നായ വളര്‍ത്തുന്നവരുടെ പേടിസ്വപ്നം: ഈ മഴക്കാലത്ത് പാര്‍വോ വൈറസ് രോഗത്തെ അറിയാം

പാര്‍വോ ( വൈറല്‍ ഹെമറേജിക് എന്ററൈറ്റിസ്) എന്ന രോഗം നായപ്രേമികള്‍ക്ക് ഏറെ പരിചിതവും ആശങ്കയുളവാക്കുന്നതുമാണ്. കനൈന്‍ പാര്‍വോ വൈറസുകളാണ് നായ്ക്കളുടെ മുഖ്യശത്രുവായ ഈ സാംക്രമികരോഗത്തിന്റെ കാരണം. ചൂടിനെയും, തണുപ്പിനെയും, അണുനാശിനികളെയുമെല്ലാം അതിജീവിച്ച് ദീര്‍ഘകാലം മണ്ണില്‍ കഴിയാന്‍ ശേഷിയുള്ളവരാണ് ഇവര്‍. വേനലില്‍ നിന്ന് മഴയുടെ കുളിര്‍മയിലേക്ക് മാറുന്ന ഈ സമയം പാര്‍വോ രോഗബാധയ്‌ക്കെതിരെ കരുതല്‍ വേണം. ഉയരുന്ന അന്തരീക്ഷ ഈര്‍പ്പവും താഴുന്ന താപനിലയും അനുകൂലമാക്കുന്നവരാണ് പാര്‍വോ വൈറസുകള്‍. പക്ഷേ ഒന്നുകൂടി മനസ്സില്‍ വെയ്ക്കുക, ഏതു കാലാവസ്ഥയിലും രോഗം പടര്‍ത്താന്‍ ശേഷിയുള്ളവരാണ് പാര്‍വോ വൈറസുകള്‍.
വൈറസിനെതിരായ ഫലപ്രദമായ മരുന്നുകള്‍ ലഭ്യമല്ലാത്തതും അതിവേഗം പടര്‍ന്നു പിടിക്കാനുള്ള വൈറസിന്റെ ശേഷിയും നമ്മെ നിസഹായരാക്കാം. പാര്‍വോരോഗത്തിനെതിരായ ചികിത്സയും പരിചരണവും സമയമെടുക്കുന്നതും ചെലവേറിയതുമാണ്. അരുമകളുടെ പ്രത്യേകിച്ച് നായ്ക്കുട്ടികളുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായേക്കാവുന്ന പാര്‍വോവൈറസിനെതിരെയുള്ള പ്രതിരോധം ഏറെ പ്രധാനമാണ്.
ആറാഴ്ച മുതല്‍ ആറുമാസംവരെ പ്രായമുള്ള നായ്ക്കുട്ടികളെയാണ് പാര്‍വോ പ്രധാനമായും പിടികൂടുന്നത്. പ്രതിരോധശേഷി കുറയുന്ന സാഹചര്യങ്ങളില്‍ ഏതു പ്രായത്തിലുമുള്ള നായ്ക്കള്‍ക്കും രോഗബാധയുണ്ടാകാം. റോട്ട്വീലര്‍, ലാബ്രഡോര്‍, ഡോബര്‍മാന്‍, ജര്‍മന്‍ ഷെപ്പേര്‍ഡ് തുടങ്ങിയ ബ്രീഡുകള്‍ക്ക് രോഗസാധ്യത കൂടുതലാണ്.
പാര്‍വോരോഗം ബാധിച്ച് ഏതാനും ദിവസങ്ങള്‍ക്കകം നായ്ക്കളുടെ കാഷ്ഠത്തിലൂടെ വൈറസുകളെ നിര്‍ല്ലോഭം പുറന്തള്ളിത്തുടങ്ങുന്നു. പാര്‍വോവൈറസുകള്‍ക്ക് മോശം സാഹചര്യങ്ങളെയും അതിജീവിച്ച് ദീര്‍ഘനാള്‍ ചുറ്റുവട്ടങ്ങളില്‍ നിലനില്‍ക്കാനുള്ള കഴിവുണ്ടെന്ന് ആദ്യമേ പറഞ്ഞിരുന്നുവല്ലോ. രോഗമുള്ള നായ്ക്കളുമായോ, കാഷ്ഠത്തിലൂടെ പുറത്തെത്തുന്ന രോഗാണുക്കളാല്‍ നിലനില്‍ക്കുന്ന പരിസരങ്ങളുമായോ നേരിട്ടോ അല്ലാതേയോയുള്ള സമ്പര്‍ക്കത്തിലൂടെ അതിവേഗം മറ്റു നായ്ക്കളിലേക്ക് രോഗം പകരും.
രോഗമുള്ള നായ്ക്കള്‍, കാഷ്ഠം എന്നിവയുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവര്‍, അവരുടെ വസ്ത്രങ്ങള്‍, പാദരക്ഷകള്‍, വാഹനങ്ങള്‍ തുടങ്ങി ഏതു വസ്തുവിലൂടെയും രോഗാണു മറ്റുള്ളവയിലെത്താം. രോഗാണുക്കളാല്‍ മലിനമാകാന്‍ സാധ്യതയുള്ള നായ്ക്കളുമായി ബന്ധപ്പെട്ട നിരവധി വസ്തുക്കളുണ്ട്. തീറ്റ, വെളളം, കളിപ്പാട്ടങ്ങള്‍, ചെയിന്‍, ബെല്‍റ്റുകള്‍, ലീഷുകള്‍, കോളറുകള്‍, തീറ്റപ്പാത്രങ്ങള്‍, ഗ്രൂമിങ്ങ് ബ്രഷുകള്‍ എന്നിവക്കൊക്കെ രോഗാണുവിനെ വഹിക്കുന്നവയാകും.
നിലത്തു കിടക്കുന്നതെന്തും കടിച്ചും, തിന്നും, മണത്തും നോക്കുന്ന നായ്ക്കളുടെ സ്വഭാവം രോഗപ്പകര്‍ച്ച എളുപ്പമാക്കുന്നു. കാഷ്ഠത്തിലും മറ്റും വന്നിരിക്കുന്ന ഈച്ചകളും രോഗം പരത്തുന്നതില്‍ പങ്ക് വഹിക്കുന്നു.. രോഗം പേറുന്ന തെരുവുനായ്ക്കളുമായുള്ള സമ്പര്‍ക്കമുണ്ടാകുന്നതും രോഗാണുസംക്രമണത്തിന് വഴിയൊരുക്കും.
വൈറസ് ബാധയുടെ ലക്ഷണങ്ങള്‍
വൈറസ് ബാധയുണ്ടായി ശരാശരി ഒരാഴ്ച കഴിഞ്ഞാല്‍ രോഗലക്ഷണങ്ങള്‍ പ്രകടമായിത്തുടങ്ങും. പനി, ക്ഷീണം, വിശപ്പില്ലായ്മ, ശരീരതളര്‍ച്ച എന്നിവയുണ്ടാകും. വയറുവേദനകാരണം തണുപ്പുള്ള തറയില്‍ കിടക്കാനുള്ള താത്പര്യം കാണിക്കും. കുടല്‍ഭിത്തിയിലെ കോശങ്ങളെ നശിപ്പിച്ചാണ് വൈറസുകള്‍ പെരുകുന്നത്. തന്മൂലം ദഹനേന്ദ്രിയവ്യൂഹത്തില്‍ രക്തസ്രാവമുണ്ടാകും. ഛര്‍ദ്ദിയും വയറിളക്കവും ഒഴിഞ്ഞ സമയമുണ്ടാവില്ല. മലത്തിന് രക്തം കലര്‍ന്നതിനാല്‍ കറുത്ത നിറവും ദുര്‍ഗന്ധവുമുണ്ടാകും.. തീരെ ചെറിയ നായ്ക്കുട്ടികളില്‍ പാര്‍വോ രോഗാണു തുടക്കത്തില്‍ തന്നെ ഹൃദയകോശങ്ങളെ ബാധിക്കുന്നതിനാല്‍ രോഗലക്ഷണങ്ങള്‍ പോലും കാണുന്നതിനു മുമ്പേ മരണം സംഭവിക്കാമെന്ന അപകടവുമുണ്ട്.
പരിചരണം
രോഗംബാധിച്ചവയെ മാറ്റിപാര്‍പ്പിച്ച് പരിചരിക്കണം. ചികിത്സയുടെ ഫലപ്രാപ്തി നായ്ക്കളുടെ പ്രായം, ആരോഗ്യം, പ്രതിരോധശേഷി എന്നിവയെ ആശ്രയിച്ചിരിക്കും. പാര്‍വോ വൈറസിനെതിരെ മരുന്നുകള്‍ ലഭ്യമല്ല. രോഗലക്ഷണങ്ങള്‍ മിതപ്പെടുത്താനും, പാര്‍ശ്വാരോഗാണുബാധകള്‍ തടയാനുമാണ് ചികിത്സ ലക്ഷ്യം വെയ്ക്കുന്നത്.
ഛര്‍ദ്ദിയും, വയറിളക്കവും കുടലിലെ രക്തസ്രാവവും തുടര്‍ച്ചയായി നിലനില്‍ക്കുന്നത് നിര്‍ജ്ജലീകരണത്തിനും ശരീരത്തില്‍നിന്ന് ഗ്ലൂക്കോസ്, പ്രോട്ടീന്‍, ഇലക്ട്രോലൈറ്റുകള്‍ എന്നിവയുടെ നഷ്ടത്തിനും കാരണമാവും. കൃത്യമായ ഇടവേളകളില്‍ ഫ്ളൂയിഡുകള്‍ നല്‍കുന്നത് പ്രധാനമാണ്. പാര്‍ശ്വാരോഗാണുബാധ തടയാനായി ആന്റിബയോട്ടിക് കുത്തിവെയ്പ്പുകള്‍, ദഹനവ്യൂഹത്തെ സംരക്ഷിക്കുന്നതിനും, ഛര്‍ദ്ദിയും വയറിളക്കവും തടയുന്നതിനുള്ള മരുന്നുകളും ഒരാഴ്ചയോളം വേണ്ടിവരും. ഭക്ഷണക്രമത്തിലും ശ്രദ്ധ നല്‍കണം. കട്ടിയായ ഭക്ഷണം പൂര്‍ണ്ണമായും ഒഴിവാക്കണം. തണുപ്പിച്ച പാല്‍, കരിക്കിന്‍,വെള്ളം, ഒ.ആര്‍.എസ്. / ഇലക്ട്രോലൈറ്റ്‌ലായനി എന്നിവ ചെറിയ അളവില്‍ നല്‍കാം.
രോഗാരംഭത്തില്‍ ചികിത്സ നല്‍കിയില്ലെങ്കില്‍ നിര്‍ജ്ജലീകരണവും, പാര്‍ശ്വരോഗാണുബാധകളും, ആമാശയ രക്തസ്രാവവും കാരണം നായ 2-3 ദിവസത്തിനകം മരണപ്പെട്ടേക്കാം. രോഗാരംഭത്തില്‍ വിദഗ്ദ ചികിത്സ ഉറപ്പുവരുത്തിയാല്‍ നായ മിക്കവാറും രക്ഷപ്പെടും.
രോഗത്തെ തുടര്‍ന്ന് പ്രതിരോധശേഷി കുറയുന്നതിനാല്‍ രോഗബാധയില്‍ നിന്ന് രക്ഷപ്പെട്ട നായ്ക്കള്‍ക്ക് ഒരു മാസത്തോളം പ്രത്യേക ശ്രദ്ധയും പരിചരണവും നല്‍കണം. ഘട്ടംഘട്ടമായി മാത്രമേ ഖരാഹാരങ്ങള്‍ തീറ്റയില്‍ ഉള്‍പ്പെടുത്താന്‍ പാടുള്ളൂ. പ്രതിരോധ ശേഷി ഉയര്‍ത്താന്‍ സഹായിക്കുന്ന ലിവര്‍ ടോണിക്കുകള്‍ നല്‍കണം.
പാര്‍വോയില്‍ നിന്ന് രക്ഷപെട്ട നായ്ക്കള്‍ പിന്നീട് രണ്ടാഴ്ചക്കാലം കാഷ്ഠത്തിലൂടെ വൈറസിനെ പുറന്തള്ളാന്‍ സാധ്യതയുള്ളതിനാല്‍ ശ്രദ്ധ വേണം. കൂടും, പരിസരവും, ഉപകരണങ്ങളും, തീറ്റ /വെള്ളപ്പാത്രങ്ങളും ബ്ലീച്ചിങ്ങ് പൗഡര്‍ ലായനി (2-5 ശതമാനം) ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. നായ്ക്കളുള്ള അയല്‍വാസികളോടും, വീട്ടില്‍ സന്ദര്‍ശനത്തിനെത്തുന്നവരോടും രോഗബാധയുടെ വിവരം ധരിപ്പിക്കണം. ചുറ്റുപാടും രോഗബാധയുണ്ടായാല്‍ മൃഗാശുപത്രി സന്ദര്‍ശനത്തിലും ശ്രദ്ധ വേണം. രോഗബാധയെ അതിജീവിച്ച നായ്ക്കള്ളില്‍ നീണ്ടുനില്‍ക്കുന്ന പ്രതിരോധശേഷി രൂപപ്പെടാറുണ്ടെങ്കിലും വീണ്ടുമൊരു രോഗബാധയുണ്ടാകില്ലായെന്ന് ഉറപ്പിക്കാനാവില്ല.
വൈറസ് തടയാനുള്ള മാര്‍ഗ്ഗങ്ങള്‍
പാര്‍വോവൈറസിന് തടയിടാന്‍ കൃത്യമായ പ്രതിരോധകുത്തിവെയ്പ്പ് തന്നെയാണ് പ്രധാനം. പല കമ്പനികളുടെ നിരവധി വാക്സിനുകള്‍ ഇന്നു വിപണിയില്‍ ലഭ്യമാണ്. പാര്‍വോ വൈറസിനൊപ്പം കനൈന്‍ ഡിസ്റ്റംപര്‍, എലിപ്പനി, കരള്‍വീക്കം (ഹെപ്പറ്റൈറ്റിസ്) തുടങ്ങിയ നായരോഗങ്ങളെ കൂടി പ്രതിരോധിക്കുന്ന മള്‍ട്ടി കംപോണന്റ് കുത്തിവെയ്പ്പുകള്‍ എടുക്കാവുന്നതാണ്. തള്ളപ്പട്ടിയില്‍പ്രതിരോധ കുത്തിവെയ്പ്പുകള്‍ കൃത്യമായി എടുത്തിട്ടുണ്ടെങ്കില്‍ മുലപ്പാലിലൂടെ ആറാഴ്ച പ്രായംവരെ ആന്റിബോഡികള്‍ കുഞ്ഞുങ്ങള്‍ക്ക് കിട്ടുന്നതിനാല്‍ രോഗത്തില്‍ നിന്ന് സംരക്ഷണം കിട്ടും. ഇങ്ങനെയുള്ള കുട്ടികള്‍ക്ക് 6-8 ആഴ്ച പ്രായമെത്തുമ്പോള്‍ പാര്‍വോ രോഗമുള്‍പ്പെടെയുള്ള സാംക്രമികരോഗങ്ങള്‍ക്കെതിരായ ആദ്യ കുത്തി വെയ്പ്പ് നല്‍കാം. തുടര്‍ന്ന് 9-12 ആഴ്ച പ്രായത്തില്‍ ബൂസ്റ്റര്‍ കുത്തിവെയ്പ്പും നല്‍കാം.
12-16 ആഴ്ച പ്രായമെത്തുമ്പോള്‍ മള്‍ട്ടി കംപോണന്റ് വാക്സിനിന്റെ ഒരു കുത്തിവെയ്പ്പുകൂടി നല്‍കുന്നത് ഉത്തമം. പിന്നെയുള്ള ബൂസ്റ്റര്‍ കുത്തിവയ്പ് ഒരു വര്‍ഷത്തിന് ശേഷമാണ് വേണ്ടത്.കുത്തിവെയ്പുകള്‍ കഴിഞ്ഞു മാത്രമേ നായ്ക്കുഞ്ഞുങ്ങളെ നായ്ക്കള്‍ വരുന്ന പൊതുസ്ഥലങ്ങളില്‍ വിടാന്‍ പാടുള്ളൂ. ട്രെയിനിങ്ങ് സ്‌കൂളുകള്‍, ഹോസ്റ്റലുകള്‍, മൃഗാശുപത്രികള്‍ എന്നിവ രോഗത്തിന്റെ സ്രോതസ്സാകാം.
പൂച്ചകളില്‍ വരുന്ന പാര്‍വോ രോഗത്തിന്റെ പേര് ഫെലൈന്‍ പാന്‍ലൂക്കോപീനിയ എന്നാണ്. നായ്ക്കളെ ബാധിക്കുന്ന അതേ വൈറസല്ല പൂച്ചകളില്‍ രോഗമുണ്ടാക്കുന്നത്. പൂച്ചകള്‍ക്കും വാക്‌സീന്‍ ലഭ്യമാണ്. പാര്‍വോരോഗം മനുഷ്യരിലേക്ക് പകരുന്നതുമല്ലായെന്നതും ഓര്‍ക്കുക.
Content Highlights: Dog Breeder's Nightmare: more about Parvo Virus Disease