ആഫ്രിക്കൻ ഒച്ചുകളിൽ സ്വഭാവവ്യതിയാനം; തണുപ്പിലും ചൂടിലും അതിജീവനം, കാർഷികമേഖലയിലുണ്ടാക്കുന്ന പ്രത്യാഘാതം വലുത്

തൃശ്ശൂർ: അധിനിവേശ ജീവിയായ ആഫ്രിക്കൻ ഒച്ചുകളിൽ ചൂടിനേയും തണുപ്പിനേയും അതിജീവിക്കുന്ന രീതിയിൽ സ്വഭാവവ്യതിയാനം രൂപപ്പെടുന്നു. കേരളത്തിൽ, ഈർപ്പമുള്ള കാലാവസ്ഥയിൽമാത്രം നിലനിന്നിരുന്ന അവ കേരളത്തിലെ ഏതുകാലാവസ്ഥയെയും അതിജീവിക്കാനുള്ള ശക്തിനേടി. കാർഷികമേഖലയിൽ ഉൾപ്പെടെ വൻ പ്രത്യാഘാതത്തിന് കാരണമാകുന്നതാണ് ഈ മാറ്റം. കുട്ടികൾക്ക് കടുത്ത ആരോഗ്യപ്രശ്നമുണ്ടാക്കുന്ന ഇവ കാലാവസ്ഥമാറ്റങ്ങളെ അതിജീവിക്കുന്നതോടെ കൂടുതൽ വ്യാപിക്കുന്ന സ്ഥിതിയുമുണ്ടാകും. കാർഷിക സർവകലാശാല സെന്റർ ഫോർ പ്ലാന്റ് ബയോടെക്നോളജി ആൻഡ് മോളിക്കുലാർ ബയോളജിയിലെ ഗവേഷകരായ ഡോ. ദീപു മാത്യു, ഡോ. കീർത്തി വിജയൻ എന്നിവർ നടത്തിയ പഠനത്തിലാണ് ഈ പ്രവണത മനസ്സിലാക്കിയത്.
പശ്ചിമഘട്ടമേഖലയിലെ ഏലത്തോട്ടങ്ങളിലെ ആഫ്രിക്കൻ ഒച്ചിന്റെ വ്യാപനമായിരുന്നു പഠനവിഷയം. 2021 വരെ ആഫ്രിക്കൻ ഒച്ചുകൾ ഇല്ലാത്ത ജില്ലയായിരുന്ന ഇടുക്കിയിൽ ഇപ്പോൾ 25-ൽ അധികം സ്ഥലത്ത് ആഫ്രിക്കൻ ഒച്ചുകൾ ഉണ്ട് എന്ന് ഗവേഷകർ പറയുന്നു. ഡിസംബറിലെ ഇവിടത്തെ തണുപ്പ് അതിജീവിക്കാത്ത ഇത്തരം ഒച്ചുകൾ ഇപ്പോൾ ഈ കാലാവസ്ഥയെ അതിജീവിക്കുകയും ചെയ്യുന്നുണ്ട്.
അതേസമയം തമിഴ്നാട്ടിലെയും കർണാടകയിലെയും വലിയ ചൂടുള്ള സ്ഥലങ്ങളിൽ ആഫ്രിക്കൻ ഒച്ചുകൾ അതിജീവിക്കുന്നതായും ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. ഇതും സ്വഭാവവ്യതിയാനമാണ്. സാധാരണ ചൂടുകാലത്ത് മണ്ണിനുള്ളിൽ സുരക്ഷിതസ്ഥലം തേടുകയും മഴപെയ്യുന്നതോടെ പുറത്തുവരുകയുമാണ് ഇവ ചെയ്യുന്നത്. കേരളത്തിലെ ആഫ്രിക്കൻ ഒച്ചുബാധയുള്ള സ്ഥലങ്ങളിലെല്ലാം ഇതാണ് സംഭവിക്കുന്നത്. ചൂടിനെ അതിജീവിക്കാൻ ഇവ പഠിക്കുന്നതോടെ വേനലിലും ഇവകൊണ്ടുള്ള ബുദ്ധിമുട്ടനുഭവിക്കേണ്ടിവരും.
ആഫ്രിക്കൻ ഒച്ചുകൾ തണുപ്പുപ്രദേശങ്ങളിൽ വ്യാപിക്കുന്നതോടെ നിലവിലെ സ്ഥിതിയിൽനിന്ന് വ്യത്യസ്തമായി നാണ്യവിളകളെ രൂക്ഷമായി ബാധിക്കുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഇത് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഏലത്തിനുപുറമേ കാപ്പി, തേയില, വാനില തുടങ്ങി വിവിധ വിളകളെ ആഫ്രിക്കൻ ഒച്ച് ബാധിക്കുന്നുണ്ട്.
സ്വഭാവവ്യതിയാനം അപകടകരം
ആഫ്രിക്കൻ ഒച്ചുകളുടെ സ്വഭാവ വ്യതിയാനം അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുക. നാണ്യവിളകളെ ഇത് വളരെയധികം ദോഷകരമായി ബാധിക്കും. സ്വഭാവത്തിലെ മാറ്റം ഇവയുടെ വ്യാപനത്തിന്റെ ശക്തി വർധിപ്പിക്കുന്നു. ഏതുകാലാവസ്ഥയിലും ഇവ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ട സ്ഥിതിയാണ് ഉണ്ടാകുന്നത്. കാർഷിക സർവകലാശാല പോസ്റ്റ് ഡോക്ടറൽ ഫെലോ ഡോ. കീർത്തി വിജയൻ പറഞ്ഞു.
Content Highlights: African snails in Kerala are evolving to survive extreme cold and heat, posing a significant threat to agriculture and human health. Learn about this dangerous adaptation.