സിമന്റ് ചാക്കിലെ ഇഞ്ചിക്കൃഷി ഹിറ്റ്; ചെലവ് കുറവ്, ഒരു ബാഗിൽനിന്ന്‌ 10 കിലോ വരെ വിളവ്

ഇഞ്ചി ചെടികൾക്ക് സമീപം  ജിൽസണും മകളും | ഫോട്ടോ: മാതൃഭൂമി
ഇഞ്ചി ചെടികൾക്ക് സമീപം ജിൽസണും മകളും | ഫോട്ടോ: മാതൃഭൂമി

പൂച്ചെടികൾക്കുപകരം വയനാട് കമ്മനയിലെ ഇല്ലിക്കൽ ജിൽസന്റെ വീട്ടുമുറ്റം അലങ്കരിക്കുന്നത് സിമന്റുചാക്കുകളിൽ വളരുന്ന ഇഞ്ചിത്തൈകളാണ്. നിരനിരയായി വെച്ചിരിക്കുന്നത് ഒന്നും രണ്ടുമല്ല ഇരുന്നൂറെണ്ണം. ഇഞ്ചിക്കൃഷി ചെയ്ത്‌ നഷ്ടത്തിലായ ശേഷമാണ് ജിൽസൺ നൂതനകൃഷിരീതി പരീക്ഷിച്ചത്. ഗ്രോ ബാഗിലെ ഇഞ്ചിക്കൃഷിക്ക്‌ ഇതിനകം വലിയ പ്രചാരവും ലഭിക്കുന്നുണ്ട്.

മാനന്തവാടി ടൗണിലെ ഓട്ടോറിക്ഷാ ഡ്രൈവറാണ് ജിൽസൺ. കോവിഡുകാലത്ത് ജീവിതമാർഗം അടഞ്ഞപ്പോൾ ഇഞ്ചിക്കൃഷി ചെയ്യാനുറച്ചു. സ്ഥലം പാട്ടത്തിനെടുത്ത് ചെയ്ത കൃഷിയിൽനിന്ന്‌ മുടക്കുമുതൽ പോലും ലഭിച്ചില്ല. അതിനാലാണ് ഗ്രോബാഗിൽ ഇഞ്ചിക്കൃഷിയെന്ന ആശയത്തിനുപിന്നാലെ കൂടിയത്.

സാധാരണരീതിയിൽ ഇഞ്ചിക്കൃഷി ചെയ്യാൻ ബെഡ് വെട്ടണം, വരിപ്പ് പിടിപ്പിക്കണം. ഇഞ്ചി വളരാൻ തുടങ്ങുമ്പോൾ കള പറിക്കണം. എന്നാൽ നിലവിലുള്ള ഇഞ്ചിക്കൃഷി വളരെ ലളിതമാണ്. ഉപയോഗിച്ചുകഴിഞ്ഞ സിമന്റുചാക്കുകളിൽ മണ്ണും ജൈവവളവും നിറച്ചു വിത്തുപാകിയാണ് കൃഷി ചെയ്യുന്നത്. ഒരു ബാഗിൽ രണ്ടു വിത്തുകളാണ് നടുന്നത്.

ഗ്രോബാഗിൽ കൃഷിചെയ്യുന്ന ഇഞ്ചി ആറുമാസംകൊണ്ടു വിളവെടുക്കാൻ സാധിക്കുമെന്നു ജിൽസൺ പറയുന്നു. ഉത്‌പാദനച്ചെലവ് കുറവും വിളവു കൂടുതലുമാണ്. ഒരു ഗ്രോബാഗിൽനിന്ന്‌ അഞ്ചുമുതൽ പത്തുകിലോ വരെ വിളവു ലഭിക്കുമെന്നും ജിൽസൺ പറഞ്ഞു. അഥവാ കേടു സംഭവിച്ചാൽ ബാഗിലെ ചെടിക്ക് മാത്രമെ ബാധിക്കുകയുള്ളൂ. സാധാരണ ഇഞ്ചികൃഷിയാണെങ്കിൽ ആ ബെഡ്ഡിലെ മുഴുവൻ ചെടികൾക്കും രോഗബാധയേൽക്കും. 

വീട്ടുമുറ്റത്ത് തന്നെയായതിനാൽ മുഴുവൻ സമയം പരിചരണം നൽകാനും കഴിയും. ഗുണമേന്മയുള്ള ഇഞ്ചി ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്. ബാഗിനുള്ളിലായതിനാൽ കാലവർഷത്തിലും മറ്റും വളം ഒലിച്ചുപോകില്ല. ഭാര്യ അൻപു വിദേശത്താണ്. ചെറിയ ചെറിയ സഹായവുമായി മകൾ ജുവാന മറിയം ജിൽസണും ജിൻസനൊപ്പമുണ്ട്. വിളവെടുപ്പിനുശേഷം ഇഞ്ചിക്കൃഷി കൂടുതൽ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ജിൽസൺ.

Content Highlights: ginger cultivation in grow bags, Ginger in Grow Bags and Sacks, Growing GINGER in Grow Bags