‘കാട്ടിൽ’ നൂറുമേനി വിളവുമായി എബ്രഹാമിന്റെ ഏലം കൃഷി

നെടുങ്കണ്ടം(ഇടുക്കി): ആറുവർഷമായി സ്വാഭാവികരീതിയിൽ ഏലംകൃഷിചെയ്ത് വിജയംകൊയ്ത ഉടമ്പൻചോല വട്ടക്കണ്ണിപ്പാറയിലെ എബ്രഹാം ചാക്കോയുടെ പത്തേക്കറോളം കൃഷിയിടം ഒരുവനമാണ്. കാടിന്റെ വിശുദ്ധിയിലും ജൈവവൈവിധ്യത്തിലും തഴച്ചുവളർന്ന ഏലച്ചെടികൾ, മികച്ച വരുമാനമാണ് ഇദ്ദേഹത്തിന് നൽകുന്നത്. വളമോ കീടനാശിനിയോ ഇല്ലാതെ സ്വാഭാവിക കൃഷിയാണ് എബ്രഹാം ചാക്കോ അവലംബിക്കുന്നത്.
ഏലച്ചെടികൾക്കൊപ്പം കളകളും മരങ്ങളും വളരാൻ അനുവദിക്കുന്നു. ഇവ മണ്ണിലെ കാർബണും പോഷകങ്ങളും സന്തുലിതമായി നിലനിർത്തുന്നു. നാടൻപശുവിന്റെ ചാണകവും ശർക്കരയും ചേർത്ത് തയ്യാറാക്കുന്ന ജീവാമൃതവും മണ്ണിന് നൽകുമ്പോൾ സൂക്ഷ്മജീവികൾ കൂടും. മികച്ചവിളവും ലഭിക്കും. രാസകൃഷിയുടെ അത്രയും വിളവ് ആദ്യഘട്ടത്തിൽ ലഭിച്ചില്ലെങ്കിൽപ്പോലും മറ്റുഘടകങ്ങൾ പരിഗണിക്കുമ്പോൾ കൃഷി ലാഭകരമാണെന്ന് ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
സ്വാഭാവികരീതിയിൽ ഉത്പാദിപ്പിക്കുന്ന കാർഷികോത്പന്നങ്ങൾ, ഡയസ്‌പൊറ എന്ന അമേരിക്കൻ കമ്പനിയാണ് എബ്രഹാമിന്റെ പക്കൽനിന്നും തുടക്കംമുതൽ വാങ്ങുന്നത്. ഏലക്ക നേരിട്ട് സംഭരിക്കുന്നതും ഇവർതന്നെ.
നിലവിൽ കർഷകന് ഒരുകിലോഗ്രാം ഏലക്കായ്ക്ക് 2500 മുതൽ 3500 രൂപവരെ വില ലഭിക്കുമ്പോൾ ഇദ്ദേഹത്തിന് 4000 മുതൽ 4500 രൂപ വരെ കമ്പനി നൽകുന്നു.
ബി.എസ്‌സി. അഗ്രികൾചർ പൂർത്തിയാക്കിയശേഷമാണ് എബ്രഹാം കൃഷിയിടത്തിലേക്ക് ഇറങ്ങുന്നത്. രാസകൃഷി ആയിരുന്നു ആദ്യം. പിന്നീട് ജൈവകൃഷിലേക്ക് തിരിഞ്ഞു. ലാഭകരമല്ല എന്ന് മനസ്സിലായതോടെയാണ് റീ ജനറേറ്റീവ് ഫാമിങ് (പുനരുത്പാദന കൃഷി) എന്ന ആശയത്തിലേക്ക് എത്തുന്നത്. ഇതൊടൊപ്പം സുഭാഷ് പലേക്കറുടെ സീറോ ബജറ്റ് ഫാമിങ്ങും മനസ്സിൽ കയറിക്കൂടി. നിരന്തര വായനയും ഓൺലൈൻ ഫോറങ്ങളിലെ ചർച്ചകളുമെല്ലാം ഇക്കാലയളവിൽതന്നെ സ്വാധീനിച്ചുവെന്ന് ഇദ്ദേഹം പറയുന്നു. ഇവയുടെയെല്ലാം പ്രായോഗികവശങ്ങൾ ഉൾക്കൊണ്ടാണ് കൃഷി.
ഏലത്തിനെ ബാധിക്കുന്ന തണ്ടുതുരപ്പനും അഴുകൽ രോഗത്തിനും ചൊറിക്കായ്ക്കും ഈ കൃഷിരീതിയിൽ പ്രതിവിധിയുണ്ട്. പ്രതിരോധശേഷി കൂടിയനാടൻ ഏലച്ചെടികൾ തിരിഞ്ഞെടുത്ത് നടും. അമിത കീടനാശിനി സാന്നിധ്യംമൂലം വിദേശകമ്പോളത്തിൽ നമ്മുടെ ഏലക്കായ്ക്ക് ഡിമാൻഡ് കുറയുന്ന സാഹചര്യത്തിൽ, വൈകാതെ തന്നെ കർഷകർക്ക് തന്റെ മാർഗത്തിലേക്ക് തിരിയേണ്ടിവരുമെന്നും എബ്രഹാം പറയുന്നു.
Content Highlights: Abraham Chacko`s successful regenerative cardamom farm in Idukki