46 ഏക്കറിൽ നെൽക്കൃഷി; വന്യമൃഗശല്യം രൂക്ഷമായിട്ടും കൃഷി മുടക്കാതെ ഗോത്രകർഷകർ

പ്രതീകാത്മക ചിത്രം | Photo: Mathrubhumi
പ്രതീകാത്മക ചിത്രം | Photo: Mathrubhumi

സുൽത്താൻബത്തേരി: രൂക്ഷമായ വന്യമൃഗശല്യത്തിനിടയിലും പ്രതീക്ഷയോടെ കൃഷിയിറക്കി നൂൽപ്പുഴ പഞ്ചായത്തിലെ ഊരംകുന്ന്, കാടൻകൊല്ലി പ്രദേശങ്ങളിലെ ഗോത്ര കുടുംബങ്ങൾ. കുറുമവിഭാഗത്തിലെ ഇരുപത്തിരണ്ടോളം കുടുംബങ്ങളാണ് 46 ഏക്കറോളം സ്ഥലത്ത് മുടങ്ങാതെ ഈ വർഷവും നെൽക്കൃഷിയിറക്കിയത്. പ്രതിസന്ധികൾ പലതുണ്ടെങ്കിലും കൃഷിയുപേക്ഷിക്കാൻ ഇവർ തയ്യാറല്ല. പൂർവികർ തുടങ്ങിവെച്ച ശീലമായതിനാൽ കൃഷിമുടക്കാൻ മനസ്സുവരുന്നില്ലെന്നും അതുകൊണ്ട് ലാഭവും നഷ്ടവുമൊന്നും നോക്കാറില്ലെന്നുമാണ് ഇവർ പറയുന്നത്.

നഷ്ടസാധ്യതയും വന്യമൃഗശല്യവുംമൂലം സമീപപ്രദേശങ്ങളിൽ കർഷകർ കൃഷിയുപേക്ഷിക്കുമ്പോൾ കൂട്ടായ്മയുടെ ശക്തിയാണ് ഇവർക്ക് കരുത്ത്. ഉറക്കമിളച്ചിരുന്ന് കൃഷിയിടത്തിനുചുറ്റും കാവലൊരുക്കിയാണ് ഇവർ കൃഷിയിടം സംരക്ഷിക്കുന്നത്. ജലദൗർലഭ്യമുള്ളതിനാൽ നഞ്ചക്കൃഷി മാത്രമാണ് ചെയ്യുന്നത്.

നൂൽപ്പുഴ പഞ്ചായത്ത് 13-ാംവാർഡിൽ കണ്ണങ്കോട് പാടശേഖരത്തിലുൾപ്പെടുന്ന പ്രദേശമാണ് ഊരൻകുന്ന്, കാടൻകൊല്ലി പ്രദേശങ്ങൾ. ഊരൻകുന്ന് ഭാഗത്തെ 12- ഓളം കൃഷിക്കാർചേർന്ന് 40,000 രൂപ മുടക്കി ഫെൻസിങ്ങ് ഏർപ്പെടുത്തി. എങ്കിലും വന്യമൃഗശല്യം പരിഹരിക്കാൻ കൃഷിക്കാർ സ്വയം പണം മുടക്കേണ്ടിവരുന്നത് നിരാശാജനകമാണെന്നും പ്രശ്നപരിഹാരത്തിന് സർക്കാർതലത്തിൽ ഇടപെടലുകൾവേണമെന്ന് ഊരംകുന്ന് ഭാഗത്തെ കർഷകനായ രാമകൃഷ്ണൻ പറയുന്നു. കൃഷിയിടത്തിൽ ആനയെത്തുന്നതൊഴിവാക്കാൻ ഒരുനിര വൈദ്യുതക്കമ്പി ഇവർ വയലിനുചുറ്റും സജ്ജമാക്കിയിരുന്നു. എന്നാൽ മാനും പന്നിയുമടങ്ങുന്ന മറ്റുമൃഗങ്ങൾ വലിയ നഷ്ടമുണ്ടാക്കുന്നുണ്ടെന്നാണ് കർഷകർ പറയുന്നത്.

ചെറുകിടജലസേചന പദ്ധതിയിൽനിന്നും അമ്പതുലക്ഷംരൂപ ഉപയോഗിച്ച് സ്ഥലത്ത് ചെക്ക്ഡാം നിർമിച്ചിട്ടുണ്ട്. ജലദൗർലഭ്യം പരിഹരിച്ചാൽ പുഞ്ചക്കൃഷികൂടി നടത്താമെന്ന ലക്ഷ്യത്തോടുകൂടിയാണിത്. മുണ്ടക്കൊല്ലി, അമ്പായക്കൊല്ലി, കുപ്പിക്കുണ്ട് മേഖലയിൽനിന്നും ചീരാലിൽനിന്നും ഉദ്‌ഭവിച്ച് ഊരൻകുന്നിൽ സംഗമിക്കുന്ന തോടുകൾക്കു കുറുകെയാണ് ചെക്ക്ഡാം നിർമിച്ചത്. വന്യമൃഗശല്യത്തെ അതിജീവിക്കാൻ ഫെൻസിങ് സംവിധാനംകൂടി വേണമെന്നാണ് ഇവരുടെ ആവശ്യം.

പന്ത്രണ്ടാം വാർഡിലുൾപ്പെടുന്ന കോട്ടൂർ, കായപ്പുര അടയ്ക്കാമാങ്ങ പ്രദേശങ്ങളിലെ അറുപതിലേറെ ഗോത്രകർഷകരും വന്യമൃഗശല്യംമൂലം കഷ്ടപ്പെടുന്നുണ്ട്. ഓടക്കൊല്ലിഭാഗത്ത് എട്ടേക്കറോളംഭാഗത്ത് കാട്ടുനായ്ക്കവിഭാഗത്തിലെ കർഷകരും കൃഷിയിറക്കുന്നുണ്ട്. വല്ലത്തൂർ, ചെറുവയൽ ഭാഗത്ത് പതിനെട്ടേക്കറോളം നെൽവയലുണ്ട്. എന്നാൽ ഈ ഭാഗങ്ങളിലെല്ലാം വന്യമൃഗശല്യം കർഷകരെ വലിയ പ്രതിസന്ധിയിലാക്കുന്നുണ്ട്.

തോട്ടാമൂല വനമേഖലയിൽനിന്നുമാണ് പ്രദേശത്തെ കൃഷിയിടങ്ങളിൽ വന്യമൃഗങ്ങളെത്തുന്നത്. കണ്ണങ്കോട് പാടശേഖരത്തിന്റെ വിവിധ ഭാഗങ്ങളിൽ കൃഷിക്ക് പ്രതിസന്ധിയാകുന്നവിധം വന്യമൃഗശല്യം രൂക്ഷമായിട്ടുണ്ടെന്നും ഇത് പരിഹരിക്കാൻ പ്രത്യേക പാക്കേജ് വേണമെന്നും കണ്ണങ്കോട് പാടശേഖരസമിതി പ്രസിഡന്റ് കെ.എ. ചന്തു പറഞ്ഞു.

Content Highlights: 46 acres of paddy cultivation