രാസവളവും പമ്പും വേണ്ട; പ്രകൃതിയുടെ താളത്തിനൊത്ത് ഒരു 'എൻജിനീയറിങ് വിസ്മയം'; എന്താണ് സാബോ കൃഷിരീതി?

നാഗാലാൻഡിലെ കിക്രുമ എന്ന ചെറിയ ഗ്രാമത്തിലെ ചഖേസങ് ഗോത്രവിഭാഗക്കാർ നൂറ്റാണ്ടുകളായി പ്രകൃതിയോട് ചേർന്നുനിന്ന് നടത്തുന്ന അതിശയകരമായ ഒരു കൃഷിരീതിയുണ്ട്. 'സാബോ' എന്ന ഈ രീതി കേവലം കൃഷിയല്ല, മറിച്ച് പ്രകൃതിയുടെ താളത്തിനനുസരിച്ചുള്ള ഒരു ജീവിതരീതിയാണ്. ആധുനികലോകം ജലസംരക്ഷണത്തിനായി നെട്ടോട്ടമോടുമ്പോൾ, ഈ ഗ്രാമവാസികൾ ഓരോ മഴത്തുള്ളിയെയും എങ്ങനെ തടഞ്ഞുനിർത്താമെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുന്നു. ഈ പാരമ്പര്യ അറിവ് വരാനിരിക്കുന്ന വലിയ കാലാവസ്ഥാ പ്രതിസന്ധികളെ ഒരു പരിധിവരെ പ്രതിരോധിക്കാൻ സഹായകരമാകുമെന്നും കാലാവസ്ഥാ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.
'സാബോ' എന്നാൽ 'മഴവെള്ളം തടഞ്ഞുനിർത്തി വിവേകപൂർവം ഉപയോഗിക്കുക' എന്നാണ്. പർവതപ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷമായപ്പോൾ, അവിടെയുള്ള ജനങ്ങൾ വികസിപ്പിച്ചെടുത്ത ഈ ജലസംരക്ഷണ രീതിക്ക് ഏകദേശം 500 വർഷത്തെ പാരമ്പര്യമുണ്ടെന്ന് പറയപ്പെടുന്നു. കുന്നിൻചരിവുകളിൽ മുകളിൽ നിന്ന് താഴേക്ക് മൂന്ന് തലങ്ങളിലായിട്ടാണ് ഈ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. ഓരോ മഴത്തുള്ളിയും വെറുതെ ഒഴുകിപ്പോകാൻ അനുവദിക്കാതെ, കൃഷിക്കും മൃഗസംരക്ഷണത്തിനും മത്സ്യകൃഷിക്കുമായി വിനിയോഗിക്കുന്ന ഈ രീതി അതിശയകരമായ ഒരു എൻജിനീയറിങ് വിസ്മയമാണ്. മഴ കുറവായ പ്രദേശങ്ങളിൽ പോലും കൃഷി ലാഭകരമാക്കാൻ ഈ രീതിക്ക് സാധിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
Content Highlights: Discover the Zabo farming system, a sustainable 500-year-old water management technique from Nagaland, perfect for climate resilience.