തെങ്ങു കയറ്റം മുതൽ പുല്ലു ചെത്തുവരെ; 'കാർഷികയുദ്ധ'വുമായി പച്ചപ്പട്ടാളം, വിജയം പഠിച്ച് ലോകബാങ്കും

കൃഷി വകുപ്പിന് കീഴിൽ എറണാകുളം പാമ്പാക്കുടയിൽ മോഡൽ അഗ്രോ സർവീസ് സെന്ററുണ്ട്. ഇവിടെ ഒരു ഹരിതസേനയുണ്ട്. കാർഷികയുദ്ധങ്ങൾക്ക് സദാ സജ്ജമാണ് ഈ ഗ്രീൻ ആർമി. പാമ്പാക്കുട ബ്ലോക്കിന് കീഴിൽ തിരുമാറാടിയിലാണ് ഈ ഗ്രീൻ ആർമി. ഞാറു നടാൻ പച്ചപ്പട്ടാളമെത്തും. പുല്ലു പറിക്കാനും പുല്ലു ചെത്താനും റെഡി. കൊയ്യാനും സംഘമെത്തും. സംഘത്തിന്റെ നോഡൽ ഓഫീസറായ ടി.കെ. ജിജി പറയുന്നു.
'എന്തിനും തയ്യാർ. നെല്ല് മാത്രമല്ല. തെങ്ങാണെങ്കിലും മറ്റേത് കൃഷിയായാലും ഇവരുണ്ട്. തെങ്ങിന്റെ മണ്ട വെടിപ്പാക്കാൻ ഇവരുണ്ട്. തേങ്ങയിടാൻ ഇവരൊരുക്കം. ടെക്‌നീഷ്യൻമാർ കൂടുതലും സ്ത്രീകൾ. പക്ഷേ അവർക്ക് ഇതൊന്നും പ്രശ്‌നമല്ല. അതത് പഞ്ചായത്തിലെ കൃഷിഭവൻ വഴി അപേക്ഷ കിട്ടിയാൽ ഏത് സ്‌കീമും ഇവർ ഏറ്റെടുക്കും. പച്ചക്കറി കൃഷിക്കു വേണ്ട ലേബർ ഇവർ നൽകും. കുരുമുളകിനാണെങ്കിൽ സ്‌പ്രേ അടിക്കാൻ എത്തും. ഇത് ഇപ്പോൾ പാമ്പാക്കുട ബ്ലോക്കിൽ മാത്രമല്ല അടുത്ത പഞ്ചായത്തുകളിലും ഇവർ ജോലിക്കെത്തും.' ജിജി പറയുന്നു.
സംസ്ഥാന ദേശീയ പുരസ്‌കാരങ്ങൾ അടക്കം നിരവധി പുരസ്‌കാരങ്ങൾ ഇതിനകം സംഘം നേടി. ഏതു കാർഷിക പ്രവൃത്തിയും വിശ്വസിച്ച് ഏൽപിക്കാം. വെടിപ്പായി ചെയ്തു കൊടുക്കും. അതാണ് ഗ്രീൻ ആർമി. ഗ്രീൻ ആർമി സ്വന്തം നഴ്‌സറി നടത്തുന്നുണ്ട്. തൈകൾ ഉൽപ്പാദിപ്പിക്കും. വിൽപന നടത്തും. എല്ലാ പച്ചക്കറിത്തൈകളും ഇവിടെ കിട്ടും. വെണ്ട, വഴുതന, പയർ, തക്കാളി തൊട്ട് പച്ചമുളക് വരെ. ഒപ്പം ഫലവൃക്ഷത്തൈകളും തയ്യാറാക്കുന്നു. 'ആവശ്യക്കാർ ഉണ്ട്. സഥിരം ഉപഭോക്താക്കളുമുണ്ട്. കൂടാതെ വഴിയോര വിൽപനശാലകളുമുണ്ട്. നഗര വഴിയോര വിപണികേന്ദ്രങ്ങളിലൂടെയാണ് വിൽപ്പന. സ്വന്തം വണ്ടിയിലൂടെ സ്ഥിരം റൂട്ടുകളിൽ യാത്ര. മതിയായ വിപണി.' നഴ്‌സറിയുടെ ചുമതലയുള്ള റൂബി വിജയവഴിയെപ്പറ്റി പറയുന്നു.
കാർഷിക യന്ത്രവൽക്കരണത്തിന്റെ പാതയാണ് പാമ്പാക്കുട അഗ്രോ സർവീസ് സെന്ററിന്റേത്. ആശാ പീറ്റർ പറയുന്നു ' ഞങ്ങൾക്ക് നടാനും മരുന്നടിക്കാനും കൊയ്യാനുമൊക്കെ യന്ത്രങ്ങളുണ്ട്. മണ്ണുത്തിയിൽ പോയി ഞങ്ങൾ പരിശീലനം നേടി. ഈ ജോലിയൊക്കെ ഇപ്പോൾ ഞങ്ങൾക്കു തന്നെ നന്നായി ചെയ്യാനറിയാം. അവിടെ നിന്ന് ജയകുമാർ സാറും സംഘവും ആദ്യ പരിശീലനം നൽകി. കൂടാതെ അവർ എല്ലാക്കൊല്ലവും ഇവിടെ വന്ന് മൂന്നാഴ്ചയൊക്കെ പരിശീലനം നൽകും. പുല്ലു വെട്ടാനും സ്പ്രേ ചെയ്യാനുമൊക്കെ പ്രത്യേകം പരിശിലനം ഉണ്ടായിരുന്നു. കൊയ്യാനും മെതിക്കാനും യന്ത്രങ്ങളായതോടെ പണി എളുപ്പമായി.'
സംഘം വിവിധ വിൽപന കേന്ദ്രങ്ങളിലൂടെ രാസ-ജൈവ-കുമിൾ-കീട-കള നാശിനികൾ കർഷകരിലേക്ക് എത്തിക്കുന്നു. പച്ചക്കറി വിത്തുകൾക്ക് പുറമേ നടീൽ വസ്തുക്കളും മറ്റ് ഉൽപാദനോപാധികളുടെ വിൽപ്പനയുമുണ്ട്. സസ്യസംരക്ഷണവും കാർഷിക ഉപകരണങ്ങളുടെ വിൽപനയും സജീവം.
തിരിനന, ഫാമിലി ഡ്രിപ്പ് എന്നീ ജലസേചന പദ്ധതികളും സ്ഥാപിച്ചു നൽകും. പോട്ടിങ് മിക്‌സ്ചർ നിറച്ച കണ്ടെയ്‌നറുകളുടെ വിതരണമാണ് മറ്റൊരു മേഖല. യന്ത്രസഹായത്താലുള്ള പുല്ലു വെട്ടിന് പാമ്പാക്കുടക്കാരെ തേടി എന്നും തിരക്കാണ്.
തെങ്ങിന്റെ കട തുറക്കലും മണ്ടയിൽ മരുന്ന് തളിക്കലും ഈ വനിതാസംഘം ചെയ്യുന്നു. അംബികയാണ് സൂപ്പർ സ്റ്റാർ. കൊയ്ത്തു മെതി യന്ത്രവും തെങ്ങ് കയറ്റയന്ത്രവും ഒരേ പോലെ വഴങ്ങുന്ന സൂപ്പർ സ്റ്റാർ.
' ഇപ്പോൾ എല്ലാ മേഖലയും വനിതകൾ ഉണ്ടല്ലോ. പണിയെടുക്കാൻ തയ്യാറെങ്കിൽ വരുമാനം കിട്ടും എന്ന കാഴ്ചപ്പാടിലാണ് ഈ പണിയിലേക്ക് വന്നത്. ജോലി ചെയ്യാൻ സന്നദ്ധയാണോ എന്നതാണ് പ്രശ്‌നം. എങ്കിൽ തെങ്ങിൽ കയറാനും എളുപ്പമാണ്. രണ്ടു മാസത്തോളം പരിശീലനം കിട്ടി. അടുത്തടുത്താണെങ്കിൽ മുപ്പതു തെങ്ങ് ഒക്കെ ഒരു ദിവസം ഒരാൾക്ക് ഇങ്ങനെ ഒരു വിഷമവും ഇല്ലാതെ കയറാം' - അംബിക പറഞ്ഞു. ഒരു തെങ്ങിൽ കയറി തേങ്ങ ഇടാൻ 65 രൂപയും തെങ്ങിന്റെ മണ്ട വെടിപ്പാക്കി മരുന്നടിക്കാൻ 130 രൂപയുമാണ് കൂലി.
കീടരോഗ നിയന്ത്രണത്തിനും ഈ പെൺകൂട്ടം സദാ രംഗത്തുണ്ട്. രാസ കീടനാശിനികൾക്കൊപ്പം ജൈവ കീടനാശിനികളും ജൈവാണുവളങ്ങളും ഇവർ ആവശ്യമറിഞ്ഞ് എത്തിക്കുന്നു. പാമ്പാക്കുടയിൽ ഇതിനായി ഒരു ബയോഫാർമസി തന്നെ പ്രവർത്തനക്ഷമവുമാണ്.
'കർഷകർ നേരിട്ട് ഞങ്ങൾക്കു മുന്നിലെത്തും. അവർ വിളകളെക്കുറിച്ചും കീടങ്ങളെക്കുറിച്ചും പറയും. അപ്പോൾ അതിന് അനുസരിച്ചുള്ള മരുന്നോ നിർദ്ദേശങ്ങളോ നൽകും. കുമിൾ രോഗമാണെങ്കിൽ കുമിൾനാശിനി കൊടുത്തു വിടും. ബാക്ടീരിയൽ രോഗമാണെങ്കിൽ ജീവാണുകീടനാശിനികളാണ് കൊടുക്കാറുള്ളത്. വീട്ടാവശ്യത്തിനുള്ള പച്ചക്കറികൾക്ക് ആവശ്യമായ ജൈവകീടനാശികൾക്കും നല്ല തിരക്കാണ്- ' ബയോ ഫാർമസിയുടെ ചുമതലയിലുള്ള സുമി ബിജു .
2013 ലാണ് പാമ്പാക്കുടയിലെ അഗ്രോ വികസന കേന്ദ്രംആരംഭിച്ചത്. ഇതിനകം ഒമ്പതു കോടി രൂപയുടെ ബിസിനസ് ടേൺ ഓവർ സംഘം നേടി. ഒപ്പം രണ്ടു കോടി തൊണ്ണൂറു ലക്ഷം രൂപയുടെ സർവീസ് ചാർജ് വിതരണം ചെയ്യാനായി. സംഘത്തിന്റെ ഫസിലിറ്റേറ്ററും മുൻ അസിസ്റ്റന്റ് കൃഷി ഓഫീസറുമായ വി സി മാത്യു വ്യക്തമാക്കി.' സംസ്ഥാനത്ത് ആദ്യമായി ഒരു കോൺട്രിബ്യൂട്ടറി പെൻഷൻ പദ്ധതി ഞങ്ങൾ നടപ്പാക്കി. എല്ലാ വർഷവും ഞങ്ങൾ വിനോദയാത്ര നടത്തും. അടിയന്തിര ആരോഗ്യകാര്യങ്ങൾക്കായി ഒരു ചെറിയ തുക എപ്പോഴും മാറ്റിവയ്ക്കുന്നുണ്ട്.' - അദ്ദേഹം കൂട്ടിച്ചേർത്തു.
പോളി ഹൗസിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെയാണ് ഡ്യൂട്ടി. 500 രൂപ പ്രതിദിനവേതനം. മറ്റു ജോലിക്കാർക്കും ദിവസം 650 രൂപയെങ്കിലും ഉറപ്പാക്കുന്നു.
'കൃഷിക്കാരുടെ പുരയിടങ്ങളിൽ കൃഷിയിടങ്ങൾ ഒരുക്കിക്കൊടുക്കലാണ് പ്രധാന ഉദ്യമം. ആവശ്യമുള്ള തൈകൾ എത്തിച്ച് പരിപാലിച്ച് വിളവെടുക്കാറാക്കി നൽകും. ഫ്‌ളാറ്റുകളിലും മറ്റും ഇഷ്ടമുള്ള ചെടികൾ അടുക്കളത്തോട്ടത്തിൽ തയ്യാറാക്കി നൽകും. എറണാകുളത്തെ നിരവധി ഫ്‌ളാറ്റുകളിൽ ഇങ്ങനെ പച്ചക്കറികൾ വിളവെടുക്കുന്നുണ്ട്- മാത്യു പറഞ്ഞു.
കഴിഞ്ഞ വർഷം എല്ലാ ചെലവും കഴിച്ച് സംഘത്തിന് ഏഴരലക്ഷം രൂപ വാർഷിക വരുമാനം ഉണ്ടായിരുന്നു. അത് ഉപയോഗിച്ച് ഇക്കൊല്ലം ഒരു നടീൽ യന്ത്രം വാങ്ങി. യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികൾക്ക് സർക്കാർ സഹായിക്കണം. അത് ഇല്ലാത്തത് വലിയ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. അത് ഗ്രീൻ ആർമിയുടെ സങ്കടം.
പാടത്തും പറമ്പിലും അഹോരാത്രം പണിയെടുക്കുന്നവർ. എന്നിട്ടും ഈ തൊഴിലാളികൾക്ക് മതിയായ ഇൻഷുറൻസ് പരിരക്ഷയില്ല. കാർഷിക വൃത്തിയിലേക്ക് ആളെത്തണമെങ്കിൽ സർക്കാരും ത്രിതല പഞ്ചായത്തുകളും കുറേക്കൂടി സഹായമെത്തിക്കണം. ഇപ്പോഴത്തെ സഹായം എവിടേയുമെത്തുന്നില്ല. കൃഷി ഓഫീസർമാരൊക്കെ സദാ കർമ്മരംഗത്തുണ്ട്. അതിനുമപ്പുറം കാർഷിക നയങ്ങൾ കുറേക്കൂടി സൗഹാർദ്ദപരമാവണം. എല്ലാവരും ഒരേ സ്വരത്തിൽ ആവർത്തിക്കുന്നു.
ഈ കൂട്ടായ്മയുടെ കാർഷിക വിജയം പഠിക്കാൻ ലോകബാങ്ക് സംഘം തന്നെ പാമ്പാക്കുടയിൽ എത്തി. ആസൂത്രണ കമ്മീഷൻ അംഗങ്ങൾ വന്നു. മഹാരാഷ്ട്രാ സർക്കാർ സംഘം പഠിക്കാനെത്തി.
കാലങ്ങളായി തരിശു കിടന്നിരുന്ന ഭൂമി നെൽപ്പാടമാക്കി പാമ്പാക്കുടക്കാർ കൂത്താട്ടുകളം കൃഷിഭവനു കീഴിൽ ഇക്കൊല്ലം ശരിക്കും വിസ്മയം തീർത്തു. പോളിഹൗസുകളിലൂടെ കൂടുതൽ മേഖലകളിലേക്കും എത്തുന്നു. പാമ്പാക്കുട ടീം ശരിക്കും ഗംഭീരമാണ്- കൃഷി ഓഫീസർ അമിതാ തോമസ് ഈ വിജയത്തിൽ ആഹ്ലാദത്തിലാണ്.
അതിനേക്കാൾ ആവേശത്തിൽ യുദ്ധരംഗത്താണ് പച്ചപ്പട്ടാളം. ചെടിച്ചട്ടികളിൽ പോട്ടിങ് മിക്‌സചർ നിറച്ച് കിളിർത്തു വരുന്ന തൈകൾ വീട്ടിലെത്തുകയായി. വാങ്ങി പരിപാലിച്ചാൽ മതി. എറണാകുളത്തിന്റെ അതിർത്തികളും കടന്ന് എത്തുകയാണ് ഇപ്പോൾ ഈ കാർഷിക സേന.
(മാതൃഭൂമി ന്യൂസിൽ സംപ്രേഷണം ചെയ്യുന്ന 'കൃഷി ഭൂമി' യുടെ അവതാരകനാണ് ലേഖകൻ)
Content Highlights: Green Army empowers women farmers, remarkable agricultural success, attracting global attention