നടീൽ മുതൽ വിളവെടുപ്പ് വരെ; അറിയാം ഇഞ്ചിവിള പരിപാലനത്തിലെ കണ്ണായകാര്യങ്ങൾ

ഒരേസമയം വീട്ടുവിളയായും വാണിജ്യവിളയായും അനായാസം വളർത്താവുന്ന സുഗന്ധവിളശ്രേണിയിലെ പ്രമുഖനാണ് ഇഞ്ചി. പച്ച ഇഞ്ചിയും ഇഞ്ചി ഉണക്കിയെടുക്കുന്ന ചുക്കും ഒരുപോലെ പ്രധാനമാണ്. തെങ്ങിൻതോപ്പുകളിൽ ഇതുപോലെ ഇടവിളയായി വളർത്താവുന്ന മറ്റു വിളകൾ താരതമ്യേന കുറവ്. 25 ശതമാനം തണലിലും വളർത്താം. പുതിയ റബ്ബർത്തോട്ടങ്ങളിലും ആദ്യത്തെ മൂന്നുനാല് വർഷക്കാലം ഇടവിളയാക്കാം. ഇവിടെ ഒരുകാര്യം ശ്രദ്ധിക്കണം. ഒരിക്കൽ ഇഞ്ചിനട്ട സ്ഥലത്ത് പിന്നെ കുറഞ്ഞത് രണ്ടുവർഷമെങ്കിലും കഴിഞ്ഞേ വീണ്ടും ഇഞ്ചി നടാൻപാടുള്ളൂ. ചില ഗുരുതരമായ രോഗബാധകൾ ഒഴിവാക്കാൻവേണ്ടിയാണ് ഈ കരുതൽ.
നടാം
നന്നായൊരുക്കിയ കൃഷിയിടത്തിൽ ഏകദേശം മൂന്ന് അടി വീതിയിലും 10 അടി നീളത്തിലും ഒരടി ഉയരത്തിലുമുള്ള തടങ്ങളെടുക്കണം. തടങ്ങൾ തമ്മിൽ ഒന്ന്-ഒന്നര അടി അകലം നൽകുന്നത് പിന്നീടുള്ള കൃഷിപ്പണികൾ എളുപ്പമാക്കും. ഇവിടംമുതലാണ് ഇനി ശ്രദ്ധവേണ്ടത്. ഇഞ്ചിക്കൃഷിക്ക് തലവേദനയായ ചുവടുചീയൽ രോഗത്തിനെതിരേ ജാഗ്രതവേണം. ഇത് വരാതിരിക്കാൻ തടമൊന്നിന് ഏകദേശം 25 ഗ്രാം ബ്ലീച്ചിങ് പൗഡറും 250 ഗ്രാം കുമ്മായവും ചേർക്കണം. ഈ തടത്തിലാണ് ഏകദേശം 25 സെന്റീമീറ്റർ അകലത്തിൽ ചെറുകുഴികളെടുത്ത് അതിൽ ജൈവവളക്കൂട്ട് ചേർക്കാം.
ജൈവവളക്കൂട്ട് ചേരുവകൾ
ഒരു തടത്തിനുവേണ്ട കൂട്ടിന് അഞ്ചുകിലോ ചാണകപ്പൊടി, രണ്ടുകിലോ മണ്ണിരക്കമ്പോസ്റ്റ്, ഒരു കിലോ വേപ്പിൻപിണ്ണാക്ക്, കാൽ കിലോ ചാരം എന്നിവയാണ് വേണ്ടത്. ഈ കൂട്ടാണ് ഓരോ തടത്തിലും അടിവളമായി ചേർക്കേണ്ടത്. നേരത്തേ വിളവെടുത്ത് പ്രതിരോധലായനിയിൽ മുക്കിസൂക്ഷിച്ച വിത്തിഞ്ചി ഇതിലാണ് നടുന്നത്.
ഒന്നോ രണ്ടോ മുകുളങ്ങളുള്ള വിത്തിഞ്ചിയാണ് നടേണ്ടത്. ഒരു തടത്തിലേക്ക് ഏകദേശം 600 ഗ്രാം വിത്തിഞ്ചി ഇത്തരത്തിൽ വേണ്ടിവരും. വിത്തിഞ്ചിക്ഷാമത്തിന് പരിഹാരമായി ഇന്ന് പ്രോ ട്രേ ഇഞ്ചിത്തൈകളും ലഭ്യമാണ്. ഇവയാകട്ടെ ഏകദേശം 45 ദിവസത്തെ നഴ്സറി വളർച്ചയ്ക്കുശേഷം കിട്ടുന്നതാണ്. തടത്തിലെ ചെറുകുഴികളിൽ വിത്തിഞ്ചിയോ പ്രോ ട്രേ തൈയ്യോ വെച്ചശേഷം മണ്ണിട്ടുമൂടി പച്ചിലകൊണ്ട് പുതയിട്ടുകൊടുക്കാം. നട്ടു രണ്ടുമാസം കഴിഞ്ഞ് കളകൾ നീക്കി വളംചേർത്ത് വീണ്ടും പുതയിടാം. നാലാംമാസവും ഇതുതന്നെ തുടരണം.
വിളപ്പൊലിമയുള്ള ഇനങ്ങൾ ഏറെ
ശ്രദ്ധേയമായ ഒട്ടേറെ നാടൻ ഇനങ്ങളും വിളപ്പൊലിമയുള്ള പുതിയ ഇനങ്ങളുമുണ്ട്. കുറുപ്പംപടി, മാരൻ, വയനാട് മാനന്തവാടി, വള്ളുവനാട്, ഏറനാട്, തൊടുപുഴ എന്നിവ പേരെടുത്ത നാടൻ ഇനങ്ങളാണ്. ഇതിനുപുറമേ കേരള കാർഷിക സർവകലാശാല പുറത്തിറക്കിയ ആതിര, കാർത്തിക, അശ്വതി, ചന്ദ്ര, ചിത്ര എന്നിവയും കേന്ദ്ര സുഗന്ധവിള ഗവേഷണകേന്ദ്രത്തിന്റെ ഐഐഎസ്ആർ വരദ, രജത, മഹിമ എന്നിവയുമുണ്ട്. ഇവയെല്ലാം നല്ല വിളവുതരുന്നതും രോഗപ്രതിരോധശേഷിയുള്ളതും സമൃദ്ധമായി സുഗന്ധതൈലവും ഒലിയോറെസിനും അടങ്ങിയതുമാണ്.
വിത്തിഞ്ചി ഒരുക്കൽ പ്രധാനം
മഴയെ ആശ്രയിച്ചും നനച്ചും വീട്ടുവളപ്പിൽ എക്കാലവും വളർത്താം. ശരാശരി ഏഴെട്ടുമാസക്കാലമാണ് വളർച്ചക്കാലം. ഏപ്രിൽ-മേയിൽ നട്ട് ഡിസംബർ ജനുവരി മാസത്തോടെ വിളവെടുക്കുന്നതാണ് പൊതുവായ രീതി. ഇങ്ങിനെ വിളവെടുക്കുന്ന വിത്തിഞ്ചി മൂന്നുനാലുമാസക്കാലം കീടരോഗബാധ ഇല്ലാതെയും മുളക്കരുത്തു നഷ്ടമാകാതെയുംസൂക്ഷിക്കണം. വിത്തിഞ്ചി നനവുപിടിക്കാതെ മണ്ണിനടിയിലോ അറകളിലോ മൺകലങ്ങളിലോ സൂക്ഷിക്കാം.
നന്നായി മൂത്ത വിത്തിഞ്ചി ഉണക്കി സ്യൂഡോമോണസ് ലായനിയിലോ (10 ഗ്രാം ഒരു ലിറ്ററിൻ എന്ന തോതിൽ) പിജിപിആർ മിക്സ് അഞ്ച് ഗ്രാം ഒരു ലിറ്റർ വെള്ളത്തിന് എന്നതോതിലോ തയ്യാറാക്കിയ ലായനിയിൽ അരമണിക്കൂർ മുക്കിവെച്ചിട്ട് തണലത്തുണക്കി സൂക്ഷിക്കുകയാണ് നല്ലത്. സൂക്ഷിക്കുന്ന അറകളിൽ പാണൽ ഇലകൾ ഇട്ടുവെക്കുന്നത് കീടരോഗബാധ കുറയ്ക്കാനും കനം കുറയാതിരിക്കാനും സഹായിക്കും. ഇങ്ങനെ സൂക്ഷിക്കുന്ന വിത്തിഞ്ചി നടുന്നതിനുമുൻപ് ഏകദേശം 20 ഗ്രാം തൂക്കംവരുന്ന ചെറിയ കഷണങ്ങളാക്കി വീണ്ടും ജൈവകുമിൾനാശിനികളായ സ്യൂഡോമോണസിലോ, പിജിപിആർ മിക്സ്2ലോ അരമണിക്കൂർ മുക്കി തണലിലുണക്കി നടണം. ഒരുകിലോ വിത്ത് മുക്കാൻ ഒരു ലിറ്റർ ലായനി വേണം.
സസ്യസംരക്ഷണം
രോഗങ്ങളിൽ ഏറ്റവും ഗുരുതരവും സാമ്പത്തികനഷ്ടം വരുത്തുന്നവയുമാണ് ചുവടുചീയൽ, ബാക്ടീരിയൽ വാട്ടം, മഞ്ഞളിപ്പ്, ഇലകരിച്ചിൽപോലുള്ള രോഗങ്ങൾ. ചുവടുചീയൽ രോഗം കുമിൾരോഗമാണ്. ഇലയുടെ അഗ്രഭാഗത്തുനിന്ന് രൂപപ്പെടുന്ന ഇളംമഞ്ഞ നിറം ഇലയരികിലൂടെ താഴേക്ക് വ്യാപിച്ചു പോളയിലെത്തി ഇലകളെ ഉണക്കുന്നു. ക്രമേണ അവ അഴുകി തണ്ടിലേക്കും വ്യാപിച്ച് ചെടികളെ പാടേ നശിപ്പിക്കും.
വിത്തിലൂടെ പകരുന്ന രോഗമാകയാൽ രോഗമില്ലാത്ത സ്ഥലത്തുനിന്നുമാത്രം വിത്തിഞ്ചിയെടുക്കാൻ ശ്രദ്ധിക്കണം. തടങ്ങൾ ഉയർത്തിക്കോരി വെള്ളം കെട്ടാത്തവിധമാക്കുക. മാങ്കോസെബ് 0.3 ശതമാനം അല്ലെങ്കിൽ കോപ്പർ ഓക്‌സി ക്ലോറൈഡ് 0.3 ശതമാനം അല്ലെങ്കിൽ കോപ്പർ ഹൈഡ്രോക്സൈഡ് 0.2 ശതമാനം അല്ലെങ്കിൽ മെറ്റലാക്‌സിലും മാങ്കൊസെബ്ബും ചേർന്ന കുമിൾനാശിനി 0.1 ശതമാനം വീര്യത്തിൽ അല്ലെങ്കിൽ ചെഷണ്ട് കോമ്പൗണ്ട് (മൂന്നു ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ) എന്നിവയിലൊന്ന് ചെടിയുടെ ചുവട്ടിൽ ചതുരശ്രമീറ്ററിന് ആറുലിറ്റർ എന്നതോതിൽ ഒഴിച്ചുകൊടുക്കുക.
ജൈവകുമിൾനാശിനികളായ ട്രൈക്കോഡെർമ അല്ലെങ്കിൽ സ്യൂഡോമോണസ് ഫ്ലൂറസെൻസ് 50 ഗ്രാം മൂന്നു ചതുരശ്രമീറ്റിറിന് എന്നതോതിൽ വിത്തിഞ്ചിനടുന്ന സമയത്തും നട്ട് 60, 120 ദിവസങ്ങൾക്കുശേഷവും കൊടുക്കാം. ട്രൈക്കോഡെർമയും വേപ്പിൻപിണ്ണാക്കും ചേർത്ത മിശ്രിതം മണ്ണിൽച്ചേർക്കുന്നതും ഈ രോഗം തടയും. നിമാവിരബാധയും ഒഴിവാക്കും.
ഗുരുതരമായി ഉപദ്രവിക്കുന്ന കീടമാണ് തണ്ടുതുരപ്പൻ. ഈ പുഴു നാമ്പിനുള്ളിൽ തുളച്ചുകയറി നശിപ്പിക്കും. നടുനാമ്പ് മഞ്ഞളിച്ചു വാടിപ്പോകും. വാടിയ നാമ്പ് വലിച്ചാൽ ഊരിപ്പോരും. കേടായ നാമ്പുകൾ നീക്കുക, ബിവേറിയ ബാസിയാന 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുക, കീടബാധ രൂക്ഷമായാൽ ഡൈമെത്തോയേറ്റ് രണ്ട് മില്ലി ഒരു ലിറ്റർ വെള്ളത്തിൽ നേർപ്പിച്ചു തളിക്കുക, അല്ലെങ്കിൽ ക്ലോറാൻട്രാനിലിപ്രോൾ 18.5 എസ്‌സി, മൂന്നു മില്ലി 10 ലിറ്റർ വെള്ളത്തിൽ നേർപ്പിച്ചു തളിക്കുക.
വിളവെടുപ്പ്
നടാൻ ഉപയോഗിച്ച വിത്തിന്റെ ഇനമനുസരിച്ച് ആറ്-എട്ട് മാസംവരെ മുപ്പുകാണും. നന്നായി മൂത്ത ഇഞ്ചിയുടെ ഇലയും തണ്ടും ഉണങ്ങാൻ തുടങ്ങുന്നതോടെ നനയ്ക്കുന്നത് നിർത്തണം. മുഴുവനുണങ്ങി കഴിയുമ്പോൾ തടത്തിൽനിന്നിളക്കി വേരും മണ്ണും നീക്കി ഉപയോഗിക്കാം.
ഇപ്പോൾ ഗ്രോബാഗ് കൃഷിയും
പുതിയ കൃഷിയിടങ്ങളിലാണ് ഇഞ്ചിക്കൃഷി കൂടുതൽ ശോഭിക്കുക എന്നതിനാൽ ഗ്രോബാഗ് കൃഷിക്ക് വലിയപ്രാധാന്യമുണ്ട്. മണ്ണ്, ചാണകപ്പൊടി, ചകിരിച്ചോർ കമ്പോസ്റ്റ് എന്നിവ ചേർത്ത മിശ്രിതമാണ് ഗ്രോബാഗിൽ മുക്കാൽഭാഗംവരെ നിറയ്ക്കേണ്ടത്. ബാഗിന്റെ ഏറ്റവും അടിയിലായി കരിയില ഇട്ടുകൊടുക്കണം. ഇതിൽ വിത്തിഞ്ചിയോ പ്രോ ട്രേ തൈയ്യോ നടാം. ഒരടി വ്യാസമുള്ള ഒരു ബാഗിൽ രണ്ടുതൈവീതം നടാം. നട്ടശേഷം പച്ചിലകൊണ്ട് പുതയിടാം. നട്ട് ആറുമാസംമതി പച്ചഇഞ്ചിക്ക് വിളവെടുക്കാം. ചുക്കിഞ്ചിക്ക് ഏഴുമുതൽ എട്ടുമാസംവരെ വേണ്ടിവരും. ഒരു ബാഗിൽനിന്ന് അരമുതൽ ഒരു കിലോവരെ പച്ച ഇഞ്ചി കിട്ടുകയും ചെയ്യും. രോഗകീടബാധകളും വ്യാപനവും കുറഞ്ഞിരിക്കുകയും ചെയ്യും.
Content Highlights: Learn essential ginger cultivation tips from planting to harvesting, covering disease management