രുചിയിലും വിളവിലും കേമൻ, ഒരു ചെടിയിൽനിന്ന് 3.5 കിലോ വരെ; മംഗലാപുരം ഊരുവെണ്ട കൃഷി എങ്ങനെ?

ആനക്കൊമ്പൻ വെണ്ടയാണ് നിലവിൽ നമ്മുടെ നാട്ടിലെ ഏഴഴകുള്ള വെണ്ട എന്ന കാര്യത്തിൽ സംശയമില്ല. വെണ്ടച്ചെടിക്കുതന്നെ ഒരാളോളം തലപ്പൊക്കം. നല്ല നീളൻ കായകൾ. ആകർഷകമായ ഇളംപച്ചനിറം. നാവിൽ തങ്ങുന്ന സ്വാദ്. ജൈവകൃഷിമുറകളോട് വേഗം പ്രതികരിക്കുന്ന സ്വഭാവം. വിപണിയിൽ സാമാന്യം നല്ല വില. മികച്ച വിളവ്. കായ് പിടിക്കാൻ തുടങ്ങിയാൽ ഒന്നിടവിട്ട് കൈനിറയെ വിളവും. അതിനാൽ ആനക്കൊമ്പൻ വെണ്ട വാങ്ങാനും വളർത്തി ആദായം നേടാനും ഇഷ്ടപ്പെടുന്നവർ ഏറെ. തിരുവനന്തപുരം, വെള്ളായണി മേഖലയിൽ ആനക്കൊമ്പൻ വെണ്ട കൃഷിയിൽ സ്പെഷ്യലൈസ് ചെയ്ത ഒട്ടേറെ കർഷകരുണ്ട്.
ഇപ്പോൾ ഇതാ ആനക്കൊമ്പനോളം സവിശേഷ ശ്രദ്ധ നേടുന്ന പുതിയ ഇനം വെണ്ടയ്ക്ക. പേര് ‘മംഗലാപുരം ഊരു വെണ്ട’. പേര് സൂചിപ്പിക്കുന്നതു പോലെ കർണാടകത്തിലെ മംഗലാപുരം സ്വദേശിയാണ്. നമ്മുടെ നാട്ടിലെത്തിയിട്ട് അധികനാളായിട്ടില്ല. അങ്ങിങ്ങ് അപൂർവമായി ഉണ്ട് എന്നല്ലാതെ. തിരുവനന്തപുരത്തെ ഉള്ളൂർ കൃഷിഭവനിലെ കൃഷി ഓഫീസർ സി. സ്വപ്‌നയോടൊപ്പം സഹപ്രവർത്തകരും കാർഷിക കർമസേന ചുമതലക്കാരുമായ ശരത്തും ബിനുലാലും ഇതിന്റെ കൃഷിക്ക് തുടക്കംകുറിച്ചു. ചെറുവയ്ക്കൽ പ്രദേശത്തെ തരിശുഭൂമി കൃഷിയോഗ്യമാക്കിയാണ് കൃഷി തുടങ്ങിയത്.
കൃഷിരീതി
ഇക്കഴിഞ്ഞ ഒക്‌ടോബറിലാണ് തടമൊരുക്കി വിത്ത് പാകിയത്. ആദ്യം തടത്തിൽ കുമ്മായമിട്ട് മണ്ണ് പരുവപ്പെടുത്തി. രണ്ടാഴ്ച കഴിഞ്ഞ് തടമൊന്നിന് അഞ്ച് കിലോഗ്രാം വീതം കോഴിവളവും തടത്തിലിളക്കി ചേർത്തു. ഓരോ തടത്തിലും മൂന്ന്-നാല് വിത്തു വീതം പാകി. രണ്ടാഴ്ച കഴിഞ്ഞ് ഓരോ തടത്തിലും നല്ല വളർച്ചയായ ഒന്നോ രണ്ടോ തൈ മാത്രം നിർത്തി. രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും തടമൊന്നിന് അഞ്ച് കിലോ വീതം ജൈവവളം ചേർത്ത് മണ്ണണച്ചു. 10 ദിവസം കഴിഞ്ഞ് കടലപ്പിണ്ണാക്ക്, എള്ളിൻപിണ്ണാക്ക്, മരോട്ടിപ്പിണ്ണാക്ക് എന്നിവ കലർത്തിയ മിശ്രിതം തടമൊന്നിന് അരകിലോ വീതം ചേർത്തു. മഴയില്ലാത്ത ദിവസങ്ങളിൽ കൃത്യമായി രണ്ടു നേരംവീതം നന ഉറപ്പാക്കി.
നവംബർ പകുതിയായപ്പോഴേക്കും വെണ്ടച്ചെടികൾ നിറയെ പൂവിട്ടു. ഈ സമയം 19:19:19 എന്ന രാസവളമിശ്രിതം ഓരോ ചെടിക്കും 10 ഗ്രാം വീതം തടത്തിൽ ചേർത്ത് നനച്ചു. ഡിസംബർ ആദ്യം വിളവെടുപ്പിനൊരുങ്ങി.
ചില പ്രത്യേകതകൾ
സാധാരണ വെണ്ടകളെ ഉപദ്രവിക്കുന്ന കീടങ്ങളോ രോഗങ്ങളോ ഇതിനെ പിടികൂടിയിട്ടില്ലെന്നു സ്വപ്‌ന സാക്ഷ്യപ്പെടുത്തുന്നു. ഇളംപച്ചനിറത്തിൽ 25 സെന്റി മീറ്ററോളമുള്ള വെണ്ടക്കായകൾ ശിഖരങ്ങളിൽ നിറയെ പിടിച്ചു. ഇങ്ങനെ ഓരോ ചെടിയിൽനിന്ന് മൂന്നു മുതൽ 3.5 കിലോ വരെ വെണ്ടയ്ക്ക കിട്ടി. 2-3 ദിവസം തോറും വിളവെടുക്കാൻ പാകത്തിൽ കായ്കൾ വിളയുന്നു എന്നതാണ് ഇതിന്റെ സവിശേഷത.
പാചകം ചെയ്യുമ്പോൾ കിട്ടുന്ന സവിശേഷഗന്ധവും സ്വാദും മറ്റൊരു പ്രത്യേകതയാണ്. ജൈവകൃഷി രീതികളോട് നന്നായി പ്രതികരിക്കുന്ന സ്വഭാവവുമാണ്. ഒപ്പം വാണിജ്യകൃഷിക്ക് ആദായകരവും വീട്ടുകൃഷിക്ക് ഇണങ്ങിയതും. നട്ട് 80 ദിവസംവരെ വിളവും ആദായവും ഉറപ്പ്. നാടൻ വെണ്ടയായതിനാൽ വിപണിയിൽ ആവശ്യക്കാരുണ്ടായിരുന്നു. സാമാന്യം ഭേദപ്പെട്ട വിലയും ലഭിക്കും. ഉള്ളൂർ കൃഷിഭവനിൽനിന്നു 14 ജില്ലകളിലെ രണ്ടായിരത്തിലധികം കർഷകരിലേക്കാണ് മംഗലാപുരം ഊരുവെണ്ടയുടെ വിത്ത് എത്തുന്നത്.
വിവരങ്ങൾക്ക്: 6282759169
Content Highlights: Discover Mangalapuram Ooru Vendakka, a high-yield okra variety from Mangalapuram. Learn cultivation tips for up to 3.5 kg yield per plant. Get started today!