400 രൂപ വരെ വിപണിവില, ചൂടുള്ള കാലാവസ്ഥ അനുയോജ്യം; രാമച്ചം കൃഷി എങ്ങനെ? അറിയേണ്ടതെല്ലാം

ഔഷധഗുണങ്ങളുടെയും സുഗന്ധത്തിന്റെയും കാര്യത്തിൽ വളരെ മുന്നിലാണ് രാമച്ചം. വെറ്റിവെരിയ സിസനോയിഡെസ് എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന രാമച്ചം ഉശീരഃ, മീര, സമഗന്ധികഃ എന്നീ നാമങ്ങളിൽ ആയുർവേദ ഗ്രന്ഥങ്ങളിൽ പരാമർശിക്കപ്പെടുന്നു. പോയേസി എന്ന സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന രാമച്ചത്തിന്റെ വേരാണ് ഔഷധയോഗ്യമായിട്ടുള്ളത്.
ശീതോപദ്രവ്യങ്ങളിൽ വളരെ പ്രമുഖമായ രാമച്ചം ശീതവീര്യമുള്ളതുകൊണ്ടുതന്നെ ചുടുനീറ്റലും പൈത്തികജ്വരവും ശമിപ്പിക്കും. മൂത്രതടസ്സവും നീരും അകറ്റുന്നു. രക്തശുദ്ധിക്ക് നല്ലതാണ്. വിഷത്തെ ശമിപ്പിക്കും.ശരീരത്തിന്റെ ദുർഗന്ധം അകറ്റുന്നതിനും നിറം വർധിപ്പിക്കുന്നതിനും ദാഹം ശമിപ്പിക്കാനും ശരീരത്തിന് കുളിർമ നൽകാനും രാമച്ചം ഇട്ടുവച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്. രാമച്ചത്തിന്റെ വേരിൽ വെറ്റിവേർ ഓയിൽ എന്ന തൈലം അടങ്ങിയിരിക്കുന്നു. സുഗന്ധദ്രവ്യങ്ങളും സൗന്ദര്യവർധക വസ്തുക്കളും നിർമ്മിക്കാൻ രാമച്ചം ഉപയോഗിക്കുന്നു. രാമച്ചം അടങ്ങിയിട്ടുള്ള ആയുർവേദ ഔഷധങ്ങൾ ഏറെയുണ്ട്. ധന്വന്തരം കഷായം, ദ്രാക്ഷാദി കഷായം, ഉശീരാദികഷായം, മഹാതിക്തകം കഷായം എന്നിവ ചിലത് മാത്രമാണ്.
ഇതിന്റെ രാസഘടകങ്ങളിൽ സെസ്ക്വറ്റർപിനോൺ കീറ്റോൺസായ ആൽഫാവെറ്റിമോൺ, ബീറ്റാവെറ്റിമോൺ ആണ് ഇതിന് സുഗന്ധം നൽകുന്നത്. കൂടാതെ ആന്റി മൈക്രോബിയൽ ഗുണമുള്ള ഖുസിമോൾ അടങ്ങിയിട്ടുണ്ട്. വെറ്റിവറോൾ എന്ന ഇതിലെ ഘടകമാണ് ശാന്തത നൽകുന്നതിനും ഉറക്കത്തിനും സഹായിക്കുന്നത്. സമുദ്രനിരപ്പിൽ നിന്നും 600 മീറ്റർ ഉയരംവരെ വളരുന്ന ഈ ചെടി സാധാരണ ചൂടുള്ള കാലാവസ്ഥ ഇഷ്ടപ്പെടുന്നു. മലയോരമേഖലയിലും ചരിഞ്ഞ പ്രദേശത്തുമാണ് സാധാരണ കൃഷി ചെയ്തുവരുന്നത്. മണ്ണൊലിപ്പ് തടയുന്നതിനും ഇതിന്റെ വേരുകൾക്ക് കഴിവുണ്ട്.
തിങ്ങിയടുക്കിയ കറ്റകളുടെ രൂപത്തിൽ വലിയ മൂടുകളായി രാമച്ചം വളരുന്നു. ചുവട്ടിൽ നിന്നുതന്നെ ഇലകൾ ഉണ്ടായിവരും. നീളമുള്ള പൂങ്കുലകളാണ്ഇതിന്. നാര് പോലുള്ള വേരുകൾക്ക് നല്ല സുഗന്ധമുണ്ട്. വേരിന് ചെമ്പിച്ച നിറം ഉണ്ടായിരിക്കും. ചെടിയുടെ ചുവട്ടിൽനിന്ന് വളരുന്ന തൈകൾ ഉപയോഗിച്ചാണ് പ്രജനനം നടത്താറുള്ളത്. ജൂൺ, ജൂലൈ മാസങ്ങളാണ് നടീലിന് യോജിച്ചത്. 2-3 പ്രവാശ്യം നിലംഉഴുതശേഷം സൗകര്യാർത്ഥത്തിലുള്ള നീളത്തിൽ ഒരു മീറ്റർ വീതിയിൽ തടങ്ങൾ എടുത്ത് തൈകൾ വരിവരിയായി നടണം. അടിവളമായി ചാണകം നൽകാം.
ചെടിക്ക് 18 മാസം പ്രായമാകുമ്പോൾ വിളവെടുക്കാം. ചെടിയെ കിളച്ച് വേര് പിഴുതെടുക്കണം. മണ്ണിന് മുകളിലുള്ള ഭാഗം ചെത്തിമാറ്റിയ ശേഷം വേരോടുകൂടി ചുവട് കിളച്ച് പിഴുതെടുക്കണം. കുഴിച്ചെടുത്ത വേര് നന്നായി കഴുകി മണ്ണും മാലിന്യവും നീക്കം ചെയ്യണം. ശേഷം കഷണങ്ങളായി മുറിച്ചും ചുറ്റിക്കെട്ടിയും വേര്ഭാഗം സൂക്ഷിക്കാം. വിളവെടുത്ത ശേഷം തൈലം വാറ്റിയെടുക്കാനാണെങ്കിൽ ഒരു മാസം ആകുമ്പോഴേക്കും ചെയ്യണം. വൈകുന്തോറും എണ്ണയുടെ ഗുണത്തിലും അളവിലും കുറവുണ്ടാകും.
മണ്ണ് അടങ്ങിയ രാമച്ചവേര്, മണ്ണില്ലാത്തത് എന്നിങ്ങനെ രണ്ടുവിധത്തിൽ രാമച്ചം വിപണിയിൽ ലഭ്യമാണ്. മണ്ണ് പുരണ്ട വേരിന് കിലോയ്ക്ക് 160 രൂപ മുതൽ 220 രൂപ വരെയും മണ്ണ് കഴുകി വൃത്തിയാക്കിയ ഫസ്റ്റ് ക്വാളിറ്റിക്ക് 350 രൂപ മുതൽ 400 രൂപ വരെയുമാണ് വിപണി വില.
Content Highlights: Learn about Ramacham (Vetiver) farming in Kerala. Discover its cultivation methods, medicinal benefits, and market prices up to ₹400/kg. Ideal for warm climates.