സഞ്ചാരികൾക്കായി ഇരവികുളത്ത് ഓർക്കിഡ് വിസ്മയം

ഇരവികുളം ദേശീയോദ്യാനത്തിലെ ഓർക്കിഡേറിയം
ഇരവികുളം ദേശീയോദ്യാനത്തിലെ ഓർക്കിഡേറിയം

മൂന്നാർ: വിവിധതരം ഓർക്കിഡുകളുടെ വിസ്മയക്കാഴ്ചയൊരുക്കി ഇരവികുളം ദേശീയോദ്യാനത്തിലെ (രാജമല) ഓർക്കിഡേറിയം. വരയാടുകളുടെ സംരക്ഷണകേന്ദ്രമായ ഉദ്യാനത്തിൽ സജ്ജീകരിച്ചിരിക്കുന്ന ഓർക്കിഡേറിയം കാണാൻ ഇപ്പോൾ നിരവധി സന്ദർശകരെത്തുന്നു.

വിദേശ ഇനങ്ങൾ ഉൾപ്പെടെ 58 ഇനം ഓർക്കിഡുകൾ ഇവിടെ ഉണ്ട്. ഇരവികുളം ദേശീയോദ്യാനത്തിന്റെ പുൽമേടുകളിലേക്കും ചോലക്കാടുകളിലേക്കും സന്ദർശകർക്ക് പ്രവേശനമില്ല. അവിടെ വളരുന്ന ഓർക്കിഡുകളെ അടുത്ത് കാണുന്നതിനുള്ള സൗകര്യമാണ് ഓർക്കിഡേറിയത്തിലുള്ളത്. ഉദ്യാനത്തിന്റെ ടിക്കറ്റ് കൗണ്ടറിന് സമീപത്തായി സ്ഥാപിച്ചിട്ടുള്ള ഓർക്കിഡേറിയം സന്ദർശിക്കുന്നതിന് പ്രത്യേക പ്രവേശന പാസ് വേണ്ട.

2021-ൽ ആണ് യു.എൻ.ഡി.പി., ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ സഹായത്തോടെ ഇരവികുളത്ത് ഓർക്കിഡേറിയും സ്ഥാപിച്ചത്.

പതിനേഴ് ഇനം ഹൈബ്രിഡ് ഓർക്കിഡുകളാണ് ഒരു വിഭാഗത്തിലുള്ളത്. സിംബീഡിയം, ക്യാറ്റെലേയ, എപ്പിക്യാറ്റെലേയ, ഓൺസിഡിയം തുടങ്ങിയ ഇനങ്ങളും ഇവയുടെ ഉപവിഭാഗങ്ങളുമുണ്ട്. ഇതിൽ സിംബീഡിയത്തിന്റെ മാത്രം പതിനഞ്ചോളം ഉപവിഭാഗങ്ങളുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നും ഫിലിപ്പീൻസിൽനിന്നും എത്തിച്ചവയാണ് ഇവയിൽ പലതും.

രണ്ടാമത്തെ വിഭാഗത്തിൽ പ്രാദേശിക ഇനങ്ങളാണ്. 97 ചതുരശ്ര കിലോമീറ്റർ വരുന്ന ഇരവികുളം ദേശീയോദ്യാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ശേഖരിച്ച ഓർക്കിഡുകളാണിത്. ഉൾക്കാടുകളിൽനിന്ന് ഏറെ നാളത്തെ പരിശ്രമത്തിനുശേഷമാണ് ഇവ കണ്ടെത്തി ഓർക്കിഡേറിയത്തിലെത്തിച്ചത്. എറൈഡ്‌സ്, ഡിസ്‌പെരിസ്, എറിയ, ലിപാരിസ് തുടങ്ങിയ ഇനങ്ങൾ ഇതിൽപ്പെടുന്നു.

ടിക്കറ്റ് കൗണ്ടറിൽനിന്ന് ഉദ്യാനത്തിലേക്കുള്ള ബസ് നിർത്തിയിടുന്നിടത്തേക്കുള്ള പാതയുടെ സമീപത്താണ് ഓർക്കിഡേറിയം. ഇതിന് സമീപത്തായി പന്നൽ ഉദ്യാനവും (ഫെനേറിയം), വെർച്വൽ റിയാലിറ്റി സെന്ററും പ്രവർത്തിക്കുന്നുണ്ട്.

Content Highlights: Orchidarium at Eravikulam National Park: Stunning Orchid Display