഞ്ഞ കാപ്പി) വില 340 രൂപ വരെയെത്തി. അറബിക്ക പാർച്ച്‌മെന്റിന്റെ വില 540 രൂപയിൽ നിന്ന് 504 രൂപയിലേക്ക് താഴ്ന്നു. അറബിക്ക ചെറി 340 എന്ന നിലയിൽനിന്ന് 284 രൂപയിലെത്തി.

മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കാപ്പിയുടെ വില ഉയർന്നതോടെ കൂടുതൽ മെച്ചപ്പെട്ട വില കിട്ടാനായി കാത്തിരുന്ന കർഷകർക്ക് വിലയിടിവ് തിരിച്ചടിയായിട്ടുണ്ട്. മഴമൂലം ബ്രസീലിൽ കാപ്പി ഉത്പാദനം കുറവായിരിക്കും എന്നാണ് നേരത്തേ കണക്കാക്കിയിരുന്നത്. എന്നാൽ, വിള അത്രത്തോളം മോശമല്ലാത്തതിനാൽ ആഗോള വിപണിയിൽ ലഭ്യത ഉയർന്നു. ആഗോള ഉത്പാദനത്തിലെ കുറവുമൂലം കാപ്പിക്ക്‌ മുൻ വർഷങ്ങളെക്കാൾ മികച്ച വിലയാണ് ലഭിച്ചുവന്നിരുന്നത്. പ്രധാന ഉത്പാദകരായ ബ്രസീലിലെയും വിയറ്റ്‌നാമിലെയും വിളയെ കാലാവസ്ഥാ വ്യതിയാനം ബാധിച്ചതായിരുന്നു ഇതിന് പ്രധാന കാരണം.

Content Highlights: Coffee prices in India drop significantly due to improved Brazilian coffee crop quality