കൃഷിയിലും റാങ്ക് നേടാൻ ഇരട്ട സഹോദരിമാർ; വിജയത്തിന് നൂതനാശയങ്ങൾ, കൂട്ടിന് ഇൻസ്റ്റഗ്രാം

മരിയയും മരീനയും കൃഷിയിടത്തിൽ
മരിയയും മരീനയും കൃഷിയിടത്തിൽ

ഇടുക്കിയുടെ മലയിടുക്കുകളിൽ പച്ചപ്പരവതാനി വിരിച്ചുനിൽക്കുന്ന ഏലക്കാടുകൾ ഒരു ജില്ലയുടെ കാർഷിക കുടിയേറ്റത്തിന്റെയും കർഷകന്റെ കണ്ണീരുപ്പ് കലർന്ന ചരിത്രത്തിന്റെയും നേർസാക്ഷ്യമാണ്. മണ്ണിനോടും വന്യമൃഗങ്ങളോടും പോരടിച്ച് സ്വപ്ന ഭൂമിയിൽ വിജയം കൊയ്ത ഒട്ടേറെ കർഷകരുടെ കഥ പറയാനുണ്ട് ഇടുക്കിക്ക്‌. എന്നാൽ, കഴിഞ്ഞ കുറച്ചുകാലമായി കാർഷിക മേഖലയിലെ വർധിച്ചുവരുന്ന ചെലവും ഉത്പാദന തകർച്ചയും വിപണിയിലെ വിലയിടിവുമെല്ലാം കർഷകരെ കൃഷിയിൽനിന്നു പിന്തിരിപ്പിക്കുന്ന സാഹചര്യമാണുള്ളത്. യുവതലമുറ കൃഷി പാടേ ഉപേക്ഷിച്ച് മറ്റു ജോലികളിലേക്ക് തിരിഞ്ഞു തുടങ്ങി. ഇവിടെയാണ് രണ്ടു എംഎസ്ഡബ്ലൂ ബിരുദധാരികൾ മണ്ണിൽ വിസ്മയം തീർക്കുന്നത്. കൃഷി മാത്രമല്ല, വിപണിയറിഞ്ഞ് പുതിയ ബിസിനസ് ആശയങ്ങളുമായാണ്  ഇടുക്കിയിലെ മിടുക്കികൾ തങ്ങളുടെ സ്വപ്നഭൂമിയിൽ വിസ്മയം വിതയ്ക്കുന്നത്.

ജനനം ഒരുമിച്ച്, സ്വപ്നവും ഒന്ന്

ഇരട്ടകളാണ് ഇടുക്കി കുഴിത്തൊളു കുഴിക്കണ്ടം സ്വദേശികളായ മരീനയും മരിയയും. ഒരുമിച്ച് കളിച്ചുവളർന്നവർക്ക് ജീവിതത്തിൽ സ്വപ്നവും ഒന്നു തന്നെയായിരുന്നു. എംഎസ്ഡബ്ല്യു ബിരുദധാരികളാണ് ഇരുവരും. ചെറിയ ക്ലാസ് മുതൽ ഒരേ ക്ലാസിൽ ഒരുമിച്ചിരുന്ന് പഠനം. ഡി​ഗ്രിക്കും പിജിക്കും റാങ്ക് നേടി വിജയം. ഉന്നതവിജയം നേടി ബിരുദാനന്തര വിരുദം സ്വന്തമാക്കിയിട്ടും കൃഷിയിലേക്ക് തിരിഞ്ഞതിൽ പരിഹാസ്യത്തോടെ പലരും നോക്കിയെങ്കിലും മുന്നോട്ടുള്ള പാതയെക്കുറിച്ച് ബോധ്യമുള്ളതിനാൽ ചെറുപുഞ്ചിരിയോടെ അതെല്ലാം അവ​ഗണിച്ചു. വിമർശനങ്ങളെ ശരിയായ രീതിയിൽ സ്വീകരിക്കും, എന്നാൽ പരിഹാസങ്ങൾക്ക് ചെവിക്കൊടുക്കില്ലെന്ന് ഇരുവരും പറയുന്നു.

മരിയയും മരീനയും കൃഷിയിടത്തിൽ

കർഷക മാതാപിതാക്കൾക്കൊപ്പം ചെറുപ്പം മുതലേ കൃഷികാര്യങ്ങളിൽ സഹായിക്കുന്നതിന് സമയം കണ്ടെത്തിയിരുന്നതിനാൽ അത് ജീവിതത്തിൽ ഒഴിച്ചുകൂട്ടാൻ കഴിയാത്ത ഭാ​ഗമായി മാറി. ഏലത്തിന് ചിമ്പു പൊട്ടുന്നതും ചരം വരുന്നതും പൂവ് വിരിയുന്നതും കായ വരുന്നതും പാകമാകുന്നതെല്ലാം കൗതുകത്തോടെ കണ്ടിരുന്ന നാളുകളിൽനിന്ന് മാതാപിതാക്കൾക്ക് തോളോട് തോൾ ചേർന്ന് കൃഷി ചെയ്യുന്നതിലേക്ക് ഇരുവരും വളർന്നു.

ഇടുക്കിയിലെ മിടുക്കികളുടെ തനി ഇടുക്കിക്കാരി

മരീനയും മരിയയും 18-ാം വയസ്സുമുതൽ ജീപ്പ് ഓടിച്ച് ഹൈറേഞ്ചിന്റെ മണ്ണിൽ കരുത്ത് തെളിയിച്ചവർ. ഏലത്തട്ട കൊടുക്കാനും ഏലക്ക സ്റ്റേറിലെത്തിക്കാനും എന്തിനും ഏതിനും സ്റ്റിയറിങ് പിടിക്കാൻ ഈ മിടുക്കികൾ ഉണ്ട്. കുഴിക്കണ്ടത്തെ ആളുകൾക്ക് മരീന ജീപ്പും പിക്കപ്പും ഓടിച്ചു വരുന്നത് കാണുമ്പോൾ അത്ഭുതം തോന്നാറില്ല. അവർക്ക് ഈ കാഴ്ച പുതുമയുള്ളതുമല്ല. തനി ഇടുക്കിക്കാരി എന്ന പേരിൽ ഒരു ഇൻസ്റ്റ​ഗ്രാം പേജ് തുടങ്ങിയപ്പോൾ ഹൈറേഞ്ചിന്റെ മണ്ണിലൂടെ ജീപ്പ് ഓടിച്ചുകയറുന്ന ഈ മിടുക്കിയുടെ കാഴ്ച കൗതുകമായി. ഏലം കൃഷിയെ കുറിച്ച് ലളിതമായി പറഞ്ഞു നൽകുന്ന രീതിയും ആളുകളെ ആകർഷിച്ചു. 

എംഎസ്ഡബ്ലൂ കഴിഞ്ഞപ്പോഴാണ് മുഴുവൻസമയ കൃഷിയിലേക്ക് തിരിയുന്നതിനെ കുറിച്ച് ഇരുവരും ചിന്തിച്ചത്. കോവിഡ് കാലത്ത് കൃഷിക്ക് കൂടുതൽ സമയം ലഭിച്ചതും പ്രായോ​ഗിക പരിശീലനവും തീരുമാനത്തിൽ ഉറച്ചുനിൽക്കാൻ പ്രേരിപ്പിച്ചു. മാതാപിതാക്കളും സഹോദരങ്ങളും ഒപ്പം നിന്നതോടെ സ്വപ്നത്തിലേക്ക് ചിറകുവിരിക്കാൻ തീരുമാനിച്ചു. തുടക്കകാലത്ത് നേരിടുന്ന വെല്ലുവിളികൾ ഇപ്പോഴും അഭിമുഖീകരിക്കുന്നുണ്ട്. വീഴ്ചകളെ പാഠമാക്കി ചുവടുകൾ ഉറപ്പിച്ച് മുന്നോട്ടു നീങ്ങുകയാണ് ഈ മിടുക്കികൾ. 

കർഷകന് കൃഷി ലാഭകരമാകണമെങ്കിൽ വിപണി കൂടി കണ്ടെത്തണ്ടതായിട്ടുണ്ട്. കൂടുതൽ ആളുകളിലേക്ക് ​ഗുണമേന്മയുള്ള ഉത്പന്നങ്ങൾ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തനി ഇടുക്കികാരി എന്ന ബ്രാൻഡിൽ ഏലക്കയും കാപ്പിപ്പൊടിയും കുരുമുളകും ​ഗ്രാമ്പുവും ഒക്കെ വിപണിയിലെത്തിച്ചത്.  ഇടുക്കി ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയെ നേരിൽകണ്ട് ബ്രാൻഡ് പരിചയപ്പെടുത്താൻ സാധിച്ചതിന്റെ സന്തോഷവും ഇരുവർക്കുമുണ്ട്. മാത്രമല്ല, ഉത്പന്നങ്ങൾ വാങ്ങിയവരിൽനിന്നു ലഭിച്ച പ്രതികരണങ്ങളും മുന്നോട്ടുള്ള യാത്രയിൽ പ്രചോദനമാണെന്നും ഇവർ പറയുന്നു. ഹെവൻലി സ്പൈസസ് എന്നൊരു വെബ്സൈറ്റും ഇവർ ആരംഭിച്ചിട്ടുണ്ട്. ഓണത്തോട് അനുബന്ധിച്ച് കൂടുതൽ വിപണി സാധ്യത തെളിയുമെന്ന പ്രതീക്ഷയിലാണ് ഇരുവരും. 

മരിയയും മരീനയും ഇടുക്കി ജില്ലാ കളക്ടർ വി വി​ഗ്നേശ്വരിക്കൊപ്പം

കർഷകരോട് പരിഹാസം, മാറേണ്ട ചിന്താ​ഗതി

പലർക്കും കർഷകരോട് അവ​ഗണനയാണ്. പരിഹാസത്തോടെയാണ് ചിലരെങ്കിലും കർഷകരെ കാണുന്നത്. ഏതൊരു ജോലിയും തിരഞ്ഞെടുക്കുമ്പോൾ അത് സന്തോഷത്തോടെ, ഇഷ്ടത്തോടെ ചെയ്യാൻ സാധിക്കണം. കൃഷി ഇഷ്ടപ്പെട്ട് സന്തോഷത്തോടെ ചെയ്യാൻ ആ​ഗ്രിക്കുന്നവരെ പോലും പലപ്പോഴും ഇത്തരം പരിഹാസങ്ങൾ പിന്തിരിപ്പിക്കാറുണ്ട്. എല്ലാവർക്കും അവരവർക്ക് ഇഷ്ടപ്പെട്ട ജോലി ചെയ്യുന്നതിന് അവകാശമുണ്ട്. മറ്റേതു ജോലി പോലെ കൃഷിക്കും അതിന്റെതായ മഹത്വമുണ്ട്. അത് മനസസിലാക്കി പെരുമാറുന്നതിലേക്ക് ഒരു വലിയ വിഭാ​ഗം ആളുകൾ മാറേണ്ടതുണ്ടെന്ന് തോന്നിയിട്ടുണ്ടെന്ന് ഇവർ പറയുന്നു. 

യുവത കൃഷിയിൽനിന്ന് പിന്തിരിയുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് സമൂഹത്തിൽ അർഹിക്കുന്ന അം​ഗീകാരം ലഭിക്കുന്നില്ല എന്നതാണ്.  പരിഹാസങ്ങളെ തികഞ്ഞ അവ​ഗണനയോടെ തള്ളിക്കളഞ്ഞ് മുന്നോട്ടു നീങ്ങാൻ  സാധിക്കുന്നിടത്താണ്  വിജയം. അത് തിരിച്ചറിഞ്ഞ് മുന്നോട്ടു നീങ്ങുന്നവർക്ക് വിജയം നേടാൻ സാധിക്കും. രാവിലെ തോട്ടത്തിൽ തുടങ്ങുന്ന പണികൾ വൈകിട്ട് വരെയും നീളും. കൃഷിയും ​ഗവേഷണ- പരീക്ഷണങ്ങളുടേതാണ്. വളർച്ചയുടെ ഓരോ ഘട്ടത്തിലും കൃത്യമായ ശ്രദ്ധയും പരിചരണവും നൽകി കാലാവസ്ഥയും മണ്ണും മനസ്സിലാക്കി വേണം കൃഷി ചെയ്യാൻ. വലിയ ഉത്തരവാദിത്വമാണത്.  

മണ്ണറിയണം, പ്രകൃതിയെ അറിയണം; തുടക്കക്കാർക്ക് വേണം വലിയ ശ്രദ്ധ

മണ്ണിനെയും പ്രകൃതിയെയും അറിഞ്ഞുവേണം കൃഷി ചെയ്യാൻ. അമിത വളപ്രയോ​ഗം നല്ലതിനല്ല. മണ്ണിനെന്തൊക്കെ പോഷകങ്ങളാണോ കുറവുള്ളത് അത് മാത്രമാണ് നൽകേണ്ടത്. അനിയന്ത്രിതമായ വളപ്രയോ​ഗത്തിലൂടെ കുറച്ചുകാലം ചിലപ്പോൾ വിളവ് ലഭിച്ചേക്കും. എന്നാൽ, ഇത് കാലക്രമേണ മണ്ണിന്റെ ഫലഭൂയിഷ്ടത ഇല്ലാതാക്കുകയും വിളവിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. മണ്ണിനെ കൊല്ലുന്നവർ ഒരിക്കലും നല്ല കർഷകരാകുകയില്ല. മണ്ണിനെ സംരക്ഷിക്കുന്നവരായിരിക്കണം യാഥാർത്ഥ കർഷകർ. സമയാസമയം കൃത്യമായ വളപ്രയോ​ഗത്തിലൂടെ മികച്ച വിളവ് നേടാൻ സാധിക്കുമെന്ന് മരീനയും മരിയയും ഉറപ്പിച്ചു പറയുന്നു. 

തുടക്കക്കാരെ സംബന്ധിച്ചിടത്തോളം പ്രധാനമായി ശ്രദ്ധിക്കേണ്ടത് കൂടുതൽ സ്ഥലത്ത് പ്രയോ​ഗിക പരിശീലനമില്ലാതെ കൃഷി ആരംഭിക്കാതിരിക്കുക എന്നതാണ്. ഒരു മികച്ച കൃഷിസ്ഥലം നേരിൽകണ്ട് വേണ്ട അറിവുകൾ നേടിയതിന് ശേഷം മാത്രം സ്വന്തമായി കൃഷിയിലേക്ക് തിരിയുക. കൃഷി ചെയ്യാൻ ഉദേശിക്കുന്ന സ്ഥലം ഏലം കൃഷിക്ക്‌ അനുയോജ്യമാണെന്ന് ഉറപ്പുവരുത്തുക. ചെറിയ രീതിയിൽ കൃഷി ആരംഭിച്ച് ആത്മവിശ്വാസം ഉണ്ടായതിന് ശേഷം മാത്രം കൂടുതൽ സ്ഥലത്തേക്ക് വ്യാപിപ്പിക്കുക.

മരിയയും മരീനയും

ഫാം ടൂറിസം

ഫാം ടൂറിസത്തിന് അനന്തസാധ്യതകളാണുള്ളത്. ഇതു പ്രയോജനപ്പെടുത്താനുള്ള ആലോചനയിലാണ് ഇരുവരും. ഇൻസ്റ്റ​ഗ്രാം പേജ് കണ്ട് നിരവധി പേരാണ് നാട്ടിൽ വന്നാൽ കൃഷി സ്ഥലം കാണാൻ സാധിക്കുമോയെന്ന് ചോദിക്കാറുള്ളത്. ഒഴിവും സമയം, അവധിക്കാലം കൃഷിയിടങ്ങളിൽ ചെലവഴിക്കാൻ ആ​ഗ്രഹിക്കുന്നവരാണ് അവരിൽ കൂടുതലും. ഫാം ടൂറിസത്തെ കുറിച്ച് മുമ്പേ ചിന്തിച്ചിരുന്നു. കോവിഡ് കാലത്ത് മുയലിനെയും ആടിനെയും പരിപാലിച്ചിരുന്നു. പിന്നീട് പഠനത്തിരക്കുകളിലേക്ക് നീങ്ങിയപ്പോൾ പരിപാലനം എളുപ്പമായില്ല. ഇപ്പോൾ മുഴുവൻസമയ കൃഷിയിലേക്ക് നീങ്ങിയപ്പോൾ പുതിയ സാധ്യതകളെ കുറിച്ചു ചിന്തിച്ചിട്ടുണ്ട്. പതിയെ ഫാം ടൂറിസം കൂടി ഉൾപ്പെടുത്താനുള്ള ശ്രമങ്ങളാണ് പുരോ​ഗമിക്കുന്നത്.

കാർഷിക മേഖലയിൽ നിരവധി അവസരങ്ങളും സാധ്യതകളുമുണ്ട്. അടിസ്ഥാനപരമായി ഇത് പ്രയോജനപ്പെടുത്തുകയെന്നതാണ് അനിവാര്യം. ഓരോ പ്രദേശത്തിനും അനുയോജ്യമായ കൃഷിരീതികൾ അവലംബിക്കുന്നതിനൊപ്പം വിപണി സാധ്യതകളും കണ്ടെത്തണ്ടതായിട്ടുണ്ട്. സാധ്യതകളും അവസരങ്ങളും പ്രയോജനപ്പെടുത്തി കാർഷിക മേഖലയിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കാനുള്ള ശ്രമത്തിലാണ് മരിയയും മരീനയും. മണ്ണിൽ സ്വപ്നം വിതച്ച് കഠിനാധ്വാനത്തിലൂടെ നൂറുമേനി കൊയ്യുകയാണ് ഈ മിടുക്കികൾ. കൃഷി മോശം ജോലിയല്ലെന്നും മറ്റേതു ജോലി പോലെയും അം​ഗീകാരം അർഹിക്കുന്നതാണെന്നും ഇവർ ഉറപ്പിച്ചു പറയുന്നു. 

Content Highlights: dukki's Twin Farmers: Cultivating Success with Innovation and Social Media Savvy