ഐടി കമ്പനി പടുത്തുയർത്തിയ യുവ എൻജിനിയർമാരുടെ ചക്ക കച്ചവടം; വിദേശ വിപണിയിൽ ഹിറ്റായി വയനാടൻസ്

ജിതിനും സുഹൃത്തുക്കളും ചേർന്ന് വിയറ്റ്നാം ഏർലി പ്ലാവുകൾ നട്ടുപരിപാലിക്കുന്ന കൃഷിയിടം
ജിതിനും സുഹൃത്തുക്കളും ചേർന്ന് വിയറ്റ്നാം ഏർലി പ്ലാവുകൾ നട്ടുപരിപാലിക്കുന്ന കൃഷിയിടം

ഒരു കാലത്ത് കാര്യമായ വിപണി സാധ്യതയില്ലാതിരുന്ന ചക്കയ്ക്ക് കഴിഞ്ഞ കുറച്ചു നാളുകളായി ശുക്രദശയാണ്. കിലോയ്ക്ക് പത്ത് രൂപയിൽ താഴെ ലഭിച്ചിരുന്നിടത്ത് സീസണും ഉത്പാദനവും അനുസരിച്ച് 30 രൂപയ്ക്ക് മുകളിൽ കിലോയ്ക്ക് വില ലഭിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുന്നു. മാത്രമല്ല, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രാദേശിക സീസൺ കച്ചവടക്കാർ വഴി ടൺകണക്കിന് ചക്ക ശേഖരിക്കുകയും വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുകയും ചെയ്യുന്നുണ്ട്. കേരളത്തിന്റെ സംസ്ഥാന ഫലമായ ചക്കയുടെ വിപണി സാധ്യത കണ്ടെത്തി വിപ്ലവകരമായ നേട്ടങ്ങളിലേക്ക് ചുവടു  വയ്ക്കുന്നവരും ഏറെയാണ്. അത്തരത്തിൽ നാട്ടിൻപുറങ്ങളിലെ വീടുകളിലെല്ലാം ആർക്കും വേണ്ടാതെ വീണുനശിച്ചിരുന്ന ചക്കയെ ഒരു ​ഗ്ലോബൽ ബ്രാൻഡാക്കി മാറ്റി മുന്നേറുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥയാണ് 'വയനാടൻസ്' പറയുന്നത്. 'വയനാടൻസ്' എന്ന ബ്രാൻഡ് നെയിമിൽ ഒരു പുതിയ കാർഷിക സംസ്കാരത്തിനും ഭക്ഷ്യ സംസ്കാരത്തിനും തുടക്കം കുറിച്ചിരിക്കുകയാണ് ഈ യുവ എൻജിനിയർമാർ.

ഐടി രം​ഗത്തുനിന്ന് ഭക്ഷ്യസംരംഭത്തിലേക്ക്

പഠനശേഷം ഒന്നിച്ചൊരു ബിസിനസ് തുടങ്ങുക എന്ന ലക്ഷ്യത്തിൽ നിന്നാണ് സഹോദരങ്ങളായ ജിതിൻകാന്തും നിതിൻകാന്തും സുഹൃത്തുക്കളും ചേർന്ന് 2016ൽ ഓറാക്സിസ് എന്ന ഐടി സ്ഥാപനത്തിന് തുടക്കം കുറിച്ചത്. വെബ് ഡെവലപ്മെന്റ്, ഓൺലൈൻ മാർക്കറ്റിങ്, ബ്രാൻഡിങ്, സോഷ്യൽ മീഡിയ മാർക്കറ്റിങ് സേവനങ്ങളുമായി ഐടി മേഖലയിൽ മികച്ച തുടക്കം. പിന്നീട് സുഹൃത്ത് സംഘത്തിനിടയിൽ ഉരുത്തിരിഞ്ഞ ചർച്ചകൾക്കിടയിലാണ് വാക്വം ഫ്രൈഡ് സ്നാക്സ് എന്ന ആശയം ആദ്യമായി മുന്നിലെത്തുന്നത്.

വിപണിയിൽ ലഭ്യമാകുന്ന എല്ലാ സ്നാക്സുകളിലും എണ്ണയുടെ അളവ് കൂടുതലാണ്. ഇതിനെക്കുറിച്ച് നടന്ന സൗഹൃദസംഭാഷണങ്ങളിൽ നിന്നാണ് ഒരു ഹെൽത്തി സ്നാക്സ് ബിസിനസിൽ ഫോക്കസ് ചെയ്യുകയെന്ന ആശയത്തിലേക്കെത്തുന്നത്. എണ്ണയുടെ അളവു കുറച്ച് പ്രിസർവേറ്റീവ്സ് ചേർക്കാതെ സ്നാക്സ് ഉണ്ടാക്കുക, അതിന്റെ ഷെൽഫ് ലൈഫ് എങ്ങനെ കൂട്ടാം മുതലായ മേഖലയിലേക്കും ചർച്ചകൾ നീണ്ടു. 

എണ്ണ 180 ഡി​ഗ്രി സെൽഷ്യസിൽ തിളപ്പിച്ച് ഇത്തരത്തിൽ ഉണ്ടാക്കിയെടുക്കുന്ന ചിപ്സുകൾക്ക് കാര്യമായ പോഷക​ഗുണമുണ്ടാകില്ല. മാത്രമല്ല ആരോ​ഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു. എന്നാൽ വാക്വം ഫ്രൈ ചെയ്യുമ്പോൾ എണ്ണയുടെ അളവ് ​ഗണ്യമായി കുറയുക മാത്രമല്ല, പോഷക​ഗുണങ്ങൾ നഷ്ടമാകുന്നുമില്ല. ഇത് മനസിലാക്കിയാണ് ചക്ക ചിപ്സ് തയാറാക്കുന്നതിന് വാക്വം ഫ്രൈ സാങ്കേതികവിദ്യ ഉപയോ​ഗിച്ചുകൂടെയെന്ന ചിന്ത ഉരുത്തിരിയുന്നത്.

മൊബിൻ, നിതിൻകാന്ത്, വിശാഖ്, ജിതിൻ കാന്ത്

സൗജന്യമായി ചക്ക ശേഖരണം, ഒടുവിൽ വാങ്ങിയത് കിലോ 25 രൂപയ്ക്ക്

2018ൽ നാട്ടിൽ ചക്ക സൗജന്യമായി ലഭിച്ചിരുന്ന കാലത്താണ് ജിതിൻ കാന്തും സുഹൃത്തുക്കളായ അഭിലാഷും അരുൺ ചന്ദ്രനും ജിതിന്റെ സഹോദരൻ നിതിൻ കാന്തും ചേർന്ന് വാക്വം ഫ്രൈഡ് ചിപ്സ് എന്ന സ്വപ്നത്തിലേക്ക് ചുവടുറപ്പിച്ചത്. വൈകാതെ സുഹൃത്തുക്കളായ മോബിനും വൈശാഖും ഇവർക്കൊപ്പം ചേർന്നു. ഐടി മേഖലയിലെ അനുഭവജ്ഞാനം വിപണി സാധ്യത കണ്ടെത്താനും ഉത്പന്നങ്ങൾ ബ്രാൻഡ് ചെയ്യുന്നതിനും വിറ്റഴിക്കുന്നതിനും ​ഗുണകരമായി. എന്നാൽ അത്ര പരിചിതമല്ലാത്ത സാങ്കേതികവിദ്യ ആയിരുന്നതിനാൽ തുടക്കകാലം  സു​ഗമമായിരുന്നില്ല. കൂടുതൽ തവണ പരീക്ഷണം നടത്തി തെറ്റുകളിൽ നിന്നും വീഴ്ചകളിൽ നിന്നും പഠിച്ചാണ് വിജയത്തിലേക്ക് നടന്നടുത്തത്. പതിനെട്ട് ഉല്‍പന്നങ്ങൾ ഇത്തരത്തിൽ വാക്വം ഫ്രൈ ചെയ്ത് നിർമ്മിച്ചെടുത്തു. ഫുഡ് ഇന്നോവേഷന് കേന്ദ്രസർക്കാർ നൽകുന്ന 20 ലക്ഷം രൂപയുടെ ​ഗ്രാന്റും ലഭിച്ചു. കേരളത്തിൽ കുറഞ്ഞ ചിലവിൽ സു​ഗമമായി ലഭിക്കുമെന്ന കാരണത്താൽ ചക്കയ്ക്കാണ് കൂടുതൽ പ്രാധാന്യം നൽകിയത്. ഇതോടെ ചക്കയ്ക്ക് ഒരു ഡിമാൻഡ് ഉണ്ടാക്കിയെടുക്കാനും കഴിഞ്ഞു.

വിദേശ വിപണിയിലേക്കും കൃഷിയിലേക്കും

വിദേശരാജ്യങ്ങളിൽ കൂടി വിപണി തേടാനുള്ള ശ്രമങ്ങളും ആരംഭിച്ചു. ആദ്യ കാലങ്ങളിൽ സൗജന്യമായിട്ടാണ് ചക്ക ശേഖരിച്ചിരുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ചക്ക ശേഖരിച്ച് വൃത്തിയാക്കി വാക്വം ഫ്രൈ ചെയ്ത് പാക്ക് ചെയ്ത് വിപണിയിലെത്തിച്ചു തുടങ്ങി. സാധാരണ ചിപ്സിനേക്കാൾ വില കൂടുതലായതിനാൽ ഇന്ത്യൻ  വിപണിയിൽ ഉദ്ദേശിച്ചത്ര സ്വീകാര്യത ലഭിച്ചില്ല. ഇപ്പോൾ കൂടുതൽ പേർ അറിഞ്ഞും കേട്ടും വാങ്ങുന്നുണ്ടെങ്കിലും ആദ്യകാലങ്ങളിൽ അങ്ങനെയായിരുന്നില്ല. വിദേശ രാജ്യങ്ങളിൽ ഇതിന് കൂടുതൽ വിപണിസാധ്യതയുണ്ടെന്ന് വിവിധ പഠനങ്ങളിലൂടെ മനസിലാക്കി അതിനായി പ്രവർത്തിച്ചുതുടങ്ങി. ആദ്യമായി ഓർഡർ ലഭിക്കുന്നത് ഖത്തറിൽ നിന്നാണ്. കോവിഡ് കാലത്താണ് ആദ്യ ഓർഡർ കയറ്റി അയയ്ക്കുന്നത്. കോവിഡ് കാലത്ത് ചക്കയ്ക്ക് കൂടുതൽ പ്രാധാന്യവും ലഭിച്ചു തുടങ്ങി. 

വിദേശ രാജ്യങ്ങളിൽ വിപണി തേടിയപ്പോൾ അഭിമുഖീകരിച്ച പ്രധാന പ്രതിസന്ധി തായ്‌ലൻഡ്, ഇൻഡോനേഷ്യ മുതലായ രാജ്യങ്ങളിലെ വാക്വം ഫ്രൈഡ് ചിപ്സിനോട് മത്സരിക്കുക എന്നതായിരുന്നു. ഈ രാജ്യങ്ങളിൽ നിന്നുള്ള വാക്വം ഫ്രൈഡ് ചിപ്സിന്റെ പ്രത്യേകത അത് ഒരു ഇനത്തിൽ നിന്നും മാത്രം തയ്യാറാക്കിയിട്ടുള്ളതാണ്. അതായത്  ചക്കയാണെങ്കിൽ അത് രുചിയും ​ഗുണങ്ങളുമുള്ള ഒരൊറ്റ ഇനത്തിൽ നിന്നും മാത്രം വാക്വം ഫ്രൈ ചെയ്തവയായിരിക്കും. ഈ രാജ്യങ്ങൾ ഇതിനായി സ്വന്തമായി തോട്ടങ്ങളുണ്ടാക്കി ​ഗുണമേന്മയുള്ള ഇനം പ്ലാവുകൾ തിരഞ്ഞെടുത്ത് നട്ടുപരിപാലിച്ച് ഇവയിൽ നിന്ന് ചക്കകൾ ശേഖരിക്കുകയാണ് പതിവ്.

എന്നാൽ  ഇവിടെ പലതരത്തിലുള്ള പ്ലാവുകളിൽ നിന്നുള്ള ചക്കകൾ ശേഖരിച്ച് വാക്വം ഫ്രൈ ചെയ്ത് വിപണിയിലെത്തിച്ചു. ഇവിടെ പ്രോഡക്ട് സ്റ്റാൻഡഡൈസേഷൻ പരാജയപ്പെട്ടു. ഏതെങ്കിലും ഒരു ഇനം ഗ്രേഡ് ചെയ്ത് മാർക്കറ്റിൽ എത്തിക്കുന്നതിലൂടെ മാത്രമേ വിദേശത്ത് വിപണി കണ്ടെത്താൻ സാധിക്കൂ എന്ന് മനസ്സിലായതോടെയാണ് സ്വന്തമായി വിയറ്റ്നാം ഏർലി പ്ലാവുകൾ നട്ടുപിടിപ്പിക്കുക എന്ന ആശയത്തിലേക്ക് നീങ്ങിയത്. ഇതിന്റെ ഭാഗമായി 2022-23 ഓടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സ്ഥലം ഉൾപ്പെടെ പത്തേക്കറോളം സ്ഥലം കണ്ടെത്തി വിയറ്റ്നാം ഏർലി പ്ലാവുകൾ നട്ടുപിടിപ്പിച്ചു. വർഷം, രണ്ട് സീസണിൽ ഇതിൽനിന്ന് ഫലം ലഭിക്കും. കൂടാതെ സംസ്ഥാനത്തുടനീളം നിരവധി കർഷകർക്ക് വിയറ്റ്നാം ഏർലി പ്ലാവുകളുടെ തൈകൾ വിതരണം ചെയ്യുകയും വ്യാവസായികമായ ഇവ വളർത്താൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇത്തരത്തിൽ ഒരു ലക്ഷത്തോളം പ്ലാവിൻ തൈകൾ ആണ് സംസ്ഥാന വ്യാപകമായി നട്ടുപിടിപ്പിച്ചത്. പിന്നീട് കർഷകരിൽ നിന്നും മികച്ച വില കൊടുത്ത് ചക്കകൾ ശേഖരിച്ച് ചിപ്സ് വാക്വം ഫ്രൈ ചെയ്തു തുടങ്ങി. ഇത് സംസ്ഥാനത്ത് ഒരു ചക്ക വിപ്ലവം തന്നെ തീർത്തു. 

വാക്വം ഫ്രൈഡ് ചിപ്സിന് സാധാരണ പാക്കിങ്ങില്‍ ഷെൽഫ് ലൈഫ് കുറവാണ്. പരമാവധി ഒരു മാസം വരെ ലഭിക്കും. വിദേശത്തേക്ക് ഇത്തരത്തിൽ കയറ്റി അയയ്ക്കാന്‍ സാധ്യമായിരുന്നില്ല. തുടർന്ന് ആർഎൻഡി നടത്തി പാക്കിങ് മാറ്റി. നൈലോൺ പ്ലസ് മെറ്റീരിയൽ ഉപയോ​ഗിച്ച് നാല് ലെയറുള്ള പാക്കിങ് ആക്കിയതോടെ ഷെൽഫ് ലൈഫ് ഒരു വർഷമായി ഉയർത്താൻ സാധിച്ചു. ഇതോടെ വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിലേക്ക് നീങ്ങി. ഐടി മേഖലയിലെയും ഡിജിറ്റൽ മാർക്കറ്റിങ്ങിലെയും അനുഭവ‍ജ്ഞാനം വിപണി കണ്ടെത്താനും ഉല്‍പന്നം മാർക്കറ്റ് ചെയ്യാനും സഹായകരമായി. പല രാജ്യങ്ങളിലും എയർപോർട്ടുകളിലും വയനാടൻസ് വാക്വം ഫ്രൈഡ് ചിപ്സ് ലഭ്യമായി തുടങ്ങി.

2018-ൽ ചക്കയെ കേരളത്തിന്റെ ഔദ്യോഗികഫലമായി പ്രഖ്യാപിക്കുന്ന സമയത്ത് സംസ്ഥാനത്ത് ആകെ ഉല്‍പാദിപ്പിക്കുന്ന ചക്കയുടെ ഭൂരിഭാ​ഗവും പാഴായിപ്പോവുകയായിരുന്നു പതിവ്. ആർക്കും ഉപകാരപ്പെടാതെ പോയിരുന്ന ചക്കയുടെ ആ പഴയകാലം പാടെ മാറിക്കഴിഞ്ഞു. ചക്കയ്ക്ക് ഇപ്പോൾ ആവശ്യക്കാരുണ്ട്, മൂല്യവർധിത ഉല്‍പങ്ങൾക്ക് നല്ല വിപണിയും ലഭിച്ചുതുടങ്ങി. വയനാടൻസ് അതിനൊരു ഉദാഹരണം മാത്രമാണ്. വർഷങ്ങൾക്കിപ്പുറം വയനാടൻസ് ഏറെ മുന്നോട്ടു പോയിരിക്കുന്നു. റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റ്, ഇന്റർനാഷണൽ മാർക്കറ്റിങ്, ഗ്രേഡിങ് തുടങ്ങി വിവിധ മേഖലകളെ കോർത്തിണക്കി പുതുവിജയങ്ങൾ തേടിയുള്ള യാത്രയിലാണ് ഈ യുവ എൻജിനീയർമാർ.

(ഫോൺ: 9995111484)

Content Highlights: free jackfruit to a global brand, Wayanadans` vacuum-fried chips are changing the snacking game