നട്ടുനനയ്ക്കാം, 60 വർഷം വരെ വിളവെടുക്കാം; ജാതികൃഷി എങ്ങനെ?

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഇന്തോനേഷ്യ ജന്മദേശമായുള്ള ജാതി 18-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് ഭാരതത്തിലെ തമിഴ്‌നാട്, കേരള, കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ എത്തിച്ചേർന്നത്. സുഗന്ധ വ്യജ്ഞനമായിട്ടും പലഹാരങ്ങളിലും പാചകത്തിലും ഉപയോഗിക്കുന്ന ജാതിക്ക് ഔഷധമൂല്യം കൂടിയുണ്ട്.

ജാതിഃ, ജാതികോശഃ, മാലതിഫല എന്നീ സംസ്‌കൃത നാമങ്ങളിൽ അറിയപ്പെടുന്ന ജാതിയുടെ ശാസ്ത്രീയ നാമം മിരിസ്റ്റിക്ക ഫ്രാഗൻസ് എന്നാണ്. മിരിസ്റ്റിക്കേസീ എന്ന സസ്യകുടുംബത്തിൽപ്പെടുന്നു. ജാതിയുടെ വിത്ത്, ജാതിപത്രി ഇവയാണ് ഔഷധയോഗ്യമായ ഭാഗം. 20 മീറ്റർ വരെ ഉയരത്തിൽ വളരുന്ന നിത്യഹരിതവൃക്ഷമാണിത്. തടിക്ക് സാമാന്യം കട്ടിയുണ്ട്. സുഗന്ധമുള്ള ചെറിയ മഞ്ഞനിറത്തിലുള്ള പൂക്കളാണിതിന്. ഇതിന്റെ ഗോളാകൃതിയിലുള്ള കായ വിളയുമ്പോൾ വരിഷ്ടമായുള്ള ഭാഗത്തുകൂടി പൊട്ടിപിളരും. വിത്ത് ഏകദേശം ബ്രൗൺ ബ്ലാക്ക് നിറത്തിലുണ്ടാകും. വിത്തിനെ വലയം ചെയ്തിരിക്കുന്ന തൊലി പോലുള്ള ഭാഗമാണ് ജാതിപത്രി.

ഉദരസംബന്ധമായ രോഗങ്ങൾക്ക് വളരെ ഉത്തമമാണ് ജാതി. ഉപയോഗത്തിന്റെ അടിസ്ഥാനത്തിൽ അതിസാരഹര ഗണത്തിലാണ് ആയുർവേദത്തിൽ ജാതിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. കഫ-വാത രോഗങ്ങൾ ശമിപ്പിക്കാനും ദഹനശക്തിയുണ്ടാക്കാനും കഴിവുണ്ട്. യോഗ്യതയുള്ള ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ ഔഷധ ആവശ്യത്തിനായി ജാതിക്ക ഉള്ളിലേക്ക് കഴിക്കാൻ പാടുള്ളൂ.

ധാരാളം അരിഷ്ടങ്ങളിൽ പ്രക്ഷേപദ്രവ്യം അഥവാ പൊടിമരുന്നായി ജാതിക്ക ചേർക്കാറുണ്ട്. ദശമൂലാരിഷ്ടം, വാശാരിഷ്ടം, ജീരകാരിഷ്ടം, ഇവ അവയിൽ ചിലതാണ്. കൂടാതെ ഏലാദികേരം, അരിമേദാദി തൈലം ഇവയിലും ജാതിക്ക ചേരുന്നുണ്ട്.

ഇതിലെ രാസഘടകങ്ങളിൽ ബാഷ്പശീലമുള്ള മിരിസ്‌ട്ടീസിൻ , എലിമിസിൻ, സാഫ്‌റോൾ കൂടാതെ സുഗന്ധത്തിന് കാരണമായ ടർപീനുകളും അടങ്ങിയിരിക്കുന്നു. കൂടാതെ ഫാറ്റി ആസിഡുകളായ മിറിസ്റ്റിക് ആസിഡ്, പാൽമിറ്റിക് ആസിഡ്, ഒലിയിക് ആസിഡ് ഇവയും ഫിനോളിക് കോമ്പൗണ്ട് ആയ യുജിനോളും അടങ്ങിയിരിക്കുന്നു.

ദ്വിലിംഗ സസ്യമായ ഇതിന്റെ ആൺചെടിയും പെൺചെടിയും വേറെതന്നെയാണുണ്ടാകുക. സാധരണയായി പ്രജനനം നടത്തുന്നത് വിത്ത് വഴിയാണ്. ഗുണമേന്മയുള്ള വിത്ത് ശേഖരിച്ച് മുളപ്പിക്കാം. നട്ട് മുപ്പതുദിവസം കൊണ്ട് മുളപ്പൊട്ടും. മുളപ്പൊട്ടി 20 ദിവസത്തിന് ശേഷം പൊളീത്തീൻ ബാഗുകളിലെ പോട്ടിങ് മിശ്രിതത്തിലേക്ക് മാറ്റിനടാം. 12 മുതൽ 18 മാസം വരെ പ്രായമായ ചെടികൾ പുറംനിലത്തേക്ക് മാറ്റി നടാം. എയർ ലെയറിങ്, ഇനാർച്ചിങ്, ബഡ്ഡിങ് രീതികളും പരീക്ഷിക്കാവുന്നതാണ്.

8x8 മീറ്റർ അകലത്തിൽ തൈകൾ നടാം. 60 സെന്റി മീറ്റർ ആഴത്തിൽ കുഴിയെടുത്ത് കമ്പോസ്റ്റ് നിറയ്ക്കണം. ചെടിയുടെ ആദ്യ വളർച്ചാഘട്ടത്തിൽ തണൽ ആവശ്യമാണ്. വാഴയുടെയും തെങ്ങിന്റെയും കവുങ്ങിന്റെയും ഇടയിൽ നടാം. വിത്ത് മുളപ്പിച്ച് ഉണ്ടാക്കുന്ന തൈകൾ 7-8 വർഷം കൊണ്ടും ഗ്രാഫ്റ്റ് ചെയ്തവ അഞ്ചുവർഷം കൊണ്ടും കായ്ക്കാൻ തുടങ്ങും. 15-20 വർഷം കൊണ്ട് പൂർണ്ണ വിളവ് നൽകുന്ന ഇവ 60 വർഷം വരെ കായ്ഫലം നൽകും.
ജാതിക്കയുടെ വിപണിവില കിലോയ്ക്ക് 260 രൂപമുതൽ 460 വരെ ഉണ്ടാകാറുണ്ട്. ജാതിപത്രിക്ക് കിലോയ്ക്ക് 1800 മുതൽ 2600 വരെ വില ഉണ്ടാകും.

Content Highlights: Discover the rich history, medicinal properties, and cultivation methods of Nutmeg (Myristica fragrans). Explore its culinary and Ayurvedic uses. Learn how to grow and harvest this valuable spice.