സൂപ്പർ കംപ്യൂട്ടിങ്ങിനൊപ്പം പശുവളർത്തലും; വ്യത്യസ്തം അനൂപിന്റെ ഡെയറി ഡെയിം

അമേരിക്കയിലേക്ക് കുടുംബസമേതം കുടിയേറാനുള്ള ആഗ്രഹമുപേക്ഷിച്ച് നാട്ടിൽ ഡെയറി ഫാം തുടങ്ങിയ സംരംഭകനാണ് വയനാട് മുട്ടിൽ പഞ്ചായത്തിലെ മടക്കിമല സ്വദേശിയും കംപ്യൂട്ടർ എൻജിനിയറുമായ അനൂപ്. അമേരിക്കയിലെ കാലിഫോർണിയയിലുള്ള കമ്പനിയിൽ സൂപ്പർ കംപ്യൂട്ടിങ്-സെമി കണ്ടക്ടർ വിഭാഗത്തിൽ എൻജിനിയറായ അനൂപിന് അമേരിക്കയിലേക്ക് ചേക്കാറാനുള്ള മോഹങ്ങൾക്ക് തടസ്സമായത് കോവിഡിന്റെ വരവായിരുന്നു.
ഇതേത്തുടർന്ന് ബഹുരാഷ്ട്രകമ്പനിയിലെ സേവനം വർക്ക് ഫ്രം ഹോം രീതിയിലായി. വീട്ടിലിരുന്നുള്ള ജോലിക്കൊപ്പം നാട്ടിൽ ഒരു സംരംഭംകൂടി തുടങ്ങണമെന്ന ആലോചനയിൽനിന്നാണ് ഡെയറി ഫാം രൂപപ്പെടുന്നത്. പശുവളർത്തലിൽ വലിയ അറിവൊന്നും അനൂപിനുണ്ടായിരുന്നില്ല. അതിനാൽ കുറെക്കാലം പശുവളർത്തലിനെക്കുറിച്ച് പഠിക്കാൻ മാറ്റിവെച്ചു. പഠനത്തിനൊപ്പം സംരംഭം വിപുലപ്പെടുത്തി. ഇന്ന് കിടാക്കളും കിടാരികളും പശുക്കളുമെല്ലാമായി എഴുപതോളം ഉരുക്കൾ കുമ്പലാട് ഡെയറി ഫാമിലുണ്ട്. പ്രതിദിനം 600 ലിറ്ററോളമാണ് പാലുത്‌പാദനം. പശുവളർത്തൽ വിജയിക്കണമെങ്കിൽ പാലിനൊപ്പം മൂല്യവർധിത പാലുത്‌പന്നങ്ങളും വേണമെന്ന് മനസ്സിലായതോടെ ഡെയറി പ്ലാൻറുകൂടി ഒരുക്കി. ഫാം ഫ്രഷ് നറുംപാൽ മുതൽ നറുംനെയ്യ് വരെ വിവിധങ്ങളായിട്ടുള്ള പാലുത്‌പന്നങ്ങളാണ് ഡെയറി ഡെയിം എന്ന ബ്രാൻഡിൽ വിപണിയിലെത്തുന്നത്.
ടെക്നോളജിയുടെ മികവിൽ പാലുത്‌പാദനം
പ്രൊഫഷൻ എൻജിനിയറിങ്ങായതിനാൽ ഫാമിലും സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തി. കാലിത്തീറ്റയൊരുക്കാൻ ചെറിയൊരു ഫീഡ് മില്ലും ഫീഡ് പ്ലാന്റുമുണ്ട്. ചോളം, ഡിഡിജിഎസ് (ഡിസ്റ്റിലേർസ് ഡ്രൈഡ് ഗ്രൈൻ വിത്ത് സോളിബിൾസ്) ധാന്യങ്ങൾ, കടലപ്പിണ്ണാക്ക്, തവിടുകൾ, ബൈപ്പാസ് പ്രോട്ടീൻ, ബഫറുകൾ, ടോക്സിക് ബൈൻഡർ, മിനറൽ മിക്സ്ചർ തുടങ്ങി 12-ഓളം ഘടകങ്ങൾചേർത്ത് തീറ്റക്കൂട്ടൊരുക്കിയാണ് കാലിത്തീറ്റ തയ്യാറാക്കുന്നത്. പ്രോട്ടീൻ, ഊർജം തുടങ്ങിയവ മതിയായ അളവിൽ ഉറപ്പാക്കി പ്രത്യേകം ഫീഡ് ഫോർമുലേഷൻ തയ്യാറാക്കിയാണ് ശാസ്ത്രീയരീതിയിൽ തീറ്റയൊരുക്കുന്നത്. സ്വന്തമായി കാലിത്തീറ്റ തയ്യാറാക്കുമ്പോൾ ചെലവ് കൂടുതലാണെങ്കിലും മതിയായ ഗുണനിലവാരം ഉറപ്പാക്കാൻ കഴിയുമെന്ന് അനൂപ് പറയുന്നു.
എട്ടേക്കറിൽ തീറ്റപ്പുൽ കൃഷി
കാലിത്തീറ്റയെക്കാൾ പ്രധാനമാണ് തീറ്റപ്പുല്ല്. നൽകുന്ന പുല്ലിന്റെ അളവും ഗുണവും കൂടുംതോറും ആരോഗ്യവും മെച്ചപ്പെടും. എട്ടേക്കർ സ്ഥലത്താണ് സൂപ്പർ നേപ്പിയർ പുൽക്കൃഷി. സമൃദ്ധമായി വളരുന്നതിനാൽ ദിവസവും 40 കിലോയോളം തീറ്റപ്പുല്ല് പശുക്കൾക്ക് നൽകാൻകഴിയുന്നുണ്ട്. ചാഫ് കട്ടറിലിട്ട് അരിഞ്ഞാണ് തീറ്റപ്പുല്ല് നൽകുക. കാലിത്തീറ്റയും പുല്ലും വെവ്വേറെ നൽകാതെ ഒരുമിച്ചുനൽകുന്നതാണ് ഫാമിലെ രീതി. പശുക്കളുടെ തീറ്റത്തൊട്ടിയിൽ ആദ്യം അരിഞ്ഞ പുല്ലിട്ട് അതിനുമുകളിൽ കാലിത്തീറ്റവിതറി വീണ്ടും ഒരു നിരകൂടി പുല്ലിട്ടുനൽകും. ടോട്ടൽ മിക്സഡ് റേഷൻ അഥവാ ടിഎംആർ എന്ന് വിളിക്കുന്ന കാലിവളർത്തലിലെ പുതിയ തീറ്റ ടെക്നോളജിയുടെ ഒരു രൂപംതന്നെയാണിത്.
വേനൽക്കാലത്ത് നല്ല വെയിൽകിട്ടി, ഒപ്പം മികച്ച നനയും നൽകുമ്പോൾ തീറ്റപ്പുൽക്കൃഷി ഉത്‌പാദനം വർധിക്കും. കൂടുതൽ വിളവെടുക്കുമ്പോൾ അധികപുല്ലിനെ സൈലേജ് ആക്കാനുള്ള സൈലേജ് മേക്കിങ് മെഷീനും ഇവിടെയുണ്ട്.
സെൻസറുകൾ
തൊഴുത്തിനുള്ളിലെ കാലാവസ്ഥ ചൂടും ഈർപ്പവും ഒരുപരിധിയിലധികം ഉയർന്നാൽ സെൻസറുകൾ അത് കൃത്യമായി തിരിച്ചറിഞ്ഞ് തൊഴുത്തിനുള്ളിൽ ഘടിപ്പിച്ച തുള്ളിനനസംവിധാനങ്ങളും ഫാനുകളും പ്രവർത്തിച്ചുതുടങ്ങും.
മിൽക്കിങ് ക്ലൗഡ്
ഫാമിലെ കാര്യങ്ങൾ എഴുതിസൂക്ഷിക്കാൻ രജിസ്റ്ററുകൾ പഴങ്കഥയാണെന്ന് ഫാമിലെത്തുമ്പോൾ തോന്നും. ഇവിടെ കാര്യങ്ങളെല്ലാം രേഖപ്പെടുത്തുന്നത് മിൽക്കിങ് ക്ലൗഡ് എന്ന പ്രത്യേക സോഫ്റ്റ്‌വേറിലാണ്. തീറ്റമുതൽ പാലുത്‌പാദനംവരെ എല്ലാം രേഖപ്പെടുത്താം. ഗർഭധാരണം നടത്തേണ്ട സമയം, ഗർഭം പരിശോധിക്കേണ്ട സമയം, പ്രസവം തുടങ്ങിയവയെല്ലാം കൃത്യമായി ഇടവേളകളിൽ നോട്ടിഫിക്കേഷനുകളും അലേർട്ടുകളും ഉൾപ്പെടെ നൽകി മിൽക്കിങ് ക്ലൗഡ് ഓർമ്മിപ്പിക്കും. ഇതും അമേരിക്കൻ നിർമിതമാണ്.
ഫാമിൽ വളർത്തിയെടുക്കുന്ന കിടാക്കൾ
കേരള ലൈവ് സ്റ്റോക്ക് ഡിവലപ്മെൻറ് ബോർഡ് ലഭ്യമാക്കുന്ന പശുക്കൾക്ക് പെൺകിടാക്കൾമാത്രം പിറക്കുന്നത് ഉറപ്പാക്കുന്ന സെക്സ് സോർട്ടഡ് സെമൻ ടെക്നോളജി ബീജമാത്രകൾ ഉപയോഗിച്ചാണ് ഫാമിലെ പശുക്കൾക്ക് കൃത്രിമബീജാധാനം നടത്തുന്നത്. ഫാമിൽ പിറക്കുന്ന പൈക്കിടാക്കളെ മികച്ച പരിചരണം നൽകി വളർത്തിവലുതാക്കി തലമുറകളിലൂടെ മികച്ച കറവപ്പശുക്കളെ ഉണ്ടാക്കുന്ന രീതിയാണ് സ്വീകരിക്കുന്നത്. പിറക്കുന്ന കിടാക്കൾക്ക് 40 കിലോയിലധികം ശരീരതൂക്കം ഉണ്ടാകും. ആദ്യമാസം കിടാക്കൾക്ക് ദിവസം ആറുലിറ്റർവരെ പാൽ നൽകും. പിന്നീട് നൽകുന്ന പാലിന്റെ അളവ് കുറയ്ക്കും.
ജനിച്ച നാലാംദിവസംമുതൽ കിടാക്കൾക്ക് പ്രോട്ടീൻ സമൃദ്ധമായ കാഫ് സ്റ്റാർട്ടർ തീറ്റ നൽകും. ഓരോ കിടാവിനും പ്രത്യേകം കൂടുകൾ ഒരുക്കും. മികച്ച പരിചരണവും തീറ്റയും നൽകി വളർത്തുന്ന കിടാക്കൾ 14 മാസം പ്രായമെത്തുമ്പോൾ ആദ്യമദിയുടെ ലക്ഷണങ്ങൾ കാണിക്കും.
സ്വന്തം വളർത്തിയെടുക്കുന്ന കിടാക്കൾ പശുക്കളായിമാറുമ്പോൾ ആദ്യകറവയിൽത്തന്നെ 25 ലിറ്റർവരെ പരമാവധി പാലുത്‌പാദനത്തിൽ എത്താൻകഴിയാറുണ്ടെന്ന് അനൂപ് പറയുന്നു. ശ്രദ്ധയോടെ പരിപാലിച്ചു വളർത്തുമ്പോൾ തുടർപ്രസവങ്ങളിൽ അവയുടെ ഉത്പാദനക്ഷമത 30 ലിറ്ററിലും അധികമാണ്. മാത്രമല്ല, സ്വന്തം ഫാമിൽ വളർന്നുവലുതായ പശുക്കളായതിനാൽ രോഗങ്ങളും പൊതുവേ കുറവാണ്.
മൂല്യംകൂട്ടി ലാഭം നേടാം
പാൽ തൊണ്ണൂറുശതമാനവും വിവിധ മൂല്യവർധിത ഉത്‌പന്നങ്ങൾ നിർമിക്കുന്നതിനായി മാറ്റിവെക്കും. ബാക്കി പ്രാദേശിക ക്ഷീരസംഘത്തിൽ നൽകും. തൈര്, സംഭാരം, ലസി, ബട്ടർ, പേഡ, പനീർ, നെയ്യ് തുടങ്ങി 12-ഓളം ഉത്‌പന്നങ്ങൾ ഡെയറി ഡെയിം എന്ന ബ്രാൻഡിൽ വിപണിയിലെത്തിക്കുന്നു.
വിപണിയിൽ പിടിച്ചുനിൽക്കാൻ ഉത്‌പന്നങ്ങൾക്ക് വൈവിധ്യം വേണം. മഹാരാഷ്ട്രയിലെ രത്നഗിരിയിൽനിന്ന് അൽഫോൻസാ മാമ്പഴത്തിന്റെ പൾപ്പ് എത്തിച്ച് അതുചേർത്ത് പ്രത്യേകം രുചിയിലാണ് മിൽക്ക്-മംഗോ ലസിയൊരുക്കുന്നത്. വയനാടാണ് പ്രധാനവിപണി. നെയ്യ്‌മാത്രം ഓൺലൈൻവഴി ഇന്ത്യയിലാകെ വിൽക്കുന്നു. ജില്ലയിൽത്തന്നെ രണ്ട് ഔട്ട്‌ലെറ്റുകളുണ്ട്. പിഎംഇജിപി പദ്ധതിയിൽ ലഭിച്ച സാമ്പത്തികസഹായത്തോടെയാണ് പ്ലാൻറ് തുടങ്ങിയത്.
പ്ലാന്റിന്റെ ചുമതലയും ഉത്‌പന്നനിർമാണത്തിന്റെ മേൽനോട്ടവും എൻജിനിയറിങ് ബിരുദധാരിയായ അനൂപിന്റെ ഭാര്യ ആതിരയ്ക്കാണ്. 100 കറവപ്പശുക്കളുടെ ഫാം ഒരുക്കുകയാണ് ഇനിയുള്ള ലക്ഷ്യം. ഫാമിൻറെ പ്രവർത്തനങ്ങൾക്കൊപ്പം വർക്ക് ഫ്രം ഹോം രീതിയിൽ അമേരിക്കൻ കമ്പനിയിലെ ജോലി അനൂപ് ഇപ്പോഴും തുടരുന്നുണ്ട്. മൂന്നോ നാലോ മാസം കൂടുമ്പോൾ അമേരിക്കയിൽ പോയിവരുന്നതാണ് രീതി. ആ യാത്രകളിൽ കുറച്ചുസമയം അവിടത്തെ വൻകിട ഡെയറി ഫാമുകൾ സന്ദർശിച്ച് പുതിയകാര്യങ്ങൾ പഠിക്കാനായി നീക്കിവെക്കും.
വിവരങ്ങൾക്ക്: 9884848909
Content Highlights: Anoop, a software engineer, establish a tech-driven dairy farm in Wayanad