കാർഷികമേഖലയിലെ പോരാട്ടവീര്യം; ജൈവകൃഷിയിൽ പുരസ്കാരനേട്ടവുമായി അബ്ബന്നൂർ ഉന്നതി

അഗളി: വന്യമൃഗങ്ങളോടും പ്രതികൂല കാലാവസ്ഥയോടും പോരാടിയും പാരമ്പര്യത്തെ മുറുകെപ്പിടിച്ചും ജൈവകൃഷി ചെയ്ത് മികച്ച വിളവുണ്ടാക്കിയ അബ്ബന്നൂർ ഉന്നതിയിലെ ആദിവാസിസമൂഹത്തിന്റെ പോരാട്ടം സംസ്ഥാനത്തെങ്ങും അറിയപ്പെട്ടതിന്റെ ആഹ്ളാദത്തിലാണ് ഈ ഗ്രാമം. സംസ്ഥാനതലത്തിൽ ജൈവകൃഷിയിൽ ഒന്നാം സ്ഥാനമാണ് അബ്ബന്നൂർ ഉന്നതി നേടിയത്. മൂന്ന് ലക്ഷം രൂപയുടേതാണ് പുരസ്കാരം. മല്ലീശ്വരൻമുടിയുടെ താഴ്‌വാരത്തിൽ മുഡുഗ വിഭാഗക്കാർ താമസിക്കുന്ന അബ്ബന്നൂരിന്റെ വിസ്തൃതി 135 ഹെക്ടറാണ്. ഇതിൽ 124 ഹെക്ടറിൽ കൃഷി ചെയ്യുന്നു. 86 കർഷകരാണുള്ളത്.
വനാതിർത്തി പങ്കിടുന്ന ഉന്നതിയിൽ വന്യമൃഗശല്യത്തിനിടയിലും മികച്ച വിളവാണ് ഉണ്ടാക്കുന്നത്. ആദിവാസികളുടെ പാരമ്പര്യവിളകളായ റാഗി, തിന, ചാമ, മണിച്ചോളം, കമ്പ് എന്നിവയ്ക്കാണ് പ്രാധാന്യം നൽകുന്നത്. പയറുവർഗങ്ങളിൽ തുവര, അവര, ബീൻസ്, വൻപയർ എന്നിവയും എണ്ണക്കുരുക്കളിൽ കടുകും കൃഷി ചെയ്യുന്നുണ്ട്. ഔഷധസസ്യങ്ങളിൽ ഇരുവേലിയും ആടലോടകവുമുണ്ട്. കരനെല്ലും ചോളവും ജൈവക്കൃഷിയിലൂടെ പരീക്ഷിച്ച് വിജയിച്ചിട്ടുണ്ട്, ഇവിടത്തെ കർഷകർ.
Content Highlights: Abbanoor Unnathi, a tribal community in Agali, wins the first prize for organic farming in Kerala