സമുദ്രത്തിന്റേയും ശാസ്ത്രത്തിന്റേയും അതിരുകളിൽ പിറവികൊണ്ട കൃഷി; ഈ പച്ചപ്പിൽ നിറച്ചുണ്ട് ആരോഗ്യം

#കെ. മധു
രോഹിത് ഹൈഡ്രോപോണിക് കൃഷിയിടത്തിൽ
രോഹിത് ഹൈഡ്രോപോണിക് കൃഷിയിടത്തിൽ

തൻവീർ മറൈൻ എഞ്ചിനീയർ. രോഹിത് ഇലക്ടോണിക്‌സ് എഞ്ചിനീയർ. തിരുവനന്തപുരത്തെ നാടക ക്യാമ്പിൽ ഇവർ പരസ്പരം കൂട്ടിമുട്ടി. കൂട്ടുകാരിലൂടെ. പിന്നെ വിടർന്നത് പച്ചപ്പാണ്. സമുദ്രത്തിന്റേയും ശാസ്ത്രത്തിന്റേയും അതിരുകളിൽ കൃഷി പിറന്നു. അപ്പോൾ ഇലച്ചെടികളുടെ രുചിയിലൂടെ രണ്ടു പേരും നാടിന്റെ നാവിൽ നിറഞ്ഞു. സൂപ്പർ മാർക്കറ്റുകളിലൂടെ.

കൃഷി ചെയ്യാൻ മണ്ണുവേണ്ട

തൻവീറും രോഹിത്തും അക്വാപോണിക്‌സിന്റെ ആശാന്മാരാണ്. മണ്ണ് വേണ്ടാത്ത കൃഷി. തിരുവനന്തപുരത്ത് കരമനയിൽ രണ്ടാളും ചേർന്ന് അപ്ടൗൺ അർബൻ ഫാംസ് വികസിപ്പിച്ചു. ഹൈ ലീവ്‌സ് എന്ന ബ്രാൻഡ് ഇലകളുടെ സ്വാദായി. പ്രത്യേകം തയ്യാറാക്കിയ കൃഷിയിടം.  പോളിഹൗസിൽ ചൂടും തണുപ്പും ക്രമീകരിച്ചു. വളവും മൂലകങ്ങളും ജലനാളികളിലൂടെ. ഹൈഡ്രോപോണിക് തോട്ടത്തിൽ പച്ചപ്പിന്റെ പലപല ഭാവങ്ങൾ.

'മാർക്കറ്റിലാണ് ഞങ്ങൾ ആദ്യം നോക്കിയത്. ഓർഗാനിക് ഉൽപ്പന്നങ്ങൾ മാത്രമേ നൽകൂ എന്ന് ആദ്യമേ തീർച്ചയാക്കി.. അപ്പോൾ കണ്ടു. ഉള്ളതു പലതും ഓർഗാനിക് അല്ല. ആ പേരു മാത്രമേ ഉള്ളൂ. ഓർഗാനിക് ഇലകൾ തിരുവനന്തപുരത്ത് വിൽക്കണമെങ്കിൽ ഉൽപാദനം തൊട്ട് ശ്രദ്ധിക്കണം. പുറത്തെ തോട്ടത്തിൽ നിന്ന് കൊണ്ടു വന്ന് വിറ്റാൽ ഉപഭോക്താക്കളെ സന്തോഷിപ്പിക്കാനാവില്ല. അങ്ങനെയാണ് തോട്ടം എന്ന ഐഡിയ വന്നത്' - രോഹിത് പറഞ്ഞു.

അങ്ങനെ കുറച്ചു സ്ഥലത്ത് കൂടുതൽ വിളവെടുക്കാൻ രണ്ടു പേരും ചേർന്ന് ഹൈഡ്രോപോണിക് കൃഷിയിടം ആരംഭിച്ചു

ഇലകൾ പച്ച പലതരം

ചൈനീസ് കാബേജ് എന്ന ബോക്‌ചോയ്, വിവിധ തരം ലെറ്റിയൂസുകൾ, പാലക് പലതരം, കർലി കെയിൽ വേണ്ടത്ര, ഒപ്പം പല തരം മൈക്രോ ഗ്രീൻസും. തോട്ടം വൈവിധ്യത്തിന്റെ ഉദ്യാനം. ഒരു മാസം കൊണ്ട് വിളവെടുക്കാം എന്നതാണ് ഇലച്ചെടികളുടെ ഗുണം. ചൈനീസ് ബോക്‌ചോയ് കാബേജ് പോലെ തന്നെ വളരും.

'ഹൈഡ്രോപോണിക്‌സിനെ പഠിച്ചാൽ പിന്നെല്ലാം എളുപ്പം. ചകിരിച്ചോറിൽ വളരും. പൈപ്പിലെ വെളളവും ആവശ്യത്തിന് ന്യൂട്രിയന്റ്‌സും ട്രേയിലെത്തും. ബോക്‌ചോയ് വിത്ത് മുളച്ച് മുപ്പതു നാൽപതു ദിവസത്തിനുള്ളിൽ വിളവെടുപ്പ് പൂർത്തിയാക്കാം. എല്ലാ ഇലകൾക്കും അത്രയേ വേണ്ടൂ വിളവെടുപ്പ് കാലം. ഇലയരിഞ്ഞ് തോരൻ കഴിക്കാം. സലാഡുകളിൽ ഇടാം. വേവിച്ചും കഴിക്കും. പലതരം ഇഷ്ടങ്ങളെ സമ്മാനിക്കും ബോക്‌ചോയ്.

വിളവെടുപ്പിന്റെ രീതികളും പരിപാലന രീതികളും എല്ലാം പ്രായോഗികമായാണ് പഠിച്ചത്. വിത്തു ഉത്തരേന്ത്യൻ കമ്പനികളിൽ നിന്ന് വാങ്ങി. എല്ലാം ഒരു കമ്പനി അല്ല. പലരിൽ നിന്ന് പല വിത്ത്. അനുഭവം ഗുരു.- തൻവീറും രോഹിത്തും പറയുന്നു.

അറുപതുലക്ഷം രൂപയോളം ചെലവിട്ടാണ് ഫാം തയ്യാറാക്കിയത്. ഇനി എളുപ്പമാണ്. പുതിയ നവീകരണങ്ങൾ സ്വയം വികസിപ്പിച്ചു. പുതിയ കൃഷിയിടങ്ങൾ വികസിപ്പിച്ചാലേ ഇപ്പോൾ ഈ ചെറുപ്പക്കാർക്ക് ആവശ്യക്കാരെ സംതൃപ്തരാക്കാനാവൂ. 15000 ചതുരശ്ര അടി ഫാമാണ് ഇവർക്കുള്ളത്. മൂന്നു തൊഴിലാളികൾ. ആകെ പത്തു ജീവനക്കാർ. ആത്മാർത്ഥമായി പണിയെടുക്കുന്ന മൂന്നാൾ മതി ഫാം നടത്തിപ്പിന് എന്ന് രോഹിത്.

പ്രതിസന്ധിയല്ലാ വിപണി

ആദ്യം 1400 ചതുരശ്ര അടിയുടെ കൃഷിയിടമായിരുന്നു ചെങ്കോട്ടുകോണത്ത്. പല വിധത്തിൽ ചോദിച്ചു ചോദിച്ചാണ് പഠിച്ചത്. ആദ്യം പക്ഷേ വാങ്ങാൻ ആളില്ലായായിരുന്നു. അങ്ങനെ ഇതിന്റെയൊക്കെ രുചി ഞങ്ങൾ തന്നെ നന്നായി ശീലിച്ചു. പിന്നെ ഞങ്ങൾ പാക്ക് ചെയ്ത് ഒന്നുരണ്ടു സൂപ്പർ മാർക്കറ്റുകളിൽ വച്ചു. കാണുമ്പോൾ തന്നെ വാങ്ങാനെത്തുന്നവർക്ക് വ്യത്യാസം മനസ്സിലായി. ഒന്നു പോലും ബാക്കിയായില്ല. വളർത്തിയെടുത്താൽ വാങ്ങാൻ ആവശ്യക്കാർ വേണ്ടത്രയെന്ന് അങ്ങനെ ഞങ്ങൾ മനസ്സിലാക്കി. പതിയെ രോഹിത്തും തൻവീറും കൂടുതൽ സ്റ്റാളുകളിൽ ഇലകൾ വച്ചു. ഇന്ന് തലസ്ഥാനത്തിന്റെ ഇലക്കറികളിൽ ഇവരുടെ വിഭവങ്ങൾ അനിവാര്യമായി.

ചോദിച്ചു വാങ്ങുന്ന ആരോഗ്യം

ചൈനീസ് കാബേജിൽ നിന്ന് തൻവീറും രോഹിത്തും ഇടിച്ചുകയറിയത് ഇലപ്പെരുമകളിലേക്കാണ്. അതിന് കാരണക്കാരായത് പ്രിയപ്പെട്ട ഉപഭോക്താക്കളും. 

'വന്നവരും വാങ്ങിയവരും ചോദിച്ചത് കൂടുതൽ പോഷകമൂല്യങ്ങളുള്ള ഇലക്കറികളാണ്. അങ്ങനെ ലെറ്റിയൂസുകളും പാലക്കുകളും കെയിലുകളും സജീവമാക്കി. ഉപഭോക്താക്കൾ ഞങ്ങളെ പഠിപ്പിച്ചു, വിപണിയുടെ ആവശ്യങ്ങൾ. അങ്ങനെ ഞങ്ങൾ കർലി കെയിലും അമേരിക്കൻ കെയിലും വിപണിയിൽ എത്തിച്ചു. രാവിലെ വിൽക്കണം. അപ്പോൾ കൂടുതൽ ഉഷാറുണ്ടാവും ലെറ്റിയൂസിന്റെ കാര്യത്തിലും കർളി ലെറ്റിയൂസും ഗ്രീൻ ലെറ്റിയൂസും റൊമേയ്ൻ ലെറ്റിയൂസും ഓക്ക് ലീഫ് റെഡ് ലെറ്റിയൂസുമൊക്കെ ഞങ്ങൾ വിൽക്കുന്നുണ്ട് ' അഗ്രി എഞ്ചിനീയർമാർ ആവേശത്തിലാണ്.

പോഷകസമൃദ്ധമാണ് ഈ ഇലക്കറികൾ. ലെറ്റിയൂസിൽ ബീറ്റാ കരോട്ടിനും വൈറ്റമിൻ സിയും ഉണ്ട്. ആന്റി ഓക്‌സിഡന്റുകൾ ധാരാളം. വിട്ടു മാറാത്ത രോഗങ്ങൾക്ക് പരിഹാരമായി ഡോക്ടർമാർ നിർദ്ദേശിക്കുന്നതാണ് ഇതെല്ലാം. എല്ലിന്റെ ആരോഗ്യത്തിന് ഗുണകരമായ വിറ്റാമിൻ കെ ആണ് മറ്റൊരു ആകർഷണം. കോശ വളർച്ചയ്ക്ക് ലെറ്റിയൂസ് നിർദ്ദേശിക്കാറുണ്ട്. അതിലേറെ ദഹനത്തിന് സഹായിക്കുന്നു. കോളൻ ക്യാൻസറിനെ തടയുന്നു. നാരുകളുടെ സാന്നിദ്ധ്യമുള്ളതിനാൽ പച്ചക്കു കഴിക്കണം പച്ചക്കറികൾ എന്നാണ് ഇപ്പോൾ വൈദ്യശാസ്ത്രം മുന്നോട്ടു വയ്ക്കുന്ന നിർദ്ദേശം.

ക്വാളിറ്റിയിൽ വിട്ടുവീഴ്ചയില്ല

ആവശ്യക്കാർ കൂടിവരികയാണ്. ആറു വർഷം കൊണ്ടുണ്ടാക്കിയ വിശ്വാസ്യതയാണ് മൂലധനം. എന്നാൽ ഏതെങ്കിലും വിധത്തിൽ നിലവാരത്തിൽ വിട്ടുവീഴ്ചയില്ല. അതാണ് പ്രധാനം. കൂടുതൽ കൃഷിയിടം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ- രോഹിത് പറയുന്നു

ആളുകൾ തപ്പിപ്പിടിച്ച് വരികയാണ്. കർലി കെയിലിന്റെ ഡിഷസും ബ്യൂട്ടി പ്രോഡക്ടുമൊക്കെ അന്വേഷിച്ച് കണ്ടെത്തിയാണ് പലരും എത്തുന്നത്. അവരുടെ നിർദ്ദേശങ്ങളാണ് ഞങ്ങളെ പുതിയ പ്രോഡക്ട് കണ്ടെത്താനും വളർത്താനും ഇപ്പോൾ സഹായിക്കുന്നത്. യാതൊരു മരുന്നും ഇവിടെ ഇല്ല. ചിലപ്പോഴൊക്കെ വേപ്പെണ്ണ ഉപയോഗിച്ചിട്ടുണ്ട്. പിന്നെ മോശമായാൽ പറിച്ചു കളയും. ഹൈ ലീവ്‌സിന്റെ വിജയവഴി രോഹിത് ഓർക്കുന്നു

കൂട്ടിനുണ്ട് മൈക്രോഗ്രീനും

ഇലക്കറികൾ പോലെ തന്നെ മൈക്രോഗ്രീനും കാർഷിക എഞ്ചിനീയർമാർ വിളവെടുത്തു. മുളപ്പിച്ചെടുക്കുന്ന പച്ചക്കറികൾ. ഏറ്റവും പോഷകമൂല്യം. തെല്ലും ദോഷമില്ലാതെ. ആവശ്യത്തിന് അനുസരിച്ചാണ് മുളപ്പിക്കുന്ന വിഭവങ്ങൾ ഒരുക്കുന്നത്. മൈക്രോഗ്രീൻസ് സിസ്റ്റം കുറച്ച് അൻസ്‌റ്റേബിളാണ്. എളുപ്പത്തിൽ ഫംഗസ് വരും. വീറ്റ് ഗ്രാസും റാഡിഷും ബോക്‌ചോയും സൺ ഫ്‌ളവറുമെല്ലാമായി പതിനഞ്ചോളം ഇനങ്ങൾ ഈ ചെറുപ്പക്കാർ വിപണിയിൽ എത്തിക്കുന്നു. ഏറ്റവും പോഷകമൂല്യമുള്ളതാണ് ഇവ. ഒപ്പം മുളപ്പിച്ച ധാന്യങ്ങളും ഇതേ ബ്രാൻഡിൽ വിപണിയിലെത്തിക്കുന്നു

മൈക്രോഗ്രീൻസ് 

സ്വന്തം വഴി

നാട്ടിൽ പച്ചച്ചീരകളും ചുവപ്പു ചീരകളുമുണ്ട്. അത് വിൽക്കാൻ ഞങ്ങൾ ഇല്ല. അത് ചന്തയിൽ കിട്ടും. ഓർഗാനിക് ഇലക്കറികൾ വ്യത്യസ്തമായത് നൽകലാണ് ലക്ഷ്യം. ഞങ്ങളുടെ ആവശ്യക്കാർക്ക് ഞങ്ങളുടെ ഉൽപ്പന്നതിന്റെ മൂല്യമറിയാം എല്ലാവരും നൽകുന്നത് നൽകാൻ ഞങ്ങളെന്തിന്? പുതിയ ഇനം, മറ്റാരും മാർക്കറ്റിൽ എത്തിക്കാത്തത്. അതാണ് ഞങ്ങളുടെ ബ്രാൻഡ്. രോഹിത്തും തൻവീറും മുന്നോട്ടാണ്. ചെറുപ്പക്കാർ കൃഷിയിടത്തിലേക്ക് ഇല്ലെന്ന്  പറയുന്ന് കാലത്ത് സ്വന്തം പച്ചപ്പിൽ ലാഭം കണ്ടെത്തുകയാണ് ഈ യുവ എഞ്ചിനീയർമാർ.

(മാതൃഭൂമി ന്യൂസിൽ സംപ്രേഷണം ചെയ്യുന്ന 'കൃഷി ഭൂമി' യുടെ അവതാരകനാണ് ലേഖകൻ)

Content Highlights: grows pesticide-free, nutrient-rich hydroponic greens & microgreens.