നാടൻ തൊട്ട് വിദേശിവരെ! അധ്യാപകനായ ശ്രേയസ്സിന്റെ കൃഷിയിടത്തിൽ വിളയുന്നത് നൂറോളം വ്യത്യസ്ത ഫലവർഗ്ഗങ്ങൾ

#സ്വന്തം ലേഖകൻ

കണ്ണൂർ: അധ്യാപന ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും മണ്ണിൽ നൂറുമേനി വിളവ് കൊയ്ത് മാതൃകയാവുകയാണ് ഒഞ്ചിയത്തെ ഒരു അധ്യാപക കുടുംബം. ഒഞ്ചിയം വള്ളികുളങ്ങരയ്ക്കും ഓർക്കാട്ടേരിക്കും ഇടയിലുള്ള ചാറ്റുകുളത്തിന് സമീപത്തെ മുക്കാട്ട് 'തണൽ' വീട്ടിൽ താമസിക്കുന്ന ഈ കുടുംബം തങ്ങളുടെ എൺപത് സെന്റ് സ്ഥലത്താണ് വൈവിധ്യമാർന്ന കൃഷിയിടം ഒരുക്കിയിരിക്കുന്നത്. മികച്ച പഞ്ചായത്തുതല യുവകർഷക അവാർഡ് ജേതാവായ ശ്രേയസ്സ് മാഷും അദ്ദേഹത്തിന്റെ അച്ഛനും അമ്മയും അടങ്ങുന്ന ഈ അധ്യാപക കുടുംബത്തിന്റെ കഠിനാധ്വാനമാണ് ഈ പച്ചത്തുരുത്തിന് പിന്നിൽ.

വില്ല്യാപ്പള്ളി എം.ജെ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ അധ്യാപകനായ ശ്രേയസ്സ് കഴിഞ്ഞ അഞ്ച് വർഷമായി ഈ കൃഷിയിടത്തിൽ നാടനും വിദേശിയുമായ നിരവധി ഫലവൃക്ഷങ്ങളാണ് വളർത്തി വിളവെടുക്കുന്നത്. സിന്തൂർ ഉൾപ്പെടെ പതിനഞ്ച് ഇനം മാവുകൾ, നാല് ഇനം പ്ലാവ്, ഏഴിനം ജബോട്ടിഹാബ, എട്ട് തരം ഡ്രാഗൺ ഫ്രൂട്ട്, മൂന്ന് തരം റംബുട്ടാൻ, ചാമ്പ, പേര, ഞാവൽ, അബിയു, സീതാപ്പഴം തുടങ്ങി നൂറോളം ഇനം വ്യത്യസ്ത ഫലവൃക്ഷങ്ങളാണ് തണൽ വീടിന്റെ മുറ്റത്ത് തഴച്ചുവളരുന്നത്.

ഊരാളുങ്കൽ വി.വി. സ്കൂൾ മുൻ പ്രധാന അധ്യാപകൻ മുരളീധരന്റെയും ഓർക്കാട്ടേരി നോർത്ത് യു.പി. സ്കൂൾ അധ്യാപിക ഷീജയുടെയും മകനായ ശ്രേയസ്സിന് തന്റെ പരമ്പരാഗത കാർഷിക കുടുംബത്തിൽനിന്ന് ലഭിച്ച അറിവുകളാണ് ഈ ഹരിതവിപ്ലവത്തിന് കരുത്തേകിയത്.

ഫലവൃക്ഷങ്ങൾക്കു പുറമെ മത്സ്യകൃഷിയും കോഴി വളർത്തലും ഇവർ വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. കാർഷിക രംഗത്തെ ഈ മികച്ച പ്രവർത്തനങ്ങൾ കണക്കിലെടുത്ത്, കാർഷികദിനത്തിൽ ഏറാമല പഞ്ചായത്ത് കൃഷി വകുപ്പ് ശ്രേയസ്സിനെ മികച്ച യുവകർഷകനായി തിരഞ്ഞെടുത്ത് ആദരിച്ചിരുന്നു. അധ്യാപനത്തോടൊപ്പം കൃഷിയെയും നെഞ്ചോട് ചേർത്തുപിടിക്കുന്ന ഈ കുടുംബം വരുംതലമുറയ്ക്ക് വലിയൊരു പ്രചോദനമാണ് നൽകുന്നത്.

https://cdn.jwplayer.com/players/EM8qgFfd-dbzR9ypW.html

Content Highlights: Teacher Shreyas cultivates 100 different fruit varieties on 80 cents of land. Grows exotic and native trees including Jaboticaba, Dragon Fruit, and Rambutan.