രോഗകീടബാധ: രാസവിഷങ്ങള് വേണ്ടാ, ജൈവമാര്ഗത്തിലാകാം

പച്ചക്കറിക്കൃഷിയിലെ രോഗകീടബാധ എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ്. കാലാവസ്ഥാമാറ്റം, കീടങ്ങള്ക്കുള്ള പ്രതിരോധശേഷി, വളപ്രയോഗ രീതികള്, ചെടിയുടെ ചുറ്റുപാടുകള് എന്നിവയെല്ലാം രോഗകീടബാധയെ സ്വാധീനിക്കുന്നു. പ്രകൃതിക്ക് ദോഷംവരുത്താത്ത, മിത്രകീടങ്ങളെ നശിപ്പിക്കാത്ത, ജൈവകീടരോഗ നിയന്ത്രണ മാര്ഗങ്ങള് സ്വീകരിക്കുന്നതു വഴി രാസവിഷങ്ങള് കൂടാതെതന്നെ ഇവയെ നിയന്ത്രിക്കാം.
മണ്ണു താപീകരണം
ജൈവരോഗ നിയന്ത്രണം മണ്ണില് നിന്നാണ് തുടങ്ങേണ്ടത്. മണ്ണ് ശുദ്ധമാണെങ്കില് വിളയും ശുദ്ധമായിരിക്കും. മണ്ണിനെ അണുവിമുക്തമാക്കാന് ഏറ്റവും പ്രയോജനപ്രദവും ലാഭകരവുമായ മാര്ഗമാണ് മണ്ണുതാപീകരണം. നടാന് ഉദ്ദേശിക്കുന്ന സ്ഥലം കിളച്ച് കട്ടകള് ഉടച്ച് പൊടിരൂപത്തിലാക്കുക. എന്നിട്ട് തടംപോലെ ആക്കി വെള്ളം തളിച്ച് മണ്ണ് ഈര്പ്പമുള്ളതാക്കുക. അതിന്റെ മുകളില് 150-200 ഗേജ് കട്ടിയുള്ള പോളിത്തീന് ഷീറ്റുകൊണ്ട് ഒരുമാസം മൂടിയിടുക. പോട്ടിങ് മിശ്രിതവും ഇതുപോലെ മൂടിവെക്കാം. ഇങ്ങനെ ചെയ്താല് ചൂട് ക്രമാതീതമായി വര്ധിക്കുന്നതിന്റെ ഫലമായി മണ്ണിലുള്ള രോഗഹേതുക്കളായ അണുക്കളും കളകളും വിത്തുകളും നശിക്കുന്നു.
എളുപ്പത്തില് ഉണ്ടാക്കാവുന്ന കീടനാശിനികള്
- ഗോമൂത്രം-കാന്താരിമുളക് മിശ്രിതം: കാന്താരിമുളക് 50 ഗ്രാം നന്നായി അരച്ച് ഒരു ലിറ്റര് ഗോമൂത്രത്തില് ചേര്ത്ത് ഒന്പതുലിറ്റര് വെള്ളത്തില് നേര്പ്പിച്ച് ചെടികളില് തളിച്ചാല് കീടനിയന്ത്രണം ഉറപ്പുവരുത്താം. കായ്തുരപ്പന്മാര്ക്കെതിരേ ഏറ്റവും ഫലപ്രദം.
- വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം (രണ്ട് ശതമാനം): വെളുത്തുള്ളി 20 ഗ്രാം നന്നായി അരച്ച് 50 മി.ലി. വെള്ളവും ചേര്ത്ത് സത്തെടുക്കുക. ബാര്സോപ്പ് അഞ്ച് ഗ്രാം, 50 മി.ലി. വെള്ളത്തില് ലയിപ്പിക്കുക. വെളുത്തുള്ളി സത്തും 900 മി.ലി. വെള്ളവുംകൂടി സോപ്പ് ലായനിയില് ചേര്ത്ത് വെളുത്തുള്ളി സോപ്പ് ലായനി തയ്യാറാക്കുക. ഈ ലായനിയില് 20 മി.ലി. വേപ്പെണ്ണ ചേര്ത്ത് ഇളക്കി ചെടികളില് തളിക്കുക. മണ്ഡരിക്കും മൃദുകീടങ്ങള്ക്കുമെതിരേ ഉപയോഗിക്കാവുന്നതാണ്.
- വേപ്പെണ്ണ എമല്ഷന് (മൂന്ന് ശതമാനം): ബാര്സോപ്പ് 10 ഗ്രാം ചീകി 100 മി.ലി. ചൂടുവെള്ളത്തില് ലയിപ്പിക്കുക. ഇതില് 900 മി.ലി. വെള്ളംചേര്ത്ത് ഒരു ലിറ്റര് സോപ്പ് ലായനി തയ്യാറാക്കുക. 30 മി.ലി. വേപ്പെണ്ണ സോപ്പ് ലായനിയിലേക്ക് ചേര്ത്ത് നന്നായി ഇളക്കിയശേഷം ചെടികളില് തളിക്കുക. പച്ചത്തുള്ളന്, ഇലതീനിപ്പുഴുക്കള് എന്നിവയ്ക്കെതിരേ ഉപയോഗിക്കാം. വേപ്പധിഷ്ഠിത കീടനാശിനികള് ചെടികളില് തളിക്കുമ്പോള് ഗാഢത കൂടിയാല് ചെടികള് കരിഞ്ഞുപോകാനുള്ള സാധ്യതയുണ്ട്. നിശ്ചിത അളവില് നേര്പ്പിക്കാന് ശ്രദ്ധിക്കേണ്ടതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്
- വിളകള് നടുമ്പോള് കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഇനങ്ങള്മാത്രം ഉപയോഗിച്ചാല് രോഗകീട ആക്രമണം കുറയും
- തോട്ടം വൃത്തിയായി സൂക്ഷിക്കണം
- കൃഷിക്കുമുമ്പ് ചപ്പുചവറുകളും ഉണക്ക ഇലകളുമെല്ലാം തീയിടുക.
- കൃഷിചെയ്യുന്നതിന് 15 ദിവസംമുമ്പ് കുമ്മായം മണ്ണില് ചേര്ത്താല് അമ്ലാംശം കുറയ്ക്കുന്നതിനൊപ്പം രോഗകീട ആക്രമണവും കുറയും
- ആവര്ത്തിച്ചുള്ള കൃഷിയില് ഒരേ ഇനം ഒരേ സ്ഥലത്ത് ഉപയോഗിക്കാതിരിക്കുക.
- മിശ്രവിള കൃഷിരീതി അവലംബിക്കുക
- പ്രാണികളുടെ മുട്ട, സമാധിദശ, പുഴു തുടങ്ങിയവയെ നശിപ്പിക്കുക.
- മൊസൈക്ക് രോഗമോ, വാട്ടരോഗമോ കാണുകയാണെങ്കില് ആ ചെടികളെ വേരോടെ നശിപ്പിക്കുക
- ജൈവകീടനാശിനികളും ജീവാണുക്കളും യഥാസമയം ശരിയായ ചേരുവകള് ചേര്ത്തുണ്ടാക്കി ചെടികളില് തളിച്ചും രോഗകീട നിയന്ത്രണം സാധ്യമാക്കാം.
- കീടാക്രമണം തുടങ്ങുന്നതിന് മുമ്പായിത്തന്നെ ജൈവകീടനാശിനികള് ആഴ്ചയിലൊരു പ്രാവശ്യം എന്ന കണക്കില് തളിക്കാം
Content Highlights: Basic Steps of Organic Farming