സെൻസറുകൾ കാവലിരിക്കും, ഫോൺ നിയന്ത്രിക്കും; ഹൈടെക് കൃഷിയിലെ വിസ്മയങ്ങളുമായി സിസിൽ ചന്ദ്രൻ

ഹൈടെക് ഫാമിങ് എന്ന ആധുനിക കൃഷിസങ്കേതത്തിന്റെ പ്രയോക്താവാണ് തിരുവനന്തപുരത്തു കുളത്തൂർ താമസിക്കുന്ന സിസിൽ ചന്ദ്രൻ. എത്ര വിസ്തൃതി കുറഞ്ഞ സ്ഥലത്തും ആധുനിക സാങ്കേതികവിദ്യയുടെ പിൻബലത്തോടെ വർഷം മുഴുവൻ ഉയർന്ന വിളവും ലാഭവും ഉറപ്പാക്കുന്ന നൂതനകൃഷി സമ്പ്രദായം വിജയകരമായി പ്രാവർത്തികമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. രണ്ടാം തവണ സംസ്ഥാനത്തെ ഏറ്റവും മികച്ച ഹൈടെക് കർഷകനുള്ള സർക്കാരിന്റെ പുരസ്കാരവും ലഭിച്ചു.
ജീവിതത്തിൽ വഴിത്തിരിവായത് ഏതാണ്ട് ഒരു ഏക്കറോളം വരുന്ന സ്ഥലത്ത് പോളിഹൗസ് തീർത്തതും അതിൽ സാലഡ് വെള്ളരി, കാപ്സിക്കം, പാവൽ, വെണ്ട, കാബേജ്, ബ്രോക്കോളി, ബീറ്റ്റൂട്ട്, പടവലം, മുളക്, പയർ തുടങ്ങി ഒരു പറ്റം വിളകളുടെ വൈവിധ്യമാർന്ന വിളവിന്യാസം യാഥാർഥ്യമാക്കിയതുമാണെന്ന് അദ്ദേഹം പറയുന്നു. 10 ഏക്കർ സ്ഥലത്തെ നെൽക്കൃഷി ഭംഗിയായി തുടരുന്നതോടൊപ്പം, കുളത്തൂർ നെല്ലിക്കോണം ഏലായിൽ തരിശിട്ടിരുന്ന 25 ഏക്കർ സ്ഥലത്തുകൂടി പുതുതായി നെൽക്കൃഷിയിറക്കി. ഒപ്പം ഒരേക്കറിൽ കപ്പയും മൂന്ന് ഏക്കറിൽ വാഴയും ഉണ്ട്. കാലികൾക്കുള്ള തീറ്റപ്പുല്ലാണ് മറ്റൊരു മൂന്ന് ഏക്കറിലെ മുഖ്യവിള.
പോളിഹൗസ്
മണ്ണ് നന്നായി കിളച്ചു പരുവപ്പെടുത്തി ആവശ്യത്തിന് ചാണകപ്പൊടിയും മണ്ണിര കമ്പോസ്റ്റും ചേർത്ത് റോട്ടോവേറ്റർ കൊണ്ട് മണ്ണ് നന്നായി ഇളക്കി പുട്ടുപൊടിയുടെ പാകത്തിലാക്കും. തുടർന്ന് ഏഴ് ദിവസം വെള്ളം നനച്ചിടും. ഫോർമാൽഡിഹൈഡ് പരിചരണം നടത്തി, യു.വി. ഷീറ്റിട്ടു മൂടുന്നു. ഏഴു ദിവസം കഴിയുമ്പോൾ വെള്ളമൊഴിച്ചു മണ്ണിലെ ഫോർമാൽഡിഹൈഡ് അംശം കഴുകിക്കളയും. എന്നിട്ട് മണ്ണ് വീണ്ടും കിളച്ചൊരുക്കും. ഒരു ചതുരശ്ര മീറ്ററിന് ഒരു കിലോ വീതം കടലപ്പിണ്ണാക്ക്, വേപ്പിൻപിണ്ണാക്ക്, ഉങ്ങിന്റെ പിണ്ണാക്ക്, എല്ലുപൊടി എന്നിവ മണ്ണിൽ ചേർത്ത് ട്രൈക്കോഡെർമയും കൂടെ കലർത്തി തടമൊരുക്കി നടീൽ തുടങ്ങും. തുള്ളിനനയ്ക്കായി ഓരോ വിളയ്ക്കും ആവശ്യമാംവിധമാണ് ഡ്രിപ്പ് ലൈനുകൾ ക്രമീകരിച്ചത്. ഓരോ വരിക്കും 30 മീറ്റർ നീളമുണ്ടാകും. കാപ്സിക്കത്തിനാണെങ്കിൽ 45 സെന്റീമീറ്റർ അകലത്തിലാണ് ഡ്രിപ്പ് ലൈൻ ഇട്ടു പ്രത്യേക വാൽവുകൾ ഘടിപ്പിച്ചിട്ടുള്ളത്.
നിയന്ത്രണം മൊബൈൽഫോണിലൂടെ
ഓട്ടോമേഷൻ സാങ്കേതികവിദ്യയിലൂടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതാണ് പോളിഹൗസിന്റെ ഏറ്റവും വലിയ സവിശേഷതയും നേട്ടവും. സി-ഡാക്കിന്റെ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. പോളിഹൗസിൽ സ്ഥാപിച്ച സെൻസർ യൂണിറ്റ് വഴിയാണ് നിയന്ത്രണം. ഇതിലൂടെ വെള്ളം, വായു, താപനില, ആർദ്രത എന്നിവയെല്ലാം ക്രമീകരിക്കാം. മൊബൈൽ ഫോണിലെ ആപ്പിലൂടെ ഇവയെല്ലാം അറിയാനും നിയന്ത്രിക്കാനും കഴിയും. ഇവയിൽ എന്തെങ്കിലും കുറവുവന്നാൽ അപ്പോൾ മുന്നറിയിപ്പു വരും. അതനുസരിച്ചു പ്രശ്നം പരിഹരിക്കാം. തുറസായ കൃഷിയുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറച്ചു വെള്ളം മാത്രമേ പോളിഹൗസ് കൃഷിയിൽ ഉപയോഗിക്കുന്നുള്ളൂ.
ഉപസംരംഭങ്ങളുടെ മികവ്
ആട്, പശു, കോഴി, താറാവ് തുടങ്ങിയവയും വളർത്തുന്നുണ്ട്. പാലിനുപുറമേ പാലുമായി ബന്ധപ്പെട്ട അഞ്ചു ഉത്പന്നങ്ങളിൽനിന്ന് പഞ്ചഗവ്യവും തയ്യാറാക്കി വിൽക്കുന്നു. ചാണകം ഉണക്കി പാക്കറ്റുകളിലാക്കി വിൽക്കുന്നു. പശുക്കളിൽ വെച്ചൂരും കാസർകോട് കുള്ളനുമുണ്ട്. കരിങ്കോഴി, സ്വർണധാര കോഴികൾ ഉൾപ്പെടുന്നതാണ് കോഴിവളർത്തൽ യൂണിറ്റ്. കോഴിമുട്ടയും വിൽപ്പനയുണ്ട്.
വിവരങ്ങൾക്ക്: 8330025215
Content Highlights: how Sisil Chandran uses mobile-controlled sensors and polyhouse technology for high-yield farming.